അത്‌ലറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി സി തുളസിക്കും ജി വി രാജ കായിക പുരസ്‌കാരം

Posted on: January 16, 2020 11:44 am | Last updated: January 16, 2020 at 5:49 pm

തിരുവനന്തപുരം | ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അത്ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി സി തുളസിയും മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അത്ലറ്റിക് പരിശീലകന്‍ ടി പി ഔസേഫിനാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. ഫുട്‌ബോള്‍ കോച്ച് സജീവന്‍ ബാലനാണ് മികച്ച കായിക പരിശീലകന്‍. അദ്ദേഹത്തിന് ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും ലഭിക്കും. ഏഷ്യാനെറ്റ് ന്യൂസ് സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജ് മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയതും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതും അടക്കമുള്ള പ്രകടനങ്ങളാണ് മുഹമ്മദ് അനസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രധാനമായും ഏഷ്യന്‍ ഗെയിംസിലെ വെങ്കല നേട്ടമാണ് പി സി തുളസിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.