മാപ്പിള കലക്കുള്ള അംഗീകാരം; ദഫ്മുട്ട് ദേശീയ യുവജനോത്സവത്തിൽ

Posted on: January 16, 2020 3:29 pm | Last updated: January 16, 2020 at 3:29 pm


കോഴിക്കോട് | ദേശീയ യുവജനോത്സവത്തിൽ ഇതാദ്യമായി മാപ്പിളകലയായ ദഫ്മുട്ടും ഉൾപ്പെടുത്തി. ദേശീയ തലത്തിൽ യുവാക്കളുടെ കഴിവും കലാമികവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് 1995ൽ ആരംഭിച്ച ദേശീയ യുവജനോത്സവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ കലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നാടോടി നൃത്തം, ഏകാംഗ നാടകം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, എലോക്യൂഷൻ, ഹാർമോണിയം, തബല, മൃദംഗം, വീണ, ഫ്ലൂട്ട്, സിത്താർ, നൃത്തങ്ങൾ മണിപ്പൂരി, ഒഡീസി, കുച്ചുപ്പുടി, ഭരതനാട്യം, കഥക് തുടങ്ങിയ ഇനങ്ങളിലായിരുന്നു ഇതുവരെ മത്സരം നടന്നിരുന്നത്. മാപ്പിള കലയിൽ നിന്ന് ദഫ്മുട്ട് കൂടി ദേശീയ യുവജനോത്സവത്തിലേക്ക് എത്തുമ്പോൾ അത് കേരള കലകൾക്കുള്ള മറ്റൊരംഗീകാരം കൂടിയാകുകയാണ്. ദഫ്മുട്ട് സിംഗിൾ വിഭാഗത്തിലാണ് മത്സരം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 12ന് ലക്‌നോവിലാരംഭിച്ച പരിപാടികൾ ഇന്നാണ് അവസാനിക്കുന്നത്. ദേശീയ യുവജനോത്സവത്തിൽ ദഫ്മുട്ട് ഉൾപ്പെടുത്തിയത് ദഫ്മുട്ടിന് ലഭിക്കുന്ന വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ദഫ്മുട്ടാചാര്യനും കേന്ദ്രസർക്കാർ “ഗുരു’ പദവി നൽകി ആദരിക്കുകയും ചെയ്ത ഡോ. കോയ കാപ്പാട് സിറാജിനോട് പറഞ്ഞു. ദേശീയ തലത്തിൽ ദഫ്മുട്ട് പ്രചാരണപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സർക്കാറുകളുടെയും സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഫിജി, ആസ്‌ത്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പേർ കോയ കാപ്പാടിന്റെ നേതൃത്വത്തിൽ കാപ്പാട് ആലസ്സം വീട്ടിൽ നിന്ന് ദഫ്മുട്ടിൽ പരിശീലനം നേടി രംഗത്തിറങ്ങിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസർക്കാറിനെതിരെ വൻപ്രക്ഷോഭം ശക്തിപ്പെടുമ്പോഴും യുവാക്കളെ കൈയിലെടുക്കാൻ മോദി ഈ വർഷത്തെ ദേശീയ യുവജനോത്സവത്തിന് പിന്തുണയുമായി വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്.

നിഷാദ്

കോയ കാപ്പാടിന്റെ ശിഷ്യന് അവസരം

കോഴിക്കോട് | ഇതാദ്യമായി ദേശീയ യുവജനോത്സവത്തിൽ ദഫ്മുട്ട് അവതരിപ്പിക്കാൻ നിഷാദ് മേച്ചേരിക്ക് അവസരം. ഡോ. കോയ കാപ്പാടിന്റെ ശിഷ്യനായ നിഷാദ് മേച്ചേരിക്ക് സംസ്ഥാന സർക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സ്‌റ്റൈപ്പന്റോടെയാണ് നിഷാദ് ദഫ് മുട്ട് പരിശീലനം ആരംഭിച്ചത്. എട്ട് വർഷത്തോളമായി ഡോ.കോയ കാപ്പാടിന്റെ കീഴിൽ ഗുരുകുല സമ്പ്രദായത്തിൽ പരിശീലനം നടത്തന്നു. മേച്ചേരി അബൂബക്കർ മാസ്റ്ററുടെയും നസ്‌റിയയുടെയും മകനാണ്. നിഷാദിനെ ഈ മാസം 19ന് കാപ്പാട് ആലസ്സം വീട്ടിൽ നടക്കുന്ന റിഫാഈ റാത്തീബിന്റെ വാർഷിക പരിപാടിയിൽ ആദരിക്കും.