നിര്‍ഭയ പ്രതികള്‍ക്ക് പുതിയ മരണവാറന്റ്: വധശിക്ഷ ഫെബ്രുവരി ഒന്നിന്

Posted on: January 17, 2020 5:21 pm | Last updated: January 17, 2020 at 9:53 pm

ഡല്‍ഹി | ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് നീട്ടി. പുലര്‍ച്ചെ ആറ് മണിക്കാണ് പ്രതികളായ നാല് പേരെയും തൂക്കിലേറ്റുക. തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച മരണ വാരണ്ട് പാട്ട്യാല ഹൗസ് കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

നേരത്തെ ജനുവരി 22 ന് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനായിരുന്നു ഉത്തരവ്. അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കുക. തീഹാര്‍ ജയിലിലാണ് ഇവരെ തൂക്കിലേറ്റുക.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികള്‍ പൂര്‍ത്തിയാക്കാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ അവകാശമുണ്ടെന്നുമാണ് പ്രതികള്‍ വാദിച്ചത്. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് പതിനെട്ട് വയസ് തികഞ്ഞിരുന്നില്ലെന്ന വാദവുമായി പ്രതി പവന്‍ ഗുപ്ത ഇന്ന് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അക്ഷയ് സിങ് നല്‍കിയ ഹര്‍ജി ഡിസംബര്‍ 18ന് സുപ്രീം കോടതി തള്ളിയിരുന്നു. കുറ്റവാളി മുകേഷ് സിംഗിന്‌റെ ദയാഹരജിയും തള്ളി.

2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനു ഡല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പോലീസ് പിടികൂടി. മുഖ്യപ്രതി ഡ്രൈവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ക്കുപ്രായപൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവക്കുകയായിരുന്നു.