Connect with us

Kerala

സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍; കൂടുതല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരും- തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിവരിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അര്‍ഹമായ ഗ്രാന്റുകള്‍ നല്‍കാതേയും വായ്പകള്‍ വെട്ടിക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ്. പല ഗ്രാന്റുകളും കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് വര്‍ഷാവസാനം വായ്പയായി കിട്ടേണ്ടത് 10,233 കോടിരൂപയാണ്. ഇതുവരെ ലഭിച്ചത് 1900 കോടി മാത്രമാണ്. 8330 കോടി രൂപയുടെ വായ്പ വെട്ടിക്കുറച്ചു.

നിലവിലെ അവസ്ഥയില്‍ ചെലവുകള്‍ കുറക്കുകയല്ലാതെ സര്‍ക്കാറിന് മുമ്പില്‍ മറ്റ് വഴികളില്ല. കൂടുതല്‍ ട്രഷററി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. വാര്‍ഷിക പദ്ധതി വെട്ടിക്കുറക്കാനാകുമോയെന്നും ധനവകുപ്പ് പരിശോധിക്കുന്നുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന് കമ്പനി നിലവില്‍ വരും. എന്ത് പ്രതിസന്ധിയുണ്ടായാലും വായ്പ എടുത്തും പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എന്തുകൊണ്ടാണ് കേരളത്തിന്റെ ഗ്രാന്‍ഡുകള്‍ വെട്ടിക്കുറക്കുന്നതെന്ന് കേന്ദ്രം പറയുന്നില്ല. അവരുടെ നിലപാടില്‍ വലിയ വിരോധാഭാസമാണ്. ജി എസ് ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. എന്തുകൊണ്ട് പ്രളയ ദുരിതാശ്വാസം നല്‍കുന്നില്ല എന്നതിലും കേന്ദ്രം മറുപടി പറയുന്നില്ല. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest