Connect with us

Editorial

കേന്ദ്ര സഹായത്തിന് മാനദണ്ഡം കക്ഷിരാഷ്ട്രീയമോ?

Published

|

Last Updated

രാഷ്ട്രീയ പകപോക്കലിന് സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ധനസഹായങ്ങളും ആയുധമാക്കുകയാണ് മോദി സര്‍ക്കാര്‍. പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ഉന്നതതല യോഗം ഏഴ് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കിയപ്പോള്‍ കേരളത്തെ പാടേ തഴഞ്ഞു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അസമിന് 616.63 കോടി രൂപ, കര്‍ണാടകക്ക് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ത്രിപുര, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് യഥാക്രമം 956.93, 367.17, 63.32, 284.93 കോടി രൂപയും ധനസഹായം അനുവദിച്ചപ്പോള്‍ കേരളത്തിനു ഒരു രൂപ പോലുമില്ല. പ്രളയക്കെടുതികള്‍ അതിജീവിക്കാന്‍ സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കേരളം കേന്ദ്രത്തിനു കത്തയക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 2,101 കോടിയുടെ ധനസഹായം അത്യാവശ്യമാണെന്നു കാണിച്ച് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ഡോ. വി വേണു കേന്ദ്ര സംഘത്തിനു നിവേദനം നല്‍കുകയുമുണ്ടായി. 450 പേരുടെ മരണത്തിനിടയാക്കുകയും 25,000ത്തോളം പേരെ നേരിട്ടു ബാധിക്കുകയും ചെയ്ത ശക്തമായ പ്രളയമാണ് കഴിഞ്ഞ വര്‍ഷം കേരളം നേരിട്ടത്. കര്‍ണാടകക്കും മധ്യപ്രദേശിനും മഹാരാഷ്ട്രക്കും ബിഹാറിനും നേരത്തേ 3,200 കോടിയുടെ ഇടക്കാല ആശ്വാസവും അനുവദിച്ചിരുന്നു. അന്നും കേരളം തഴയപ്പെട്ടു.

കാലങ്ങളായി കേന്ദ്ര അവഗണന നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളം. ബജറ്റ്, റെയില്‍വേ, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ദേശീയ പാതകള്‍, ഭക്ഷ്യ സുരക്ഷാ പദ്ധതി തുടങ്ങിയ കാര്യങ്ങളിലൊന്നും സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം ലഭിക്കാറില്ല. കേന്ദ്രം കോണ്‍ഗ്രസിന്റെ കൈകളിലായപ്പോഴും ഉണ്ടായിരുന്നു ഈ വിവേചനമെങ്കിലും മോദി സര്‍ക്കാര്‍ വന്നശേഷം കൂടുതല്‍ രൂക്ഷമാണ്. 2018ല്‍ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനു വിസമ്മതിച്ചുവെന്നു മാത്രമല്ല, വിദേശ രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പ്രകൃതിദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്ന സുശീല്‍കുമാര്‍ മോദി സമിതിയുടെ നിര്‍ദേശവും കേരളത്തിന്റെ കാര്യത്തില്‍ പരിഗണിക്കപ്പെട്ടില്ല.

കേന്ദ്ര സംസ്ഥാന സഹകരണത്തിലൂന്നിയുള്ള ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. സ്‌റ്റേറ്റുകളും യൂനിയനും തമ്മിലുള്ള അധികാരവിഭജനത്തെക്കുറിച്ച് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ വിശദമായി പറയുന്നുണ്ട്. വിഭവങ്ങളുടെ നീതിപൂര്‍വമായ വികേന്ദ്രീകരണവും പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കുകയെന്നതും ഈ സഹകണാത്മക സംവിധാനത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനങ്ങള്‍ക്കിടയില്‍ യൂനിയന്‍ സര്‍ക്കാര്‍ വികേന്ദ്രീകരിക്കുന്ന അധികാരങ്ങളുടെയും വിഭവങ്ങളുടെയും നീതിയിലും തുല്യതയിലുമാണ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ബലപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് സഹായമനുവദിക്കുമ്പോള്‍ അതിന്റെ ആഴവും പരപ്പും നാശനഷ്ടങ്ങളും പരിഗണിച്ചായിരിക്കണം അത് കണക്കാക്കേണ്ടത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ചുറ്റുപാടുകളുടെ അടിസ്ഥാനത്തിലോ ഭരണത്തിലിരിക്കുന്ന കക്ഷി ഏതെന്നോ നോക്കി ആകരുത്. പ്രത്യുത അത് കേന്ദ്ര, സംസ്ഥാന ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനും ജനങ്ങളില്‍ അസ്വസ്ഥതയും അസംതൃപ്തിയും ഉടലെടുക്കാനും കാരണമാകുകയും സഹകരണാത്മക ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഖേദകരമെന്നു പറയട്ടെ, ഇന്ന് സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ സമീപനം ഈ തത്വത്തിനു ഒട്ടും നിരക്കാത്തതാണ്. കേന്ദ്ര ഭരണകക്ഷി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ പരിധി വിട്ടു സഹായിക്കുക, അല്ലാത്തവര്‍ക്ക് അര്‍ഹമായതു പോലും നല്‍കാതിരിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ സമീപകാല നയം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, പ്രളയം ഏറ്റവുമധികം ആളുകളെ ബാധിച്ചതും നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായതും കേരളത്തിലാണ്. എന്നിട്ടും കേരളത്തെ പാടേ തഴഞ്ഞ കേന്ദ്ര ഉന്നതാധികാര സമിതി കര്‍ണാടകക്കും ബിഹാറിനും വാരിക്കോരി നല്‍കുകയും ചെയ്തു.

കേരളം ബി ജെ പിയുടെ കൊടിയ രാഷ്ട്രീയ ശത്രുവായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിലും കര്‍ണാടകയും ബിഹാറും ബി ജെ പിയുടെ ആധിപത്യത്തിലുമാണെന്നതല്ലാതെ മറ്റെന്തു കാരണമാണ് ഈ വിവേചനത്തിനു മുന്‍വെക്കാനുള്ളത്. പൗരത്വ നിയമ ഭേദഗതിയോട് കേരളീയ ജനതയും സംസ്ഥാന സര്‍ക്കാറും പുലര്‍ത്തുന്ന കടുത്ത വിയോജിപ്പും കേന്ദ്രത്തെ അലോസരപ്പെടുത്തുന്നുണ്ടാകാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി ആസൂത്രിതവും ശക്തവുമായ പ്രതിഷേധ പരിപാടികളാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമസഭ ചേര്‍ന്നു നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയതുള്‍പ്പെടെ സംസ്ഥാന ഭരണകൂടം ഇക്കാര്യത്തില്‍ സ്വീകരിച്ച ധീരമായ നിലപാടുകളും പൗരത്വ പ്രശ്‌നത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചതും കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പി നേതൃത്വത്തെയും വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് അവകാശലംഘന സമിതിയില്‍ ബി ജെ പി അംഗങ്ങള്‍ പിണറായിക്കെതിരെ നടപടി ആവശ്യപ്പെട്ടത് ഇതിന്റെ പ്രതിഫലനമായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ ഈ കുരുട്ടു നിലപാട് പാര്‍ട്ടിക്കു കൂടുതല്‍ ക്ഷീണം വരുത്തിവെക്കുകയേ ഉള്ളു. അടവുകള്‍ പതിനെട്ട് പയറ്റിയിട്ടും ബി ജെ പിക്ക് കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകാത്തത് തങ്ങളുടെ വികലനയം കൊണ്ടാണെന്നു നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയുകയും വിഭവ വികേന്ദ്രീകരണത്തിലും സഹായ വിതരണത്തിലും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം സന്മനസ്സ് കാണിക്കുകയും വേണം.

Latest