ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ കെന്റോ മൊമൊറ്റക്ക് വാഹനാപകടത്തില്‍ പരുക്ക്

Posted on: January 14, 2020 9:45 am | Last updated: January 14, 2020 at 9:45 am

ക്വാലാലംപുര്‍ | ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരവും നിലവിലെ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമൊറ്റക്ക് വാഹനാപകടത്തില്‍ പരുക്ക്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍ വെച്ചാണ് അപകടമുണ്ടായത്. മൊമൊറ്റ യാത്ര ചെയ്തിരുന്ന വാന്‍, ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാന്‍ ഡ്രൈവര്‍ മരിച്ചു. മൊമൊറ്റയുടെ അസിസ്റ്റന്റ് കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, ബാഡ്മിന്റണ്‍ ഒഫീഷ്യല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എല്ലാവരെയും പുത്രജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവര്‍ അപകടനില തരണംചെയ്തിട്ടുണ്ടെന്ന് മലേഷ്യന്‍ കായികമന്ത്രി സയ്യദ് സാദിഖ് അറിയിച്ചു.

25കാരനായ മൊമൊറ്റയുടെ മൂക്കിനാണ് സാരമായി പരുക്കേറ്റിട്ടുള്ളത്. മുഖത്തും മുറിവുകളുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സിനുള്ള മൊമൊറ്റയുടെ തയ്യാറെടുപ്പുകളെ അപകടം ബാധിക്കും. കരിയറില്‍ ഒളിമ്പിക് സ്വര്‍ണം മാത്രമെ താരത്തിന് ഇനിയും കൈയെത്തി പിടിക്കാനായിട്ടില്ലാത്ത പ്രധാന നേട്ടമായുള്ളൂ. മലേഷ്യ മാസ്റ്റേഴ്‌സില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടോര്‍ അക്‌സെല്‍സണിനെ തറപറ്റിച്ചാണ് മൊമൊറ്റ കിരീടം ചൂടിയത്. കിരീടവിജയത്തോടെ 2020 സീസണ്‍ തുടങ്ങാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം.