Connect with us

Career Notification

തൊഴിൽ രംഗത്തെ നിർമിത ബുദ്ധി

എ ഐ വരുന്നതോടെ വൻതോതിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ലോകമെമ്പാടുമുള്ള തൊഴിൽ മേഖല. എന്നാൽ, പ്രതീക്ഷിച്ചതിന് വിരുദ്ധമായി ശുഭാപ്തി വിശ്വാസം നൽകുന്ന അഭിപ്രായങ്ങളാണ് ഈ രംഗത്തെ പ്രമുഖർ പ്രകടിപ്പിക്കുന്നത്

Published

|

Last Updated

ർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി  തൊഴിൽ രംഗത്ത് വലിയ ആകാംക്ഷയാണ് ഉണ്ടാക്കുന്നത്. പുതിയ മാറ്റങ്ങൾ വരുമ്പോൾ  ചില ലാഭ നഷ്ടങ്ങൾ അതോടനുബന്ധിച്ച് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എ ഐ വരുന്നതോടെ വൻതോതിൽ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ലോകമെമ്പാടുമുള്ള തൊഴിൽ മേഖല. എന്നാൽ, പ്രതീക്ഷക്ക് വിരുദ്ധമായി ശുഭാപ്തി വിശ്വാസം നൽകുന്ന അഭിപ്രായങ്ങളാണ് ഈ രംഗത്തെ പ്രമുഖർ പ്രകടിപ്പിക്കുന്നത്. വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ റിപോർട്ട് പ്രകാരം 2030 ഓടെ നഷ്ടപ്പെടുന്ന തൊഴിലവസരങ്ങളുടെ ഇരട്ടിയോളം പുതിയ തൊഴിലവസരങ്ങൾ നിർമിത ബുദ്ധി വഴി തന്നെ സൃഷ്ടിക്കപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു. പാരമ്പര്യ തൊഴിലുകൾ അപ്രത്യക്ഷമാകുമെങ്കിലും കൂടിയ അളവിൽ പുതിയ തൊഴിലുകൾ ജന്മമെടുക്കുമെന്നർഥം. നിർമിത ബുദ്ധിയുടെ മുന്നേറ്റം വഴി ഉണ്ടാകുന്ന ചില പ്രധാന തൊഴിലവസരങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

എ ഐ ട്രെയിനർ

ഉപഭോക്തൃ സേവനമടക്കം രംഗങ്ങളിൽ എ ഐ സിസ്റ്റത്തിന്റെ ഉപയോഗം വർധിച്ചു വരികയാണ്. അതുകൊണ്ട് ഉപയോക്താവ് നൽകുന്ന പ്രോംപ്റ്റുകൾക്കനുസൃതമായി കൃത്യമായ പ്രതികരണം നടത്താൻ സിസ്റ്റത്തിന് കഴിയണം. ഇതിനായി എ ഐ സിസ്റ്റത്തെ പരിശീലിപ്പിക്കുക എന്നതാണ് എ ഐ ട്രെയ്‌നറുടെ ജോലി. സിസ്റ്റം ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും ആവശ്യമായ പ്രതികരണം നടത്താനും എ ഐ ട്രെയ്നർ എ ഐ സിസ്റ്റത്തെ സജ്ജമാക്കുന്നു.

ഈ ജോലിക്ക് തയ്യാറെടുക്കുന്നവർ എ ഐ അൽഗോരിതത്തിലും  ഡാറ്റാ സയൻസ് എൻ എൽ പി, പൈത്തൺ മുതലായ മേഖലകളിൽ നല്ല അറിവുള്ളവരായിരിക്കണം. ഇതിനു പുറമെ ഐ എ ബി  എ സി പോലെ നിലവാരമുള്ള സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷൻ കൂടി നേടുന്നവർക്ക് ഈ മേഖലയിൽ നല്ല തൊഴിലവസരങ്ങൾ ലഭിക്കും

പ്രോംപ്റ്റ് എൻജിനീയർ

എ ഐ ടൂളുകളിൽ നിന്ന് ആവശ്യമായ ഫലം ലഭിക്കാൻ ആ സിസ്റ്റത്തിന് കൊടുക്കുന്ന കൃത്യമായ നിർദേശത്തെയാണ് പ്രോംപ്റ്റ് എന്ന് പറയുന്നത്. ഈ നിർദേശം നേരിട്ടുള്ള ഒരു വാക്ക് കൊണ്ടാകാം ചില സൂചനകളോ അല്ലെങ്കിൽ ദീർഘമായ ഒരു വിവരണമോ  ആകാം. ഈ നിർദേശത്തിലെ നിസ്സാരമായ ഒരു വ്യത്യാസം പോലും ഫലത്തിൽ വലിയ മാറ്റങ്ങളായി  പ്രതിഫലിക്കും. അതുകൊണ്ട് തന്നെ നല്ല സൂക്ഷ്മത വേണ്ട ജോലിയാണ് പ്രോംപ്റ്റ് എൻജിനീയറുടേത്. എ ഐ  ടൂളുകൾ ഉപയോഗിച്ച് ഏറ്റവും നല്ല ഫലം ലഭിക്കാൻ ആവശ്യമായ കൃത്യമായ നിർദേശം നൽകുന്ന പ്രൊ ഫഷനലാണ് പ്രോംപ്റ്റ് എൻജിനീയർ.

സാങ്കേതികവിദ്യകൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുമ്പോൾ, എ ഐ സിസ്റ്റങ്ങളുമായി ആശയവിനിമയം നടത്തുന്ന രീതി കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന പ്രൊഫഷനലുകളുടെ ആവശ്യം വർധിച്ചുവരികയാണ്. ഫലപ്രദമായ പ്രോംപ്റ്റുകൾ രൂപപ്പെടുത്താൻ കഴിയുന്ന ഒരു പ്രോംപ്റ്റ് എൻജിനീയർമാരെ  വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. പ്രോംപ്റ്റ് എൻജിനീയർ ആകാൻ കമ്പ്യൂട്ടർ സയൻസ് ബിരുദം ആവശ്യമില്ല. നല്ല സർഗാത്മകതയും ഭാഷാ വൈദഗ്ധ്യവും ഉള്ള ഒരാൾക്ക് പ്രോംപ്റ്റ് എൻജിനീയറാകാം. പ്രോ ഗ്രാമിംഗും എ ഐയുടെ അടിസ്ഥാന തത്വങ്ങളും അറിഞ്ഞിരിക്കണം. പ്രോംപ്റ്റ് എൻജിനീയറിംഗ് പരിശീലനം മാത്രമായി പ്രമുഖ സ്ഥാപനങ്ങളിൽ കോഴ്‌സുകൾ തുടങ്ങിവരുന്നേയുള്ളു. ഐ ഐ ടികളടക്കമുള്ള സ്ഥാപനങ്ങളിൽ എ ഐ, എൻ എൽ പി, ഡാറ്റ സയൻസ് കോഴ്‌സുകളോടൊപ്പം പ്രോംപ്റ്റ് എൻജിനീയറിംഗ് പരിശീലനവും നൽകി വരുന്നുണ്ട്. കോഴ്‌സെറാ, യുഡെമി തുടങ്ങിയ എം ഒ ഒ സി സൈറ്റുകളും സ്വകാര്യ സ്ഥാപനങ്ങളും ഹൃസ്വകാല പ്രോംപ്റ്റ് എൻജിനീയർ പരിശീലനം നൽകുന്നുണ്ട്.

എ ഐ ഓഡിറ്റർ

എ ഐ ആപ്ലിക്കേഷനുകളുടെ വളർച്ചയോടെ ഈ മേഖലയിൽ, കൃത്യതയുടെയും നീതിയുടെയും ആവശ്യകത പരമപ്രധാനമായി മാറിയിരിക്കുന്നു. എ ഐയുടെ ഔട്ട്പുട്ട് രസകരവും ഉപയോഗപ്രദവുമാണെന്ന് മാത്രമല്ല, പക്ഷപാതരഹിതവും കൃത്യവുമാണെന്ന് ഉറപ്പാക്കുക എന്നതാണ് എ ഐ ഓഡിറ്ററുടെ പങ്ക്. എ ഐ സിസ്റ്റങ്ങളിൽ ഉണ്ടാകുന്ന കൃത്യമല്ലാത്തതും പക്ഷപാതപരവുമായ നിലപാടുകളെ കണ്ടുപിടിക്കുകയും അത് പരിഹരിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് എ ഐ ഓഡിറ്റർക്ക് നിർവഹിക്കാനുള്ളത്. ഇത് പലപ്പോഴും നിയമപരമായ ബാധ്യത കൂടിയായി മാറുന്നു. സാങ്കേതികപരവും നിയമപരവുമായ യോഗ്യതയുള്ളവർക്ക് ഈ മേഖലയിൽ ശോഭിക്കാൻ കഴിയും.

എ ഐ എത്തിസ്റ്റ് /എത്തിക്‌സ് എക്‌സ്‌പെർട്ട്

എഐ സാങ്കേതിക വിദ്യ സുരക്ഷിതവും ധാർമികവുമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന പ്രൊഫഷനലിനെയാണ് എ ഐ എത്തിക്‌സ് എക്‌സ്‌പെർട് എന്ന് വിളിക്കപ്പെടുന്നത്. അൽഗോരിതമിക് സിസ്റ്റങ്ങളിൽ പക്ഷപാതം കുറക്കുന്നതിലും ന്യായബോധം വർധിപ്പിക്കുന്നതിലും എത്തിക്‌സ് വിദഗ്‌ധന്റെ സേവനം പ്രധാനമാണ്. എ ഐ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാകുന്നതോടെ  ഈ തൊഴിൽ നിർണായകമായ ആവശ്യകതയായി വളർന്നു വരുന്നുണ്ട്.

എ ഐ മെഷീൻ മാനേജർ

ടെക്സ്റ്റ് അധിഷ്ഠിത ഇടപെടലുകൾക്ക് അപ്പുറം ഹാർഡ്‌വെയറും സിസ്റ്റങ്ങളും നിയന്ത്രിക്കുന്നതിലേക്ക് എ ഐ വ്യാപിക്കുന്നതിനാൽ, എ ഐ സിസ്റ്റങ്ങളിലെ ഹാർഡ്‌വെയറുകൾ മറ്റ് സാങ്കേതിക മേഖലകൾ മുതലായവയുടെ മേൽനോട്ടം വഹിക്കാൻ മെഷീൻ മാനേജർമാർ ആവശ്യമാണ്. ജോലിയുടെ സങ്കീർണ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഈ റോളിന് സാധാരണയായി കമ്പ്യൂട്ടർ സയൻസ് ബിരുദവും എ ഐ ഉപയോഗ മേഖലയിൽ നല്ല പരിചയവും ആവശ്യമാണ്. ലഭ്യമായ എ ഐ സിസ്റ്റങ്ങൾ ഉപയോഗിച്ച് ഉപയോക്താവിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും ബിസിനസ്സ് സൊല്യൂഷനുകളും കൃത്യമായി ലഭ്യമാക്കുകയും അവ തെറ്റുകളില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യാൻ മെഷീൻ മാനേജർക്ക് കഴിയണം.

എ ഐ ഡാറ്റ ഡിറ്റക്റ്റീവ്

എഐ സിസ്റ്റങ്ങൾ മൂലമുണ്ടാകുന്ന ഡാറ്റാ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഈ വലിയ അളവിലുള്ള ഡാറ്റയെ ഫലപ്രദമായി വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രൊഫഷനലുകളാണ് ഡാറ്റ ഡിറ്റക്റ്റീവുകൾ.

കൃത്യവും കാര്യക്ഷമവുമായ എ ഐ മോഡലുകൾ വികസിപ്പിക്കുന്നതിൽ  നിർണായക ഘടകങ്ങളായ ഡാറ്റക്കുള്ളിലെ പാറ്റേണുകളും ഉൾക്കാഴ്ചകളും തിരിച്ചറിയുന്നതിന് സ്റ്റാറ്റിസ്റ്റിക്കൽ, മെഷീൻ ലേണിംഗ് ടെക്‌നിക്കുകൾ ഉപയോഗിക്കുന്നത് ഒരു ഡാറ്റ ഡിറ്റക്റ്റീവിന്റെ ജോലിയിൽ ഉൾപ്പെടുന്നു. ഡാറ്റ ഡിറ്റക്റ്റീവുകൾക്ക് ഡാറ്റ സയൻസ്, എ ഐ വികസനം, ബിസിനസ്സ് ഇന്റലിജൻസ് രംഗങ്ങളിൽ പരിജ്ഞാനമുണ്ടായിരിക്കണം.

എ ഐ സൈബർ സുരക്ഷാ അനലിസ്റ്റ്

എഐയുടെ വർധിച്ച ഉപയോഗം പുതിയ സൈബർ സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യം എ ഐ മേഖലയിൽ സൈബർ സുരക്ഷാ അനലിസ്റ്റിന്റെ പങ്ക് അനിവാര്യമാക്കുന്നു. എ ഐ പിന്തുണയോടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് സിസ്റ്റത്തെ സംരക്ഷിക എന്നതാണ് എ ഐ സൈബർ സെക്യൂരിറ്റി അനലിസ്റ്റുകളുടെ ചുമതല. ഈ പ്രൊഫഷനലിൽ ശോഭിക്കാൻ സാങ്കേതിക വൈദഗ്‌ധ്യം, വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാര കഴിവുകൾ എന്നിവ ആവശ്യമാണ്. എ ഐ സാങ്കേതികവിദ്യയും സൈബർ സുരക്ഷാ തത്വങ്ങളും തമ്മിലുള്ള  ബന്ധങ്ങളിലെ സങ്കീർണത വിശകലനം ചെയ്യാനും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാനും  സൈബർ സുരക്ഷാ അനലിസ്റ്റുകൾക്ക് കഴിവുണ്ടായിരിക്കണം.

എ ഐ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ്

കൂടുതൽ സ്ഥാപനങ്ങൾ എ ഐ രംഗത്തേക്ക് കടന്നുവരുന്നതിനാൽ അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ നേടുന്നതിനായി എ ഐ തന്ത്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ നേതൃത്വപരമായ പങ്ക് വഹിക്കുന്ന പ്രൊഫഷനലാണ് എ ഐ ബിസിനസ് സ്ട്രാറ്റജിസ്റ്റ്. എ ഐ സാങ്കേതികവിദ്യയെയും ബിസിനസ്സ് തന്ത്രത്തെയും കുറിച്ച് ആഴത്തിലുള്ള ധാരണ ഈ ജോലിയുടെ അവശ്യ യോഗ്യതയാണ്. ഒരു കമ്പനിയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും എ ഐ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുന്ന മേഖലകൾ തിരിച്ചറിയാനും, തന്ത്രപരമായ ഒരു പദ്ധതി വികസിപ്പിക്കാനും കഴിവുള്ള വ്യക്തി ആയിരിക്കണം എ ഐ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ്. കമ്പ്യൂട്ടർ സയൻസിലും ബിസിനസ്സ് മാനേജ്‌മെന്റിലും പ്രാവീണ്യമുള്ളവർക്ക് ഈ തൊഴിൽ മേഖല തിരഞ്ഞെടുക്കാം.

എ ഐ ഡാറ്റ ബ്രോക്കർ

എ ഐ സിസ്റ്റങ്ങൾ നിർമിക്കുന്ന വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്ന പ്രൊഫഷനലുകളാണ് ഡാറ്റ ബ്രോക്കർമാർ. ഈ ഡാറ്റ അസംസ്‌കൃത രൂപത്തിൽ നിന്ന് ശുദ്ധീകരിച്ച് സങ്കടിത രൂപത്തിലാക്കി പ്രവർത്തനക്ഷമമായ വിവരങ്ങളാക്കി മാറ്റുക എന്നതാണ് ഒരു ഡാറ്റാ ബ്രോക്കറുടെ ചുമതല.

ഡാറ്റ ഘടനകളെയും ഡാറ്റ വിശകലന സാങ്കേതികതകളെയും കുറിച്ചുള്ള ശക്തമായ ധാരണയും ഈ ധാരണകളെ  ഒരു സ്ഥാപനത്തിലെ തീരുമാനമെടുക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള കഴിവും ഈ റോളിന് ആവശ്യമാണ്. പ്രത്യേക യോഗ്യതകളൊന്നും നിഷ്‌കർഷിക്കുന്നില്ലെങ്കിലും കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രിയും നല്ല അനാലിറ്റിക്കൽ ശേഷിയും ഉള്ളവർക്ക് ഈ മേഖലയിൽ തിളങ്ങാനാകും.

ഈ തൊഴിൽ സാധ്യതകൾക്ക് പുറമെ എ ഐ പ്രോംപ്റ്റ് ഡിസൈനർ, ജനറേറ്റീവ് എ ഐ സ്‌പെഷ്യലിസ്റ്റ്, എ ഐ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, കൺവെർസേഷനൽ ഡിസൈനർ, ചാറ്റ്‌ബോട്ട് ഡെവലപ്പർ, എ ഐ ഇന്ററാക്ഷൻ ഡിസൈനർ തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എ ഐ ലോകത്ത്  വേറെയുമുണ്ട്. വിദ്യാഭ്യാസ യോഗ്യതക്കൊപ്പം ഓരോ തൊഴിൽ രംഗത്തും നല്ല പരിചയവും നൈപുണ്യവും വിവിധ പ്രമുഖ ഏജൻസികളുടെ സർട്ടിഫിക്കേഷനും നേടിയാൽ നിരവധി തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നുണ്ട്. ഭാവിയിലെ തൊഴിൽ സാധ്യതകൾ  മനസ്സിലാക്കി ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവും നേടി മുൻകൂട്ടി തയ്യാറെടുത്താൽ  മാത്രമേ നല്ല തൊഴിലുകൾ ലഭ്യമാകുകയുള്ളു.

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----

Latest