Connect with us

Articles

ഇത് പൗരത്വ വിവേചന നിയമം

Published

|

Last Updated

ഭാരതം ജീവിക്കുന്നത് അതിന്റെ സാംസ്‌കാരിക മഹിമയിലാണ്. പരമ്പരാഗതമായി ഭാരതം പുലര്‍ത്തിപ്പോരുന്ന ചില കാഴ്ചപ്പാടുകളുടെ പിന്‍ബലത്തിലാണ് ഭാരതം ലോകത്താകെ പ്രകീര്‍ത്തിക്കപ്പെട്ടതും പ്രശസ്തിയാര്‍ജിച്ചതും.
ലോകത്തിലുള്ള സകല മംഗളങ്ങളും ഇവിടേക്ക് കടന്നുവരട്ടെ എന്നാണ് ഭാരതത്തിന്റെ ചിരപുരാതനമായ പ്രതിജ്ഞയും ആശയും. ആ പ്രതിജ്ഞ കേട്ടാണ് ഇവിടേക്ക് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് മനുഷ്യര്‍ ഒഴുകിയെത്തിയത്. അങ്ങനെ ഇവിടേക്ക് കടന്നുവന്നവരാണ് ആര്യന്മാര്‍. അവര്‍ ഇവിടുത്തുകാരായിരുന്നില്ല. ക്രിസ്ത്യാനികളും ഭാരതത്തിലേക്ക് കടന്നുവന്നവരാണ്. ഡോ. എസ് രാധാകൃഷ്ണന്റെ പാശ്ചാത്യ പൗരസ്ത്യ സാംസ്‌കാരിക അപഗ്രഥനത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറയുന്നുണ്ട്, ഇവിടെയുണ്ടായിരുന്നവര്‍ മാത്രമല്ല ഇന്ത്യക്കാര്‍, ഇവിടേക്ക് വന്നവരും ഇന്ത്യക്കാരാണ് എന്ന്. അങ്ങനെയാണ് കാലങ്ങളായി ഇന്ത്യ സംസ്‌കാരങ്ങളെ സ്വീകരിച്ചതും ഇവിടെ കുടിയിരുത്തിയതും.

ഈ പശ്ചാത്തലത്തില്‍ വേണം ആര്‍ എസ് എസ്, ബി ജെ പി രാഷ്ട്രീയത്തിന്റെ പ്രത്യേക വിഭാഗങ്ങളോടുള്ള പകയെ പറ്റിയുള്ള ആലോചനയും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വിശകലനവും നടത്താന്‍. ആര്‍ എസ് എസിനും സംഘ്പരിവാറിനും പ്രത്യേക മതവിഭാഗങ്ങളോട് പകയുണ്ട് എന്ന കാര്യം വ്യക്തമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം.

ഇന്ത്യയിലുള്ള ആര്‍ക്കും പൗരത്വം നിഷേധിക്കാനുള്ളതല്ല, എല്ലാവര്‍ക്കും പൗരത്വം നല്‍കാനുള്ളതാണ് പൗരത്വ ഭേദഗതി നിയമം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ എല്ലാവരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. എന്നു പറഞ്ഞാല്‍, സംഘ്പരിവാര്‍ മനസ്സിലാക്കുന്ന, അവരുടെ സങ്കല്‍പ്പത്തിലും ആശയത്തിലും ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ ആരും പുറത്തു പോകേണ്ടിവരില്ലെന്നാണ് ആ പറഞ്ഞതിന്റെ അര്‍ഥം. യഥാര്‍ഥത്തില്‍ ഇത് പൗരത്വ ഭേദഗതി നിയമമല്ല മറിച്ച് പൗരത്വ വിവേചന നിയമമാണ്. ഇത് ഇന്ത്യക്ക് യോജിച്ചതാണോ എന്ന് ഓരോ ഭാരതീയനും ഇപ്പോഴെങ്കിലും ആലോചിക്കണം. ആര്‍ക്കും ഇന്ത്യയിലേക്ക് വരാം, പൗരത്വം നേടാം, പക്ഷേ, മുസ്‌ലിംകള്‍ക്ക് പൗരത്വത്തിന് അവകാശമില്ല. നേരത്തേ പറഞ്ഞ സംഘ്പരിവാര്‍ പകയുടെ പ്രത്യക്ഷ ഉദാഹരണമാണിത്. മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കാനും അതിനെ നിരന്തരം ന്യായീകരിക്കാനും പല കഥകളും വ്യാജ ചരിത്രങ്ങളും സംഘ്പരിവാര്‍ സൃഷ്ടിച്ചുണ്ടാക്കുന്നുണ്ട്. മുസ്‌ലിംകള്‍ ഇന്ത്യയെ കൊള്ളയടിച്ചവരാണെന്ന് വരെ സംഘ്പരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നു. അതിന് വേണ്ടി അവരുടെ ഊര്‍ജം പരമാവധി ചെലവഴിക്കുന്നു. പണ്ടെന്നോ മുസ്‌ലിം പേരുള്ള ഒരാള്‍ ഇന്ത്യയെ ആക്രമിച്ചതിന്റെ പേരിലാണ് ഇപ്പോഴും മുസ്‌ലിംകളോട് സംഘ്പരിവാര്‍ പക വെച്ചു പുലര്‍ത്തുന്നതെങ്കില്‍ പുരുഷോത്തമന്‍ എന്ന ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയ ഭീകരനായ അലക്‌സാണ്ടറോടും അദ്ദേഹത്തിന്റെ മതമായ ക്രിസ്തുമതത്തോടും സംഘ്പരിവാറിനും ആര്‍ എസ് എസിനും പക തോന്നേണ്ടതായിരുന്നു. പക്ഷേ അതില്ല. എല്ലാ മതത്തില്‍ പെട്ടവരും ഇന്ത്യയുടെ ആത്മാവിനെ ചിലപ്പോഴൊക്കെ മുറിപ്പെടുത്തിയിട്ടുണ്ട്, ഇവിടെ അതിക്രമം കാണിച്ചിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലെ സംഭവങ്ങളുടെ പേരില്‍ ഇപ്പോഴും പകവെച്ചു പുലര്‍ത്തുന്നവരാണ് സംഘ്പരിവാര്‍. അവരുടെ വിദ്വേഷ രാഷ്ട്രീയത്തെ വളര്‍ത്താനുള്ള ആയുധമായി ഈ പകയെ കൊണ്ടുനടക്കുകയും ചെയ്യുന്നു. കുഞ്ഞാലിമരക്കാര്‍ വെട്ടിനുറുക്കപ്പെടാന്‍ കാരണമായത് സാമൂതിരിയും കുറച്ച് നായര്‍ പടയുമാണ് എന്നുള്ളത് കൊണ്ട് ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് സാമൂതിരി വംശത്തോടും നായര്‍ സമുദായത്തോടും വിരോധം വെച്ചു പുലര്‍ത്തേണ്ടതുണ്ടോ. ഇല്ല എന്നു തന്നെയാണ് ഉത്തരം.

[irp]

ക്രിസ്ത്യാനികള്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ കുറെ നന്മകള്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. അതുപോലെ മുസ്‌ലിംകളിലൂടെ എത്രയോ നന്മകൾ ഇന്ത്യക്ക് കൈവന്നിട്ടുണ്ട്. അത് ഓര്‍ത്തെടുക്കാന്‍ പക്ഷേ സംഘ്പരിവാര്‍ ശ്രമിക്കാറില്ലെന്ന് മാത്രം. പാക്കിസ്ഥാനുമായുള്ള യുദ്ധകാലത്ത് ഇന്ത്യയിലെ ഒരു മുസല്‍മാന്‍ ഇന്ത്യന്‍ സൈനിക വിമാനം പറപ്പിക്കുകയാണ്. ദൗര്‍ഭാഗ്യകരമായി ആ വിമാനത്തെ പാക്കിസ്ഥാന്‍ സൈനികര്‍ വെടിവെച്ചിട്ടു. ബ്രിഗേഡിയര്‍ ഉസ്മാനായിരുന്നു ആ വിമാനം പറത്തിയിരുന്നത്. അദ്ദേഹം ഭാരതത്തിന് വേണ്ടി രക്തസാക്ഷിയായി. അവരുടെ സേവനത്തില്‍ മതിപ്പ് തോന്നുന്നവരാണ് ഇന്ത്യക്കാര്‍. അതിന് അവരുടെ മതം ഒരു തടസ്സമാകാറില്ല. പാലയുള്ളകണ്ടിയില്‍ മൊയ്തീന്‍ എന്റെ നാട്ടുകാരനാണ്. എന്നേക്കാള്‍ ഇളംപ്രായക്കാരന്‍. ഐ എന്‍ എസ് ഖുക്രിയുടെ മുങ്ങിക്കപ്പല്‍ തകര്‍ക്കപ്പെട്ടപ്പോള്‍ പാലയുള്ളകണ്ടിയില്‍ മൊയ്തീന്‍ വെള്ളം കുടിച്ച് വിറങ്ങലിച്ചിരുന്നു പോയി. ഈ രാജ്യത്തിന് വേണ്ടിയും ഈ രാജ്യത്തെ ആലോചിച്ചുമായിരുന്നു അത്.
സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ഏറ്റവും അപകടം പിടിച്ച വാദമാണ് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നത്. ഇന്ത്യ ഹിന്ദുവിന്റെ രാജ്യമാണെന്ന് എങ്ങനെ അവകാശപ്പെടുമെന്നതാണ് വലിയ ചോദ്യം.

സിന്ധുനദീതടത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യ വിഭാഗത്തിന് ചരിത്രകാരന്മാര്‍ കൊടുത്ത പേരാണ് ഹിന്ദുക്കള്‍ എന്നത്. അതുകൊണ്ട് എന്തെങ്കിലും മിഥ്യാഭിമാനം കൊണ്ട് ഇതര മതസ്ഥരെ വെറുക്കാന്‍ യഥാര്‍ഥ ഹിന്ദുക്കള്‍ക്കാകില്ല. പൗരത്വ ഭേദഗതി നിയമം ഹിന്ദുവിന്റെ അഭിമാനം കാക്കാനാണ് എന്ന തരത്തിലുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ഇപ്പോള്‍. അതില്‍ വഞ്ചിതരാകരുത് ആരും. ഇത് ഹിന്ദുവിന് അപമാനമാണ്. കാരണം ഭാരതം ലോകത്തോട് പറഞ്ഞത് അതാണ്, ലോകത്തുള്ള മുഴുവന്‍ നന്മകളും നമ്മുടെ മണ്ണിലേക്ക് കടന്നുവരട്ടെയെന്നാണ്. അടുത്തുള്ളതിനെ അറിയുകയെന്നതാണ് വലിയ തത്വം. നമ്മോട് ചേര്‍ന്നു നില്‍ക്കുന്നവരെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും കഴിയുമ്പോഴാണ് ഭാരതീയത യാഥാര്‍ഥ്യമാകുന്നത്.
മുസ്‌ലിമിനെ മാറ്റി നിര്‍ത്തി പൗരത്വദാനം നടത്തണമെന്ന പുതിയ നിയമം ഹിന്ദുവിന്റെ സംസ്‌കാരത്തിനോടോ പാരമ്പര്യത്തോടോ യോജിക്കുന്നതല്ല. ഹിംസയില്‍ ദുഃഖിക്കുന്നവനാണ് യഥാര്‍ഥ ഹിന്ദു, അതില്‍ ആഘോഷിക്കുന്നവനല്ല. നിരപരാധിയായ ചെറുപ്പക്കാരന്‍ ആഹാര ശീലത്തിന്റെ ഭാഗമായി പശുഇറച്ചി കൊണ്ടുപോയാല്‍ അവനെ കൊല്ലുകയല്ല, അവനത് പാകം ചെയ്തു കൊടുക്കുകയാണ് ഹിന്ദുവിന്റെ ധര്‍മം. ബിരുദദാന ചടങ്ങില്‍ നിന്ന് തട്ടമിട്ടതിന്റെ പേരില്‍ പെണ്‍കുട്ടിയെ പുറത്താക്കിയത് അടുത്തിടെയാണ്. അതാണ് യഥാര്‍ഥത്തില്‍ ഹിംസ. അനീതിയെന്നാല്‍ മനുഷ്യരോട് കാണിക്കുന്ന വിവേചനമാണ്. നീ തീയനാണ്, പുലയനാണ് തുടങ്ങിയ മാറ്റിനിര്‍ത്തലുകളും വിവേചനങ്ങളും വലിയ ഹിംസയാണ്. കാട്ടുജാതിക്കാരനായതിന്റെ പേരില്‍ ഏകലവ്യനോട് ദ്രോണാചാര്യര്‍ ദക്ഷിണയായി വിരലാണ് മുറിച്ചുവാങ്ങിയത്.
അതൊക്കെ വലിയ വിവേചനമാണ്. വിവേചനം പോലെ മനുഷ്യരെ വേദനിപ്പിക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ? പൗരത്വത്തിന്റെ പേരില്‍ ഒരു വിഭാഗം മനുഷ്യരെ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം യാഥാര്‍ഥ്യമാകുന്ന നിമിഷം നാം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മുഴുവന്‍ മൂല്യങ്ങളും തകര്‍ന്നുവീഴും. വിവേചനമല്ല, വിവേകമാണ് ഇപ്പോഴത്തെ ഇന്ത്യക്കാവശ്യം. അതിലേക്കുള്ള വഴികളാണ് ഇപ്പോള്‍ ഓരോ ഇന്ത്യക്കാരനും ആലോചിക്കേണ്ടത്.