ജയിലിന് പുറത്ത് ചന്ദ്രശേഖര്‍ ആസാദിന് ഉജ്ജ്വല സ്വീകരണം

Posted on: January 16, 2020 10:43 pm | Last updated: January 16, 2020 at 10:43 pm

ന്യൂഡല്‍ഹി |  പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത് ജയില്‍ കിടന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉജ്ജ്വല സ്വീകരണം. ജയിലിന് പുറത്ത് തടിച്ച്കൂടിയ നൂറ് കണക്കിന് അനുയായികള്‍ ആര്‍പ്പുവളിയോടെയാണ് ആസാദിനെ സ്വീകരിച്ചത്. ഇന്നലെയാണ് തീസ് ഹസാരി കോടതി ഉപാധികളോടെ ചന്ദ്രശേഖരന്‍ ആസാദിന് ജാമ്യം നല്‍കിയത്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം ജയിലിന് പുറത്ത് എത്തിയത്.

അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നും അടുത്തമാസം 16ന് മുമ്പ് ചികിത്സക്കായി ഡല്‍ഹിയില്‍ വരുന്നുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും കോടതി ജാമ്യ ഉപാധിയില്‍ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ സഹറന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.
ഡല്‍ഹി നിയമസഭാ തിതരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ആസാദിന് ജാമ്യം നല്‍കി പുറത്തു വിടുന്നത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ആസാദിനെ ദില്ലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കിയത്.