Connect with us

National

നിര്‍ഭയ കേസ് : പ്രതികളുടെ വധശിക്ഷ 22ന് നടപ്പിലാക്കും

Published

|

Last Updated

ന്യൂഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ജനുവരി 22 നടപ്പാക്കും. ഇതു സംബന്ധിച്ച് മരണ വാറന്റ് പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചു.പ്രതികള്‍ക്ക് മരണ വാറന്റ് നല്‍കണമെന്ന നിര്‍ഭയയുടെ മാതാവിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു

22 രാവിലെ ഏഴ് മണിക്കാണ് നാല് പ്രതികളുടേയും ശിക്ഷ നടപ്പാക്കുക. അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കുക. തീഹാര്‍ ജയിലിലാണ് ഇവരെ തൂക്കിലേറ്റുക

വിഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി പ്രതികളുമായി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്തു പോകണമെന്ന് പട്യാലഹൗസ് കോടതി ജഡ്ജി ഉത്തരവിട്ടു. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപെടുവിക്കുന്നതിനു തടസമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കുക.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികള്‍ പൂര്‍ത്തിയാക്കാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ അവകാശമുണ്ടെന്നും പ്രതികള്‍ വാദിച്ചിരുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നല്‍കിയ ഹര്‍ജി ഡിസംബര്‍ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.

2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനു ഡല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പോലീസ് പിടികൂടി. മുഖ്യപ്രതി ഡ്രൈവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ക്കുപ്രായപൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.