അജ്ഞാത വൈറസ്; ചൈനയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരിയും

Posted on: January 20, 2020 12:00 am | Last updated: January 20, 2020 at 10:30 am

ബീജിംഗ് | ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ചവരില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഉള്ളതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക പ്രീതി മഹേശ്വരി (45) ആണ് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. വൈറസ് ബാധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രീതി മഹേശ്വരിയുടെ ഭര്‍ത്താവും വ്യവസായിയുമായ അന്‍ഷുമാന്‍ ഖോവലാണ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രീതി മഹേശ്വരി കഴിയുന്നത്.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.