ആസാദും ഭരണകൂട ആധികളും

രാഷ്ട്രീയത്തിനതീതമായ ഒരു ബഹുജന മുന്നേറ്റമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന, സവര്‍ണരുടെ സാമൂഹികമായ തീണ്ടലുകളെയും വിവേചനങ്ങളെയും തിട്ടൂരങ്ങളെയും തകര്‍ത്തുവരുന്ന സ്വാഭിമാനിയായ ദളിതനെ, അഥവാ ചന്ദ്രശേഖർ ആസാദിനെ കേന്ദ്രം വല്ലാതെ ഭയപ്പെടുന്നുണ്ട്.
Posted on: January 18, 2020 12:04 pm | Last updated: January 18, 2020 at 12:48 pm

വ്യാഴാഴ്ച രാത്രി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരുന്ന ചന്ദ്രശേഖര്‍ ആസാദ് രാവണിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. ഹര്‍ഷാരവത്തോടെ, പുഷ്പവൃഷ്ടി നടത്തിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് വ്യത്യസ്തമായ ഒരാവേശം പകര്‍ന്ന ചന്ദ്രശേഖര്‍ ആസാദിനെ വരവേറ്റത്. ആസാദാകട്ടെ കൈയില്‍ ഭരണഘടനയുടെ ഒരു പതിപ്പുമേന്തി തല ഉയര്‍ത്തിപ്പിടിച്ച് ഗാംഭീര്യ ഭാവം വിടാതെ ആള്‍ക്കൂട്ടത്തില്‍ കാണപ്പെട്ടു. അടുത്തു വരുന്ന ആരോടും അയാള്‍ സൗമ്യമായി സംസാരിക്കുന്നത് കാണാമായിരുന്നു. തൊട്ടുടനെ ഉച്ചഭാഷിണി കൈയിലെടുത്ത് അയാള്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നു. പൗരത്വ ഭേദഗതി നിയമം എന്ന കരിനിയമം പിന്‍വലിക്കാതെ സമരങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ തെമ്മാടിത്തരം അനുവദിക്കില്ലെന്നും അയാള്‍ ആവര്‍ത്തിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തെ ഡല്‍ഹി ജുമാ മസ്ജിദ് ഇമാം അനുകൂലിച്ചതോടെയാണ് ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍ മുസ്‌ലിംകള്‍ക്കൊപ്പം ചേര്‍ന്ന് ധര്‍ണ ആരംഭിക്കുന്നത്. ഡല്‍ഹി ഇമാമിനെ പോലെ മുസ്‌ലിംകള്‍ പരമ്പരാഗതമായി ആദരിച്ചു വരുന്ന ഒരാളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി ജനരോഷം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടിയിരുന്നു. അതാണ് ആസാദിന്റെ വരവോടെ അസ്ഥാനത്തായത്. ഇന്നലെത്തേതുപോലെ ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഇരുപതാം തീയതി, ആസാദ് ഡല്‍ഹി ജുമാ മസ്ജിദിന്റെ പടവുകള്‍ കയറി വന്നത് മുസ്‌ലിംകളെ അപരരാക്കുന്ന നിയമം നടപ്പാക്കാന്‍ എന്റെയും എന്റെ കൂടെയുള്ളവരുടെയും മരണം സംഭവിക്കണമെന്ന പ്രഖ്യാപനത്തോടെയായിരുന്നു.
ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് ആസാദ് ജാഥ നയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ഇമാമിന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് പ്രതിഷേധക്കാരുടെ എണ്ണം കുറക്കുമെന്ന് പോലീസ് ധരിച്ചു. എന്നാല്‍ ജുമാ മസ്ജിദ് ജനനിബിഡമായി. ഭരണഘടനയുടെ പകര്‍പ്പുമായി ആസാദ് ജുമാ മസ്ജിദിന്റെ പടവുകളില്‍ നിലയുറപ്പിക്കുകയായിരുന്നു. വിഭജന കാലത്ത് മൗലാന ആസാദ് തന്റെ വിഖ്യാതമായ ഹിന്ദു- മുസ്‌ലിം മൈത്രി പ്രഭാഷണം നടത്തിയ ചരിത്ര മുഹൂര്‍ത്തം പോലെ ഒന്ന് ആവര്‍ത്തിക്കുന്നതായിരുന്നു കാഴ്ച. രാത്രി വൈകിയും പിരിഞ്ഞുപോകാത്ത ആസാദിനെയും ജനങ്ങളെയും സര്‍ക്കാര്‍ എന്തെന്നില്ലാതെ പേടിച്ചു. അങ്ങനെ ആസാദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായി. ആസാദ് പക്ഷേ പോലീസിന്റെ കണ്ണുവെട്ടിച്ചു ജുമാ മസ്ജിദില്‍ നിന്ന് മറ്റെങ്ങോ പോയി വീണ്ടും തിരിച്ചെത്തി. ഒടുവില്‍ എന്തിനും തയ്യാറായ ഡല്‍ഹി പോലീസിന്റെ ക്രൂര മുഖം ഓര്‍ത്തിട്ടാകണം, ജുമാ മസ്ജിദിന്റെ പവിത്രത പരിഗണിച്ച് അയാള്‍ അറസ്റ്റ് വരിച്ചു. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ജുമാ മസ്ജിദിന്റെ അടുത്തുള്ള ദരിയാഗഞ്ചിലും കൂടാതെ സീലംപൂരിലും ജാമിഅയിലുമെല്ലാം ഡല്‍ഹി പോലീസ് നടത്തിയ കിരാത വാഴ്ചയുടെ ആഴം തിരിച്ചറിഞ്ഞ ഒരു നേതാവ്, തന്നെ വിശ്വസിച്ചെത്തിയ ജനങ്ങളെ കുറിച്ചാലോചിക്കാതിരിക്കുന്നത് എങ്ങനെയാണ്? അതുകൊണ്ടായിരുന്നു രാത്രി വൈകി ആസാദ് അറസ്റ്റ് വരിക്കാന്‍ തീരുമാനിക്കുന്നത്.

ഇത്തരം സമരങ്ങളില്‍ പങ്കെടുത്ത് അറസ്റ്റിലായ മറ്റു നേതാക്കന്മാരെ പോലെ ആസാദും മോചിതനാകും എന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ആസാദ് അറസ്റ്റിലാകുന്നതിന്റെ തലേന്ന് വരെ സീതാറാം യെച്ചൂരി, ഡി രാജ, കെ സി വേണുഗോപാല്‍, രാമചന്ദ്ര ഗുഹ, യോഗേന്ദ്ര യാദവ് എന്നിങ്ങനെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ അനവധി ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും മണിക്കൂറുകള്‍ക്കകം മോചിതരാകുകയും ചെയ്തിരുന്നു. സമാധാനപരമായി സമരം ചെയ്യുന്നവരെയും പ്രതിഷേധിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്നത് തന്നെ മൗലികാവകാശ ലംഘനമാണെന്നിരിക്കെ അനിവാര്യമായിരുന്ന ചികിത്സ വരെ നിഷേധിച്ച് തടങ്കലില്‍ അടക്കപ്പെടുകയെന്നത് രാജ്യത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിന് തീരാകളങ്കമാണ്. താത്കാലിക അടിയന്തരാവസ്ഥ എന്ന് പറയപ്പെടുന്ന 144 അടക്കമുള്ള വകുപ്പുകള്‍ പോലീസ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടപ്പാക്കുന്നത്. പോരാത്തതിന് ഓരോ സമര സ്ഥലങ്ങളിലും പ്രാദേശിക സംഘ്പരിവാര്‍ നേതാക്കളുടെ വാക്കിന്‍ പുറത്താണ് ഇത്തരം പോലീസ് രാജ് നടപടികളുണ്ടാകുന്നത്.

ALSO READ  പൗരത്വ നിയമ ഭേദഗതി: ക്രിസ്ത്യൻ സഭകളും പ്രതിഷേധം കടുപ്പിക്കുന്നു

ആസാദിന് തുടരെ തുടരെ ജാമ്യം നിഷേധിക്കുന്ന സാഹചര്യമാണ് പ്രശ്‌നം. സമാന സമരങ്ങള്‍ നയിക്കുന്ന ആളുകള്‍ക്കൊന്നുമില്ലാത്ത എന്ത് കുറ്റവും കുറവുമാണ് ആസാദിനുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. അയാള്‍ പ്രതിനിധാനം ചെയ്യുന്നതും പിന്തുണക്കുന്നതും ആരെയാണ് എന്നതിനൊപ്പം അയാള്‍ കടന്നു വന്ന വഴികളാണ് പ്രശ്‌നം. രാഷ്ട്രീയത്തിനതീതമായ ഒരു ബഹുജന മുന്നേറ്റമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന, സവര്‍ണരുടെ സാമൂഹികമായ തീണ്ടലുകളെയും വിവേചനങ്ങളെയും തിട്ടൂരങ്ങളെയും തകര്‍ത്തുവരുന്ന സ്വാഭിമാനിയായ ദളിതനെ കേന്ദ്രം വല്ലാതെ ഭയപ്പെടുന്നുണ്ട്. അത് സംഘ്പരിവാറിന്റെ സവര്‍ണ ബോധത്തിനൊപ്പം ഉത്തര്‍പ്രദേശിലെ ജാതിസമവാക്യങ്ങള്‍ തിരുത്തപ്പെടുമോയെന്ന അവരുടെ അധികാരത്തെ സംബന്ധിച്ച ആധിയുടെ പ്രശ്‌നം കൂടിയാണ്.

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടതി വിസ്താരവും വിധിയും ബാബരി വിധിയുടെ വൈരുധ്യാത്മക ഘടനയോട് സാമ്യം തോന്നുന്നതായിരുന്നു. ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണെന്നു ഡല്‍ഹി പോലീസ് കരുതുന്നുണ്ടോ? ഭരണഘടന പോലീസ് വായിച്ചു നോക്കിയിട്ടുണ്ടോ? പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാമോ… എന്നിങ്ങനെയുള്ള കോടതിയുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലേക്ക് നാലാഴ്ചക്കിടെ പ്രവേശിക്കാന്‍ പാടില്ല എന്ന വിലക്കിലാണ് കോടതി വിധി അവസാനിക്കുന്നത്. വളരെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളുള്ള ആസാദിന് ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിച്ചു കിട്ടുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. എങ്കിലും ഇത്തരം കോടതി വിധികളുടെ ഘടന കൂടുതല്‍ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമെന്ന് പോലീസിനെ ഓര്‍മിപ്പിച്ച കോടതിക്ക് പിന്നെ എന്തുകൊണ്ട് അതേ ഭരണഘടനാപരമായ അവകാശത്തെ വിലക്കി കൊണ്ട് മാത്രം ഒരു വിധി സാധ്യമാകുന്നു? ഭരണഘടനയുടെ ആമുഖം വായിക്കുന്നതെങ്ങനെ വിദ്വേഷ പ്രസംഗമാകും? ആസാദ് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമുള്ള പോലീസിന്റെ വാദത്തെ തെളിവൊന്നും കൂടാതെ ചെവിക്കൊള്ളാന്‍ കോടതി എന്തിന് മെനക്കെടണം?
ഒരു വലിയ വ്യവസ്ഥിതിക്കെതിരായി പോരാടുന്ന ജനങ്ങളെ “കോലു മിഠായി’ കാണിച്ച് എത്ര എളുപ്പത്തിലാണ് കോടതികള്‍ വഴിതിരിക്കുന്നത്! ഡല്‍ഹി പോലീസിനോട് സമരക്കാര്‍ക്കുള്ള അമര്‍ഷത്തെ കോടതി മുതലെടുത്തതാണ് തീസ് ഹസാരിയിലെ പോലീസ് വിമര്‍ശനം. ഇതേ തന്ത്രമാണ് ബാബരി കേസിലുമുണ്ടായത്. നീതിന്യായ സ്ഥാപനങ്ങളെ ഭരണകൂടം പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കൈയടക്കി വെച്ചിരിക്കുകയാണെന്ന വിമര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ഇങ്ങനെയൊരു വിലയിരുത്തല്‍ അതിരു കടന്ന ഒന്നാകില്ലല്ലോ.

ജാമ്യം അനുവദിക്കുന്നതിനുള്ള ഉപാധിയായി ഡല്‍ഹി പ്രവേശനം വിലക്കിയപ്പോഴും ജുമാ മസ്ജിദില്‍ ചെല്ലണമെന്ന് ആസാദ് അനുമതി ചോദിച്ചിരുന്നു. അതുകൊണ്ടാണ് സൊഹ്റാന്‍പൂരിലേക്കുള്ള മടക്കം ജുമാ മസ്ജിദ് സന്ദര്‍ശിച്ചു കൊണ്ടാക്കിയത്. ഇന്നലെയും ജുമുഅ നിസ്‌കാരം കഴിഞ്ഞ് ആയിരങ്ങള്‍ ആസാദിനൊപ്പം ചേര്‍ന്നു. കൂടാതെ, പൗരത്വ ഭേദഗതിക്കെതിരായി സമരത്തിലുടനീളം ജനങ്ങള്‍ക്കിടയിലേക്ക് ആസാദ് കടന്നുവരുന്നത് ഭരണഘടനയുമേന്തിയാണ്. ഈ നിയമം മുസ്‌ലിംകളെ മാറ്റിനിര്‍ത്തുന്നതിനാലാണ് ഭീം ആര്‍മി ഇതിനെ എതിര്‍ക്കുന്നതെന്ന് പറയുന്ന ആസാദ് അപ്പോഴും ഭരണഘടനയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ സമരങ്ങളൊക്കെയും ഏത് ഭാവത്തിലാണെന്ന സംവാദങ്ങള്‍ നടത്തുന്നവര്‍ക്ക് അതില്‍ ഉചിതമായ ഒരഭിപ്രായരൂപവത്കരണം നടത്തുകയാകാം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല ഭീം ആര്‍മിയുടെ വഴിയെന്ന് ആസാദ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ALSO READ  ഇങ്ങനെ എത്രയെത്ര ദേവീന്ദര്‍മാര്‍!

സംഘ്പരിവാറിനെതിരെ പൊരുതുന്ന ആരോടും കൂടുമെന്നാണ് ആസാദിന്റെ അഭിപ്രായം. ജാതീയതക്കെതിരില്‍ സ്‌കൂളുകള്‍ കെട്ടി, സവര്‍ണര്‍ കൈയേറിയ ദളിത് ക്ഷേത്രങ്ങള്‍ തിരിച്ചെടുത്ത്, സവര്‍ണര്‍ മാത്രം ഉപയോഗിച്ചു പോന്നിരുന്ന ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ദളിത് സ്വത്വത്തിന്റെ പ്രകടനവും പ്രകാശനവും ഉയര്‍ത്തിപ്പിടിച്ചുള്ള ആസാദിന്റെ ബഹുജന മുന്നേറ്റം അടിച്ചമര്‍ത്തപ്പെട്ടവരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ഐക്യത്തിനുള്ള സാധ്യതകള്‍ തുറന്നിരിക്കുന്നതായി നിരീക്ഷിക്കുന്നവരുണ്ട്.
എന്നാല്‍ ബഹുജന സംഘടനകള്‍ക്കിടയില്‍ ഇത് വരെ ഒരു യോജിച്ച മുന്നേറ്റം സാധ്യമായിട്ടില്ല. ദളിത്- മുസ്‌ലിം ഐക്യം എന്ന രാഷ്ട്രീയ സാധ്യത കാണുന്ന മുസ്‌ലിം രാഷ്ട്രീയ സംഘടനകളില്‍ പലതിനും ഇപ്പോഴും ഏത് ബഹുജന സംഘടനയുടെ കൂടെയാണ് അങ്ങനെയൊരു ഐക്യം ഉണ്ടാക്കേണ്ടതെന്ന ഉറപ്പും വന്നിട്ടില്ല. അങ്ങനെയെങ്കില്‍ ആരും ആരെയും തനിക്കാക്കി വെടക്കാക്കാതിരിക്കലാണ് ഭേദം.