Connect with us

Ongoing News

രാജയോഗം കഴിഞ്ഞു; ഉള്ളി വില താഴോട്ട്

Published

|

Last Updated

തലശ്ശേരി | ക്ഷാമത്തിനിടയിൽ ഉള്ളി വിറ്റ കർഷൻ കോടീശ്വരനായി, കറിയോടൊപ്പം ഉള്ളി ചോദിച്ച ജയിൽ വാർഡന് കിട്ടിയത് പൊതിരെ തല്ല്, ഉള്ളിച്ചാക്ക് ലോഡുമായി പോയ ട്രക്കിനെ വഴിയിൽ കൊള്ളയടിച്ചു, ബീഫിനോടൊപ്പം ഉള്ളി നൽകാത്ത ഹോട്ടൽ തൊഴിലാളിയുടെ മുഖത്തടിച്ച് പല്ല് കൊഴിച്ചു. ഒരു മാസം മുമ്പ് വരെ പ്രതിദിനം വായിച്ചും കേട്ടുമറിഞ്ഞ ഉള്ളി പുരാണത്തിലെ വാർത്തകളിൽ ചിലത് മാത്രമാണിത്- സവാളയെന്ന വലിയ ഉള്ളിക്ക് ഓർക്കാപ്പുറത്ത് കൈവന്ന രാജയോഗം പെട്ടെന്ന് കഴിഞ്ഞു.
ഡബിൾ സെഞ്ച്വറിക്കടുത്ത് വരെ ഉയർന്നു വിരാജിച്ച ഉള്ളിയുടെ വില നോക്കിയിരിക്കെ താഴ്ന്ന് അറുപതിൽ എത്തി നിൽപ്പാണിപ്പോൾ. ഇനിയും താഴ്ന്നേക്കും എന്നാണ് ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം.

കഴിഞ്ഞ വർഷം സെപ്തംബർ മുതലാണ് ഉള്ളിയുടെ വിലക്കയറ്റത്തിന് തുടക്കമായത്. പിന്നെ പടിപടിയായി തുടങ്ങിയ വർധന രണ്ടാഴ്ചക്കുള്ളിലാണ് കൊടുമുടി കയറിയത്. പ്രധാനമായും കേരളത്തിലേക്ക് ഉള്ളി എത്തുന്ന മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലുണ്ടായ അതിവർഷവും മോശം കാലാവസ്ഥയും ഉത്പാദനം കുറച്ചതോടെയാണ് ഉള്ളിയുടെ വില ഉയർന്നത്. അവസരം മുതലാക്കാൻ വിപണിയിൽ പൂഴ്ത്തിവെപ്പുകാരും കരിഞ്ചന്തക്കാരും സജീവമായതോടെ ഉള്ളിയെ ഓർത്ത് നാട് കരഞ്ഞു.

ക്ഷാമത്തെ നേരിടാൻ വിദേശത്ത് നിന്ന് വരെ ഉള്ളി എത്തിച്ചു. എങ്കിലും വിലക്കയറ്റത്തെ പിടിച്ചുനിർത്താനായില്ല.
ഹോട്ടലിൽ ഭക്ഷണത്തോടൊപ്പം ഒരു കഷണം ഉള്ളി ചോദിച്ചാൽ അടി കിട്ടുമെന്ന അവസ്ഥ വരെ കാര്യങ്ങൾ എത്തി. ചായക്കടയിൽ നിന്ന് ഉള്ളിവട ഔട്ടായതും ഈ ഘട്ടത്തിലാണ്. ഫ്രൈ ഇനങ്ങൾക്കൊപ്പം ഉള്ളി അരിഞ്ഞത് നൽകുന്നത് ഹോട്ടലുകാർ നിർത്തി. പകരം കാബേജ് നൽകിത്തുടങ്ങിയത് നിത്യ കലഹത്തിന് വഴിവെച്ചു. എന്നാൽ കാര്യങ്ങൾ പൊടുന്നനെ മാറിമറിയുന്ന കാഴ്ചയാണിപ്പോൾ പച്ചക്കറിച്ചന്തയിൽ കാണുന്നത് ഉള്ളിയെ ച്ചൊല്ലി കരഞ്ഞവരെ നോക്കി ഉള്ളി ഇപ്പോൾ കരയുകയാണ്.