സെന്‍കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയത് ഗുണ്ടകള്‍: കെ യു ഡബ്ല്യൂ ജെ

Posted on: January 16, 2020 7:54 pm | Last updated: January 16, 2020 at 7:54 pm

തിരുവനന്തപുരം | വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഗുണ്ടകളുമായാണ് സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഇവര്‍ റഷീദിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കണം. മാധ്യമപ്രവര്‍ത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി ഇത് മാറാത്തത്.

അനാരോഗ്യം മറന്നു മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യദാര്‍ഢ്യവും യൂണിയന്‍ പ്രഖ്യാപിക്കുന്നു. സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേല്‍ മാധ്യമ പ്രവര്‍ത്തകരോട് വേണ്ട. ഈ സംഭവത്തെ ഒരിക്കല്‍ക്കൂടി അപലപിക്കുന്നതായും യൂണിയന്‍ വ്യക്തമാക്കി.