വംശവെറി വീണ്ടും ഇരകളെ തേടുന്നു

അപകടകരമായ വംശീയക്കളിയാണ് സുലൈമാനി വധത്തിലൂടെ അമേരിക്ക കളിച്ചത്. ഇറാനെ ക്ഷയിപ്പിക്കുകയെന്ന പ്രത്യക്ഷ ലക്ഷ്യത്തിനപ്പുറം അറബ് ലോകത്ത് മൊത്തത്തില്‍ അശാന്തി വിതക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്.
Posted on: January 16, 2020 12:24 pm | Last updated: January 18, 2020 at 4:27 pm


മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധം ഇറാന്‍ ജനതയില്‍ ചരിത്രത്തിലൊരിക്കലും കാണാത്ത ഐക്യബോധമാണുണ്ടാക്കിയത്. സര്‍ക്കാര്‍വിരുദ്ധ സമരങ്ങള്‍ കൊണ്ട് മുഖരിതമായിരുന്ന ഇറാന്‍ തെരുവുകളില്‍ സുലൈമാനിയുടെ ചോരക്ക് പകരം ചോദിക്കാനുള്ള ആക്രോശങ്ങള്‍ മുഴങ്ങി. ഉപരോധങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കിയപ്പോഴും ആണവ പദ്ധതികള്‍ തകര്‍ക്കാന്‍ യു എന്നിനെ നിരന്തരം ഉപയോഗിച്ചപ്പോഴും മറ്റും ഇറാന് തലയുയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചത് ആ ജനതയുടെ രക്തത്തിലലിഞ്ഞ പോരാട്ടവീര്യം കൊണ്ടായിരുന്നു. എന്നാല്‍ സുലൈമാനിയുടെ വിലാപ യാത്രയില്‍ കണ്ട രോഷവും പ്രതിഷേധവും വഴിമാറുന്നതാണ് ഇപ്പോള്‍ കാണുന്നത്. ശനിയാഴ്ച ടെഹ്‌റാനില്‍ അരങ്ങേറിയ പ്രകടനങ്ങള്‍ ശിയാ രാഷ്ട്രം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ആയത്തുല്ലാ ഖാംനഈയെ നേരിട്ട് വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങളാണ് യുവാക്കള്‍ മുഴക്കിയത്. ഖാംനഈ പരമോന്നത പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്നുവരെ പ്രക്ഷോഭകര്‍ പറഞ്ഞു. തീര്‍ച്ചയായും ഈ പ്രകടനങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യ ശക്തികളുണ്ട്.
176 യാത്രികരുമായി പറന്ന ഉക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ഇറാന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ട്വിറ്ററില്‍ ആദ്യമെത്തിയത് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണെന്ന് കാണാം.

യു എസ് പൗരസമൂഹത്തെ പിടിമുറുക്കിയിരിക്കുന്ന വെള്ള അപ്രമാദിത്വവാദത്തിന്റെ പ്രതീകമാണ് ട്രംപ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ യുദ്ധോത്സുകതയും കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിദ്വേഷവും പുറത്തെടുത്താൽ തിരഞ്ഞെടുപ്പില്‍ ജയിച്ചുവരാമെന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ആഗോള നേതാവുമാണ് അദ്ദേഹം. ഇതേ രാഷ്ട്രീയമാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊന്നതിലും ദൃശ്യമാകുന്നത്. ഇംപീച്ച്‌മെന്റിന് വിധേയമാകുന്ന രണ്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. ഈ നടപടിക്രമങ്ങള്‍ക്കിടെയും ഹീറോ ആയി തന്നെ കഴിയണം. രണ്ടാമൂഴത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയിരിക്കുന്നു. ആധികാരികമായി തന്നെ ജയിച്ചു വരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ അടുത്ത മാര്‍ച്ചില്‍ ഇസ്‌റാഈല്‍ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. അവിടെ നെതന്യാഹുവിനെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണം. ഇത്രയും ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് സുലൈമാനി വധത്തിന് ട്രംപ് തുനിഞ്ഞിറങ്ങിയത്.

പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ഇറാനോട് അമേരിക്കക്കാര്‍ക്ക് ശത്രുതയുണ്ടെങ്കിലും ഇത്രയും പ്രകോപനപരമായ അതിക്രമം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇറാന്‍ ആണവായുധ നിര്‍മാണത്തിന്റെ അവസാന ഘട്ടം വരെയെത്തിയ രാജ്യമാണ്. ആണവ കരാര്‍ ഒപ്പിട്ടപ്പോഴും തളര്‍ന്നു പോയ ആണവ പരീക്ഷണങ്ങള്‍ ട്രംപ് വന്ന ശേഷം ഇറാന്‍ ഊര്‍ജിതമാക്കിയിരുന്നു. ചൈന, റഷ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇറാനുള്ള സൗഹൃദം രൂഢമൂലമാണ്.

ട്രംപിന് തിരിച്ചടി കൊടുക്കാന്‍ ഇറാന് യു എസില്‍ ചെന്ന് ആക്രമിക്കണമെന്നില്ല. യു എസ് താവളങ്ങള്‍ ഇറാഖിലുണ്ട്. കുവൈത്തിലും ബഹ്‌റൈനിലുമുണ്ട്. സഊദിയില്‍ എമ്പാടുമുണ്ട്. ഇവയെല്ലാം ഇറാന്റെ ആക്രമണ പരിധിയിലാണ്. ഇറാഖിലെ യു എസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി 80 യു എസ് സൈനികരെ വധിച്ചെന്ന് ഇറാന്‍ പറയുന്നു. ഒരാള്‍ക്കും പരുക്കു പോലും ഏറ്റില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധര്‍ ഇറാന്റെ വാദം ശരിവെച്ചിട്ടില്ല. അമേരിക്കയെ പാഠം പഠിപ്പിക്കണമെന്ന ആഭ്യന്തര സമ്മര്‍ദം ഇറാന്‍ നേതൃത്വത്തിന് മേല്‍ വലിയ തോതിലുണ്ട്. ഉപരോധത്തില്‍ വശം കെട്ടുപോയ സമ്പദ്‌വ്യവസ്ഥയും വെച്ച് എന്ത് ചെയ്യാനാകും? മാത്രവുമല്ല, സഊദിയെയോ മറ്റ് അറബ് രാജ്യങ്ങളെയോ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്ന നിലയില്‍ പ്രോക്‌സി (നിഴല്‍)യുദ്ധം നടത്തുന്നതിനെ ചൈനയും റഷ്യയും തത്കാലം പിന്തുണക്കില്ല. അതുകൊണ്ട് സോമാലിയയിലെ യു എസ് സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത് പോലെ ആനുപാതിക, പരിമിത ആക്രമണത്തിനേ ഇറാന്‍ തയ്യാറാകൂ. ഇസ്‌റാഈലിനെ ഇറാന്‍ ഒരിക്കലും ആക്രമിക്കില്ല.

ALSO READ  റെഡ്യാവലും കൊയപ്പാവലും പിന്നെ പാഴായിപ്പോയ ഒരു കുത്തിത്തിരിപ്പും

സത്യത്തില്‍ ഇറാന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കഴിഞ്ഞാല്‍ അധികാര ശ്രേണിയിലെ രണ്ടാമനായിരുന്നു ഖാസിം സുലൈമാനി. രാജ്യത്തിന് പുറത്തെ താത്പര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നയാളാണ് സുലൈമാനി. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന ശിയാ ഡോമിനേഷന്റെ ചുക്കാനും സുലൈമാനിയുടെ കൈയിലായിരുന്നു. മേഖലയില്‍ നിന്ന് ഐ എസിനെ തുരത്തുന്നതില്‍ നിര്‍ണായകമായ പങ്കും വഹിച്ചു. 12 വര്‍ഷം മുമ്പ് തന്നെ സുലൈമാനിയെ ഭീകരനായി പ്രഖ്യാപിച്ച അമേരിക്കക്ക് ഐ എസ് വിരുദ്ധ നീക്കത്തില്‍ അദ്ദേഹത്തിന്റെ സേവനം ഉപയോഗിക്കുന്നതില്‍ ഒരു മടിയുമുണ്ടായിരുന്നില്ല. അങ്ങനെയൊരാളെ ഇറാഖില്‍ കടന്ന് കയറി ഡ്രോണ്‍ ആക്രമണത്തില്‍ വകവരുത്താന്‍ അമേരിക്കക്ക് നിഷ്പ്രയാസം സാധിച്ചുവെന്നത് ഇറാനെ വല്ലാതെ ഉലക്കുന്നുണ്ട്.

അപകടകരമായ വംശീയക്കളിയാണ് സുലൈമാനി വധത്തിലൂടെ ട്രംപ് കളിച്ചത്. ഇറാനെ ക്ഷയിപ്പിക്കുകയെന്ന പ്രത്യക്ഷ ലക്ഷ്യത്തിനപ്പുറം അറബ് ലോകത്ത് മൊത്തത്തില്‍ അശാന്തി വിതക്കുകയാണ് ട്രംപ് ചെയ്യുന്നത്. അറബ് രാജ്യങ്ങളുമായുള്ള ഇറാന്റെ കലുഷിതമായ ബന്ധത്തെ ശിയാ- സുന്നി വംശീയതയായി കണ്ട് കൂടുതല്‍ വഷളാക്കാനും അമേരിക്ക ശ്രമിക്കുന്നു. ഒബാമ ഇറാനുമായി ആണവ കരാറുണ്ടാക്കിയപ്പോള്‍ ഇസ്‌റാഈല്‍ മാത്രമല്ല, സഊദിയും അതിനെ എതിര്‍ത്തു. ട്രംപ് വന്നപ്പോള്‍ കരാര്‍ റദ്ദാക്കിയത് സഊദിയെക്കൂടി പ്രീണിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ഇപ്പോള്‍ സുലൈമാനിയെ കൊന്നു തള്ളിയപ്പോഴും സഊദിയുടെ അനുഭാവം ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്. സത്യത്തില്‍ ശിയാ – സുന്നി ഭിന്നത വര്‍ധിപ്പിച്ച് തങ്ങളുടെ സൈനിക താത്പര്യങ്ങള്‍ അറബ്, മധ്യപൗരസ്ത്യ ദേശത്ത് കാലാകാലവും സംരക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.

പുതിയ സംഘര്‍ഷത്തിന്റെ ആദ്യത്തെ ഇര ഇറാഖായിരിക്കും. ഇനി ഇറാഖിലെ സുന്നികളെയാണ് അമേരിക്ക കൈയിലെടുക്കാന്‍ പോകുന്നത്. അതിന്റെ തുടക്കമാണ് സുലൈമാനി വധം. അവിടെയുള്ള ശിയാ സഖ്യത്തെ താഴെയിറക്കാന്‍ കരുക്കള്‍ നീക്കും. ഇറാന്‍ ഇത് നോക്കി നില്‍ക്കില്ല. തകര്‍ന്നടിഞ്ഞ ഇറാഖിനെ മുച്ചൂടും മുടിക്കാനേ ഈ കളി ഉപകരിക്കൂ. മേഖലയിലെ എണ്ണ സമ്പത്തിന്റെ സുഗമമായ ഉത്പാദനവും വിപണനവും തടസ്സപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യം കൂടി ട്രംപിനുണ്ട്. ഇറാനെ പ്രകോപിപ്പിച്ചാല്‍ ഹോര്‍മുസില്‍ അവര്‍ തടസ്സം സൃഷ്ടിക്കും. അത് അറബ് മേഖലയില്‍ നിന്നുള്ള എണ്ണ നീക്കത്തെ ബാധിക്കും. ലോകത്താകെ ഇന്ധന പ്രതിസന്ധിയുണ്ടാകും.

മധ്യപൗരസ്ത്യ ദേശത്തിന്റെയും അറബ് രാജ്യങ്ങളുടെയും ലോകത്തിന്റെയാകെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ സുലൈമാനിയുടെ വധത്തെ അപലപിച്ചേ മതിയാകൂ. അദ്ദേഹം ഉസാമ ബിന്‍ലാദനോ അബൂബക്കര്‍ അല്‍ ബഗ്ദാദിയോ അല്ല. രാജ്യത്തിന്റെ തലവനാണ്.
ഇറാന്റെ വംശീയക്കളികളെയെല്ലാം തുറന്നെതിര്‍ക്കേണ്ടതുണ്ട്. പക്ഷേ, അവിടെ കുത്തിത്തിരിപ്പുകളുണ്ടാക്കി ശിഥിലമാക്കാനുള്ള അമേരിക്കന്‍ പദ്ധതി അംഗീകരിക്കാന്‍ സമാധാന സ്‌നേഹികള്‍ക്ക് സാധിക്കില്ല. ഈ കുതന്ത്രങ്ങളെ മറികടക്കാന്‍ ഇറാന്‍ ചെയ്യേണ്ടത് കുടുസ്സായ ശിയാ രാഷ്ട്രീയ ലക്ഷ്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.