Connect with us

Articles

ഉറപ്പ്, ഭീതി അവരെ വേട്ടയാടുന്നുണ്ട്‌

Published

|

Last Updated

ഭരണകൂടം അവതരിപ്പിക്കുന്ന, വിദ്യാര്‍ഥി സമൂഹത്തിനെതിരായ കിരാത വാഴ്ചകളുടെ, രക്തപങ്കിലമായ ഞായറാഴ്ച രാത്രികള്‍ തുടരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 15 ഞായറാഴ്ച രാത്രിയാണ് ജാമിഅയിലും അലിഗഢിലും പോലീസും സംഘ്പരിവാര്‍ ഗുണ്ടകളും തേര്‍വാഴ്ച നടത്തിയത്. ഇത് മറ്റൊരു ഞായറാഴ്ച രാത്രി- ജനുവരി അഞ്ച്. ഒരു വ്യത്യാസമേയുള്ളൂ, ജെ എന്‍ യുവില്‍ പോലീസ് നേരിട്ടൊന്നും ചെയ്തില്ല. അവര്‍ എ ബി വി പി ഗുണ്ടകള്‍ക്ക് കാവല്‍ നിന്നു. ആംബുലന്‍സുകള്‍ കടത്തി വിടാതെ, മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ, വിദ്യാര്‍ഥികളെ പുറത്തുവിടാതെ പോലീസ് വീണ്ടും അവരുടെ തനിനിറം കാണിച്ചു.

ഒരു സര്‍വകലാശാലയില്‍ കയറി പോലീസ് കാണിച്ച നെറികേടുകള്‍ മോദി സര്‍ക്കാറിന് ഏല്‍പ്പിച്ച ക്ഷതം ചെറുതായിരുന്നില്ല എന്ന ജാമിഅ-അലിഗഢ് പാഠമാണ് അമിത് ഷായുടെ ഡല്‍ഹി പോലീസ് റിസര്‍വില്‍ കാഴ്ചക്കാരാകാന്‍ കാരണമെന്ന് മനസ്സിലാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ തന്നെ ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ എഴുപത് ദിവസത്തിലധികമായി ഫീസ് വര്‍ധനവിനെതിരായി സമരം ചെയ്യുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖം മൂടി ധരിച്ചെത്തിയ സെക്യൂരിറ്റി ഗാര്‍ഡുകള്‍ കൈയേറ്റം നടത്തി. പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച പുരുഷ സെക്യൂരിറ്റി ജീവനക്കാരനെ തടഞ്ഞ യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ മുഖത്തടിച്ചു.

ശനിയാഴ്ചയും ഞായറാഴ്ച പകലും എ ബി വി പിക്കാര്‍ അക്രമാസക്തമായ ഒരന്തരീക്ഷം ക്യാമ്പസിനകത്ത് സൃഷ്ടിച്ചിരുന്നു. സമരക്കാരെ തെറിയഭിഷേകം ചെയ്തും മർദിച്ചും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് വേണ്ടവിധമൊരു സംഘര്‍ഷം നടക്കാതായപ്പോഴാണ് ആര്‍ എസ് എസ്- ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയും ആശിര്‍വാദത്തോടെയും എ ബി വി പി ഗുണ്ടകള്‍ ജെ എന്‍ യു ആക്രമിക്കുന്നത്. മുസ്‌ലിം വിദ്യാര്‍ഥികളുടെ, പ്രത്യേകിച്ച് കശ്മീരി മുസ്‌ലിം വിദ്യാര്‍ഥികളുടെ മുറികള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ടായിരുന്നുവത്രെ. മൂന്ന് വര്‍ഷം മുമ്പ് നജീബിനെ ഇല്ലാതാക്കിയതുപോലെ മറ്റാരെയെങ്കിലും അവര്‍ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടായിരുന്നു നമ്മില്‍ പലര്‍ക്കും. എന്നാല്‍ ഒരു നജീബ് മറഞ്ഞാലും വേറെ ആയിരം നജീബുമാര്‍ രംഗത്തുവരുമെന്ന പാഠവും ഇതിനകം സംഘ്പരിവാറിനുണ്ടായിട്ടുണ്ടല്ലോ. പക്ഷേ, ഐഷി ഘോഷ് അടക്കം ഇരുപതിലധികം വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അധ്യാപകരും ആക്രമണത്തിനിരയായി.
എപ്പോഴും പൊതുവത്കരിക്കുക പ്രായോഗികമല്ലെങ്കിലും അക്രമികളാരെന്ന് മനസ്സിലാക്കാന്‍ ആക്രമിക്കപ്പെടുന്നത് ആരെല്ലാമെന്നും ഏതു വിധേനയെന്നും ആക്രമണത്തിനും അവഹേളനത്തിനും ഇരയാകുന്ന ഇടങ്ങളേതെന്നും മനസ്സിലാക്കിയാല്‍ മതിയല്ലോ. ജാമിഅയിലാണെങ്കില്‍ ലൈബ്രറി, വായനാ മുറികള്‍, പള്ളികള്‍, ചരിത്ര പഠന വിഭാഗം എന്നിവയൊക്കെയാണ് ആക്രമിക്കപ്പെട്ട ഇടങ്ങള്‍. ജെ എന്‍ യുവില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍, അധ്യാപകരുടെ വീടുകള്‍, അവരുടെ വാഹനങ്ങള്‍. ആക്രമിക്കുന്ന രീതിയാകട്ടെ സംഘ്പരിവാറുകാരുടെ ക്രൂരമായ മതകീയ ആക്ഷേപം വിളിച്ചു പറഞ്ഞുള്ള, രാജ്യദ്രോഹം ആരോപിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍. എല്ലായിപ്പോഴും നാസികളുടെ ഫാസിസ്റ്റുകളുടെ സ്വതസിദ്ധമായ മുറകളും. ആക്രമിക്കപ്പെടുന്നത് സര്‍ക്കാറിനോടും സംഘ്പരിവാരത്തോടും വിയോജിപ്പുള്ളവരും. സ്ത്രീവിരുദ്ധമായ, വര്‍ഗീയമായ, അക്രമണോത്സുകമായ, ഭീകരമായ, ജ്ഞാനപ്രദാന സമ്പാദന ഇടങ്ങളോട് വൈരാഗ്യപരമായ വിദ്വേഷം വെച്ചു പുലര്‍ത്തുന്ന സംഘ്പരിവാറുകാരാണ് ഇതിനെല്ലാം പിന്നിലെന്ന് മനസ്സിലാകാത്തവര്‍ രാജ്യത്തെ “മോഡിയ”കള്‍ മാത്രമായിരിക്കും.

ക്രമസമാധാനത്തിന്റെ പേരില്‍ ജാമിഅ പരിസരത്തും സീലംപൂരുമടക്കം ഡല്‍ഹിയില്‍ പലയിടങ്ങളിലും ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയ ഡല്‍ഹി പോലീസ് ജെ എന്‍ യു സംഭവത്തില്‍ അക്രമികള്‍ക്ക് കാവലൊരുക്കുകയായിരുന്നു എന്നതില്‍ അതിശയോക്തിയില്ലെങ്കിലും രാജ്യത്തിന്റെ ഭാവി എത്രമേല്‍ അക്രമാസക്തമാകുന്നു എന്നതോര്‍ത്ത് ആശങ്കപ്പെടാതിരിക്കാനാകില്ല. ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പോലീസ് ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കി. ക്യാമ്പസിനു പുറത്തേക്ക് രക്ഷപ്പെടാന്‍ നോക്കിയ വിദ്യാര്‍ഥികളെ ഗേറ്റ് അടച്ച് ക്യാമ്പസിനകത്ത് തന്നെ കുരുക്കിയിട്ടു.

ആംബുലന്‍സുകള്‍ വന്നപ്പോള്‍ അകത്തേക്ക് വിടാതെ തടഞ്ഞുവെച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയകളെയും ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ യോഗേന്ദ്ര യാദവ് അടക്കമുള്ള രാഷ്ട്രീയക്കാരെയും പുറത്ത് സംഘടിച്ചു നിന്ന ആര്‍ എസ് എസ് ഗുണ്ടകള്‍ ആക്രമിച്ചപ്പോഴും പോലീസ് പ്രതിമകളെ പോലെ നിന്നു. ഒടുവില്‍ ക്യാമ്പസിന്റെ നിയന്ത്രണം വീണ്ടും ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചപ്പോള്‍ പോലീസ് അകത്തുകയറി. സമരം തുടര്‍ന്ന വിദ്യാര്‍ഥികളെ പിരിച്ചുവിടാനായി പിന്നെ ശ്രമം. തങ്ങളെ അക്രമിച്ചവര്‍ ക്യാമ്പസിനകത്തും ഗേറ്റിനു പുറത്തുമുണ്ട്, അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ കോടതിയില്‍ പോയി പറയൂ എന്നാണ് പോലീസ് മേധാവികളുടെ ഭാഷ്യം. കോടതിയില്‍ പോയ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് നീതി കിട്ടിയിട്ടില്ല. തങ്ങളെ ആക്രമിക്കാന്‍ മാത്രം താത്പര്യം കാണിക്കുന്ന പോലീസ് ഇനി തങ്ങളുടെ ക്യാമ്പസില്‍ കയറേണ്ടെന്ന് വിദ്യാര്‍ഥികളും നിലപാടെടുത്തു. വേറെ നിവൃത്തിയില്ലാതെ പോലീസ് ഭാഗികമായെങ്കിലും പിന്‍വാങ്ങി.

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങള്‍ അക്രമാസക്തമാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാറിന്റെ ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്. അക്രമം അഴിച്ചുവിടുന്നത് മുസ്‌ലിംകളാണെന്ന വര്‍ഗീയ പ്രചാരണവും ഉണ്ട്. അതിന്റെ തുടക്കമായിരുന്നല്ലോ പ്രധാനമന്ത്രിയുടെ വേഷം നോക്കി കലാപകാരികളെ അറിയാം എന്ന പ്രസ്താവന. രാജ്യത്തെമ്പാടുമുള്ള പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആവശ്യവും കാരണങ്ങളുമുള്ളതു പോലെ അവിടുത്തെ സമരങ്ങളും മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അവിടുത്തെ ജനങ്ങള്‍ താരതമ്യേന അക്രമാസക്തരുമായിരുന്നു. പക്ഷേ, അസമിലാണ് പോലീസ് വെടിവെപ്പുണ്ടായത്. അവിടെയാണ് വലിയ തോതില്‍ ആക്രമണങ്ങളുമുണ്ടായത്. അസം ഭരിക്കുന്നത് ബി ജെ പിയാണ്. അതുപോലെ സമരക്കാര്‍ കലാപം ഉണ്ടാക്കുന്നു എന്ന് ബി ജെ പി പ്രചരിപ്പിക്കുന്ന ഉത്തര്‍പ്രദേശും കര്‍ണാടകയും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഡല്‍ഹിയിലും ക്രമസമാധാനത്തിന്റെ ഉത്തരവാദിത്വം ബി ജെ പിക്ക് തന്നെ. എല്ലായിടത്തും സമരക്കാരെ പ്രകോപിപ്പിക്കുന്നതും വംശീയമായി ഉന്നമിട്ട് ആക്രമിക്കുന്നതും, സമാധാനപരമായ സമരങ്ങളെ പോലും ക്രൂരമായി നേരിടുന്നതും, സ്വകാര്യ പൊതു വാഹനങ്ങള്‍ നശിപ്പിക്കുന്നതും ബി ജെ പി നേതാക്കളുടെ മേല്‍നോട്ടത്തില്‍ പോലീസ് തന്നെയാണ്. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലുള്ള സാദാത് യതീംഖാനയിലും മദ്‌റസയിലും ഉത്തര്‍ പ്രദേശ് പോലീസ് നടത്തിയ കിരാത വാഴ്ച പ്രാകൃതവും ലജ്ജാകരവുമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടിച്ചുകൊണ്ടുപോയി ബലാത്കാരമായി പീഡിപ്പിച്ച ഉത്തര്‍ പ്രദേശ് പോലീസ് നടപടി മാത്രം മുന്‍നിര്‍ത്തി യോഗി ആദിത്യനാഥ് സര്‍ക്കാറിനെ പിരിച്ചുവിടേണ്ടതുണ്ട്. ഉത്തര്‍ പ്രദേശില്‍ മാത്രം മുപ്പതോളം ആളുകളെ പോലീസ് വെടിവെച്ചുകൊന്നു. പോലീസ് തന്നെ മുസ്‌ലിംകളുടെ വീടുകള്‍ കൊള്ളയടിക്കുന്നു. സര്‍ക്കാര്‍ അവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്യുന്നു. ഗോധ്ര കലാപം പുനരാവിഷ്‌കരിക്കാന്‍ യോഗി ശ്രമിക്കുന്നുവെന്ന വിമര്‍ശനം തെറ്റല്ലെന്ന് വിവിധ വസ്തുതാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നു.

അതിനിടെ കഴിഞ്ഞ ദിവസമാണ് ജാമിഅയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് വെടിവെച്ചു എന്ന് സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ബി ജെ പിയുടെ പോലീസാണ് നാടൊട്ടുക്കും കലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്ന ആരോപണം ഇനിയും നിഷേധിക്കാനാകാത്ത ഒരു വസ്തുതയായിരിക്കുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലും ഈ അടുത്ത് പോണ്ടിച്ചേരി സര്‍വകലാശാലയിലും ആര്‍ എസ് എസ് നടത്തിയ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണവും. ജാദവ്പൂരില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നേതൃത്വമായിരുന്നെങ്കില്‍ പോണ്ടിച്ചേരിയില്‍ പ്രാദേശിക ബി ജെ പി നേതാക്കളായിരുന്നു മുമ്പില്‍. ജാമിഅക്കും ഇപ്പോള്‍ ജെ എന്‍ യുവിനും നേരെയുള്ള ഈ ആക്രമണങ്ങള്‍ ഡല്‍ഹിയിലെ ബി ജെ പി. എം പിമാരായ മീനാക്ഷി ലേഖി, ഹൻസ് രാജ് തുടങ്ങിയവരുടെ ആസൂത്രണത്തോടെയാണെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു. പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങാന്‍ തീരുമാനിച്ച ബി ജെ പിയുടെ അധ്യക്ഷനും ഈ കരിനിയമത്തിന്റെ അവതാരകനുമായ അമിത് ഷായെ ഡല്‍ഹിയില്‍ യുവതീയുവാക്കള്‍ ഗോ ബാക്ക് വിളിച്ചതിന്റെ നാണക്കേട് എങ്ങനെയാണ് സംഘ്പരിവാര്‍ അവരുടെ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ മറക്കുന്നതും മായ്ക്കുന്നതും? ഇങ്ങനെയൊക്കെയുള്ള ആക്രമണങ്ങളിലൂടെ തന്നെയാണ് എന്നതായിരിക്കും ഉത്തരം.

ഫാസിസം തോല്‍ക്കാന്‍ തുടങ്ങുന്നതു കൊണ്ടാണ് അവരിങ്ങനെയുള്ള മുഖം മറച്ച ആക്രമണങ്ങള്‍ക്ക് മുതിരുന്നത്. പരാജയ ഭീതിയുടെ വെപ്രാളമാണിതെല്ലാം.
എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാര്‍ഥികളെയും യുവാക്കളെയും ആക്രമണങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് വ്യാമോഹിക്കുന്ന ഭരണകൂടത്തിന് മാതൃക ഏകാധിപത്യമായിരിക്കുമല്ലോ. അതേ ഏകാധിപത്യങ്ങളുടെ ചരിത്രം ഇവിടെയും ആവര്‍ത്തിക്കുമെന്നും എല്ലാ സ്വേച്ഛാധിപതികളും അക്രമികളും ഒടുവില്‍ നിലംപതിക്കുമെന്നും തിരിച്ചറിയുമെങ്കില്‍ ഇത് രമ്യതയില്‍ പര്യവസാനിച്ചേക്കും. മറിച്ചെങ്കില്‍ ഇന്ത്യയെ ഇന്ത്യയിലെ നല്ലവരായ ജനങ്ങള്‍ രക്ഷിക്കട്ടെ.