ഡല്‍ഹിയില്‍ ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യം

Posted on: January 20, 2020 10:00 am | Last updated: January 20, 2020 at 12:55 pm

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്കും ബി ജെ പിക്കുമെതിരെ കോണ്‍ഗ്രസ് ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയെ കൂട്ട്പിടിച്ച് സഖ്യമായി മത്സരിക്കുന്നു. കിരാരി, പലം, ഉത്തം നഗര്‍, ബുരാരി സീറ്റുകളിലാണ് ആര്‍ ജെ ഡി മത്സരിക്കുന്നത്.

പത്ത് സീറ്റ് ആവശ്യപ്പെട്ട് ആര്‍ ജെ ഡിക്ക് നാല് സീറ്റ് നല്‍കി കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു. നാല് സീറ്റുകളിലായി 40 ഓളം സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഇതില്‍ നിന്നും അന്തിമ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആര്‍ ജെ ഡി നേതാവും രാജ്യസഭാ അംഗവുമായി എം പി മനോജ് പറഞ്ഞു. കോണ്‍ഗ്രസ് ആര്‍ ജെ ഡി സഖ്യം സംസ്ഥാനത്ത് ആം ആദ്മിക്ക് വലിയ വെല്ലിവിളിയായിരിക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര പ്രതികരിച്ചു.

1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തിയ കോണ്‍ഗ്രസ് ആദ്യമായാണ് സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇവിടെ മത്സരിക്കുന്നത്.
കോണ്‍ഗ്രസ് ഒരിക്കലും ആം ആദ്മി പാര്‍ട്ടിയെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടും മറ്റ് സമകാലിക വിഷയങ്ങളിലും ആംആദ്മിയുടെ മൗനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുഭാഷ് ചോപ്ര പറഞ്ഞു. അടുത്തമാസം എട്ടിനാണ് 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.