വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്ന് എ ടി കെക്കെതിരെ

• മത്സരം കൊൽക്കത്തയിൽ
Posted on: January 12, 2020 10:09 am | Last updated: January 12, 2020 at 3:36 pm
ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ

കൊൽക്കത്ത | പുതുവർഷത്തിൽ മിന്നുന്ന പ്രകടനത്തോടെ വിജയവഴിയിൽ തിരിച്ചെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ ടി കെയെ നേരിടും.
ഇനിയുള്ള കളികൾ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് സാധ്യത അസ്ഥാനത്താകും എന്നതിനാൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന എവേ പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് നിർണായകം.

അതേസമയം, ഇന്ന് ജയിച്ചാൽ കൊൽക്കത്ത പ്ലേ ഓഫിലേക്ക് ഏറെക്കുറെ അടുക്കും. മാത്രമല്ല, സീസണിലെ ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് കണക്ക് ചോദിക്കാനുള്ള അവസരം കൂടിയാണ് എ ടി കെക്ക്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം.
കൊച്ചിയിൽ കഴിഞ്ഞാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്.

ആദ്യ കളി ജയിച്ചതിന് ശേഷം നീണ്ട പത്ത് മത്സരങ്ങൾ ജയത്തിനായി കാത്തിരിക്കേണ്ടിവന്നെങ്കിലും ഹൈദരാബാദിനെതിരായ ജയം വലിയ ഊർജമാണ് കോച്ച് എൽക്കോ ഷെട്ടോരിക്കും ടീമിനും നൽകിയത്.
ക്യാപ്റ്റൻ ഒഗ്‌ബെച്ചെയും മെസി ബോളിയും മികച്ച ഫോമിലാണ്. ഒപ്പം പ്രതിരോധ താരം സുയ്്വർലോണും സത്യാസെൻ സിംഗും ഹോളിചരൺ നസ്്‌റിയും ജീക്്‌സൻ സിംഗും ഉൾപ്പെടുന്ന ടീം കൊൽക്കത്തയെ മെരുക്കാൻ കെൽപ്പുണ്ട്.

പക്ഷേ, ഹൈദരാബാദിനെപ്പോലെ ദുർബലരല്ല കൊൽക്കത്ത എന്നതിനാൽ ഷട്ടോരി പുതിയ തന്ത്രങ്ങൾ മെനയേണ്ടിവരും.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും ജയിച്ച കൊൽക്കത്ത ഒരു മത്സരത്തിൽ മാത്രമാണ് തോൽവിയറിഞ്ഞത്.

ALSO READ  മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; സൂചന നൽകി അഗ്യൂറോ

പതിനൊന്ന് കളികളിൽ ആറ് ജയവും രണ്ട് സമനിലയും അവരുടെ അക്കൗണ്ടിലുണ്ട്. തോറ്റത് മൂന്നെണ്ണത്തിൽ മാത്രം.
21 പോയിന്റുമായി പോയിന്റ്പട്ടികയിൽ മൂന്നാമതാണ് അവർ. കഴിഞ്ഞ മത്സരത്തിൽ മുംബൈയെ അവരുടെ തട്ടകത്തിൽ 2-0ത്തിന് ജയിച്ചാണ് അന്റോണിയോ ലോപസ് ഹെബ്ബാസിന്റെ കുട്ടികളുടെ വരവ്.

ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, 11 മത്സരങ്ങളിൽ 11 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. അഞ്ച് നാല് സമനിലകൾ, അഞ്ച് തോൽവി.
മുംബൈക്കെതിരെ ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നുന്ന പ്രകടനം പുറത്തെടുത്ത പ്രണോയ് ഹാൽദർ പരുക്കിനെ തുടർന്ന് ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. ഡേവിഡ് വില്യംസിന്റെ പരുക്കും എ ടി കെയെ വലക്കുന്നുണ്ട്.