Connect with us

National

ഇതാ, പോലീസ് ഭീകരതയുടെ ജീവിക്കുന്ന തെളിവുകൾ

Published

|

Last Updated

പോലീസ് മർദനമേറ്റ ആസാദ് റാസാ ഹുസൈനിയും മുഹമ്മദ് ആസാദും

മുസാഫർനഗർ | ഉത്തർ പ്രദേശിലെ മുസാഫർനഗർ ആര്യ സമാജ് റോഡിൽ സ്ഥിതി ചെയ്യുന്ന ശിയാ അറബിക് കോളജാണ് സാദാത് മദ്‌റസ. ആസാദ് റാസ ഹുസൈനിയെന്ന 72കാരനാണ് മദ്‌റസ നടത്തുന്നത്. ഡിസംബർ 20ലെ പ്രതിഷേധത്തിന് ശേഷം ഇവിടെയുള്ള വിദ്യാർഥികളെയും പോലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. എല്ല് പൊട്ടിയും ശരീരമാസകലം ചതവ് പറ്റിയുമാണ് വിദ്യാർഥികൾ തിരിച്ചെത്തിയത്. 15നും 20നും ഇടയിൽ പ്രായമുള്ള നൂറോളം വിദ്യാർഥികളാണ് ഇവിടെയുള്ളത്. “കലാപകാരികളെ” കണ്ടെത്താൻ എന്ന് ആക്രോശിച്ച് 20 പോലീസുകാരാണ് മദ്‌റസയിലെത്തിയത്. പ്രതിഷേധക്കാർ മദ്‌റസയിൽ അഭയം തേടിയിട്ടുണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പോലീസുകാർ ഹുസൈനിയെയും 35 മദ്‌റസാ വിദ്യാർഥികളെയും പിടിച്ചു കൊണ്ടുപോയി. ഒരു കൂട്ടം പ്രതിഷേധക്കാർ ക്യാമ്പസിലേക്ക് കയറിയെന്നും അവിടെ ചെന്ന് അവരെ പിടികൂടുകയും കൂട്ടത്തിൽ ചില വിദ്യാർഥികളെ കൊണ്ടുപോകുകയും ചെയ്തുവെന്നാണ് മുസാഫർനഗർ എസ് എസ് പി അഭിഷേക് യാദവ് പറഞ്ഞത്. വിദ്യാർഥികളാണെന്ന് അറിഞ്ഞതോടെ 28 വിദ്യാർഥികളെയും ഹുസൈനിയെയും രാത്രി തന്നെ വിട്ടയച്ചു. നാല് വിദ്യാർഥികളെ കുറച്ചുകഴിഞ്ഞാണ് വിട്ടയച്ചതെന്നും എസ് എസ് പി പറഞ്ഞു. ചില വിദ്യാർഥികൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണെന്ന് മദ്‌റസാ മാനേജ്‌മെന്റ് പറയുന്നു.

രാത്രി പതിനൊന്ന് മണിയോടെയാണ് സീതാപൂരിൽ നിന്നുള്ള 21കാരനായ ഇർഫാൻ ഹൈദറിനെ പോലീസ് വിട്ടയക്കുന്നത്. മദ്‌റസാ വിദ്യാർഥിയാണ് ഹൈദർ. തിരിച്ചെത്തുമ്പോൾ വലതുകാലിന് പൊട്ടലും ഇടതു കൈക്ക് പരുക്കുമുണ്ടായിരുന്നു. ഇപ്പോൾ വീൽചെയർ ഉപയോഗിക്കുന്നു. പോലീസുകാർ തലങ്ങും വിലങ്ങും മർദിച്ചതായി ഹൈദർ പറഞ്ഞു. മൗലാനയെയും മറ്റ് വിദ്യാർഥികളെയും പോലീസ് ക്രൂരമായി മർദിച്ചു. ഭയാനക അനുഭവമായിരുന്നു അത്. അതിനെ കുറിച്ച് സംസാരിക്കാൻ പോലും ഭയമാണ് ഇവർക്ക്. പോലീസ് കസ്റ്റഡിയിൽ വിദ്യാർഥികളെ മർദിച്ചില്ലെന്നാണ് എസ് എസ് പി യാദവ് അവകാശപ്പെടുന്നത്. വിദ്യാർഥികളുടെ പിന്നിൽ പ്രതിഷേധക്കാർ ഒളിക്കാൻ ശ്രമിച്ചപ്പോൾ മദ്‌റസയിൽ വെച്ച് വിദ്യാർഥികളെ മറയായി ഉപയോഗിച്ചപ്പോഴുമാണ് പരുക്ക് പറ്റിയതെന്ന് യാദവ് പറയുന്നു.

എന്നാൽ പോലീസ് കസ്റ്റഡിയിൽ ബാറ്റൺ കൊണ്ട് അടി കിട്ടിയെന്ന് വിദ്യാർഥികൾ ആണയിടുന്നു. പോലീസ് വെള്ളം പോലും നൽകിയില്ലെന്നും ചില വിദ്യാർഥികൾ പറയുന്നു. വെള്ളം നൽകില്ലെന്നും ദാഹം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ മൂത്രം കുടിപ്പിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറയുന്നു.

ഹുസൈനിയുടെ കൈ പൊട്ടിയിട്ടുണ്ട്. കാലിന് പരുക്കും പറ്റി. ഇപ്പോൾ കിടപ്പിലാണ്. പോലീസ് പിടിച്ചു കൊണ്ടുപോയതിന് ശേഷം ആദ്യമായി കാണുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ഹുസൈനിയെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രമേഹ രോഗിയായ ഹുസൈനിയുടെ രക്ത സമ്മർദം കസ്റ്റഡിയിലായതിന് ശേഷം കുത്തനെ ഉയർന്നു. ഇപ്പോൾ സാധാരണ നില കൈവരിക്കുന്നതേയുള്ളൂ. ശരീരത്തിനേറ്റ പരുക്കുകൾക്ക് പുറമേ 72കാരനെ മാനസികമായി ഇത് വല്ലാതെ വേട്ടയാടുന്നുണ്ട്. നാട്ടിൽ ഏറെ ആദരവ് ലഭിക്കുന്ന വ്യക്തിയാണ് ഹുസൈനി. പാവപ്പെട്ട വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സ്ഥാപനത്തിന് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഈ പോലീസ് മർദനം അദ്ദേഹത്തെ അപമാനിക്കുക കൂടി ചെയ്തിട്ടുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

തകർന്ന കാറുകളും സി സി ടി വി ക്യാമറകളും തച്ചുതകർത്ത ജനാലകളുടെ ചില്ലുകൾ നിറഞ്ഞ വരാന്തയും ക്ലാസ് മുറികളും തുടങ്ങി ആകെ അലങ്കോലപ്പെട്ടിരിക്കുകയാണ് മദ്‌റസ. ഡിസംബർ 20ന് വൈകിട്ട് 4.10നാണ് പോലീസ് മദ്‌റസയിലേക്ക് ഇരച്ചുകയറിയതെന്ന് സാദാത് ഹോസ്റ്റൽ ജോയിന്റ് സെക്രട്ടറി ഖുറം അലി പറഞ്ഞു. മദ്‌റസയിലെത്തിയ പോലീസ് വടി കൊണ്ട് കൈക്കും കാലിനും പുറത്തും അടിച്ചതായി ജീവനക്കാരൻ 60കാരനായ ഖാസിം ഹസ്‌നൈൻ പറഞ്ഞു.
മദ്‌റസയിൽ മാത്രമല്ല മുസാഫർനഗറിലെ പല വീടുകളിലും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മദ്‌റസയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ താമസിക്കുന്ന അറബി പണ്ഡിതനും അധ്യാപകനുമായ 50കാരൻ മുഹമ്മദ് ആസാദിനെയും പോലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. പോലീസ് മർദനത്തിൽ കൈ പൊട്ടുകയും ശരീരത്തിൽ പലയിടങ്ങളിലും ചതവ് പറ്റുകയും ചെയ്തു. കഴിഞ്ഞ 50 വർഷത്തെ ജീവിതത്തിനിടയിൽ ഇത്രയധികം ക്രൂരതക്ക് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് ആസാദ് പറയുന്നു. പാക്കിസ്ഥാനിലേക്ക് പോയ്‌ക്കൊള്ളണമെന്ന് തന്നോട് പോലീസ് ആക്രോശിച്ചു. ഹറാം സാദ എന്ന് വിളിക്കുകയും ചെയ്തതായി ആസാദ് പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരെയും പോലീസ് പിടിച്ചു കൊണ്ടുപോയിരുന്നു. സൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലി ചെയ്യുന്ന 15കാരൻ ആമിർ സുലൈമാൻ ഇവരിലൊരാളാണ്. ഒരു കണ്ണ് കാണാത്ത ആളാണെന്ന് പറഞ്ഞിട്ടും പോലീസുകാർ ആമിറിനെ വാനിലേക്ക് എടുത്തെറിഞ്ഞ് നിർത്താതെ അടിച്ചു. മർദനത്തിൽ ആമിറിന്റെ കൈ പൊട്ടി. ഷോപ്പിലേക്ക് പോകുമ്പോഴാണ് മീനാക്ഷി ചൗക്കിൽ വെച്ച് പോലീസ് തടഞ്ഞുനിർത്തി കൊണ്ടുപോയത്. അന്ന് മീനാക്ഷി ചൗക്കിൽ കണ്ടവരെയെല്ലാം പോലീസ് കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു.

Latest