‘രാജ്ഭവനില്‍ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തില്‍?;സര്‍ക്കാറിനോട് വിശദീകരണം തേടി ഗവര്‍ണര്‍

Posted on: January 19, 2020 12:02 pm | Last updated: January 19, 2020 at 7:20 pm

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരേസുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ചട്ടമനുസരിച്ച് ഇത്തരമൊരു നടപടിക്ക് മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തില്‍ പറയുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍നിന്ന് ആരും രാജ്ഭവന് അറിയിപ്പ് നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ഇത് അറിയിക്കാതിരുന്നതെന്നും കത്തിലുണ്ട്. എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം സര്‍ക്കാര്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നായിരുന്നു നിയമന്ത്രി മന്ത്രി എ കെ ബാലന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിശദീകരണം ചോദിച്ചാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയരുന്നു