ഓപണറുടെ റോളില്‍ 7000 തികച്ച് രോഹിത്‌

Posted on: January 18, 2020 12:03 am | Last updated: January 18, 2020 at 12:13 am

രാജ്കോട്ട് | ഏകദിന ക്രിക്കറ്റില്‍ ഓപണറായി ഇറങ്ങി രോഹിത് ശര്‍മ 7000 റണ്‍സ് തികച്ചു. രാജ്കോട്ടില്‍ ആസ്ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് 7000 റണ്‍സ് തികക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഓപണറായത്. രാജ്കോട്ടില്‍ 44 പന്തില്‍നിന്ന് 42 റണ്‍സെടുത്ത് താരം പുറത്തായി. ശിഖര്‍ ധവാനുമൊത്ത് 81 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ആദം സാംപയുടെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയി പുറത്താകുകയായിരുന്നു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ മാത്രമാണ് നേരത്തേ 7000 ഏകദിന റണ്‍സുകള്‍ നേടിയിട്ടുള്ളത്. അതേസമയം രാജ്കോട്ടില്‍ മറ്റൊരു നേട്ടം രോഹിത് ശര്‍മക്ക് നഷ്ടമാകുകയും ചെയ്തു. ഏകദിനത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ രോഹിതിന് നാല് റണ്‍സ് കൂടി മതിയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 223 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് ശര്‍മ 8996 റണ്‍സ് നേടിയിട്ടുണ്ട്.