Connect with us

National

ഡൽഹിയിൽ ജനവിധി ഫെബ്രുവരി എട്ടിന്; ഫലം 11ന്

Published

|

Last Updated

ഡൽഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം എട്ടിന് നടക്കും. എഴുപത് നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണെൽ ഫെബ്രുവരി 11ന് നടക്കും. വാര്‍ത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറയാണ്  തിയതി പ്രഖ്യാപിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാജ്യ തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. ഡൽഹി പോലീസ് കമ്മീഷനുമായി ചർച്ച നടത്തി  സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് തിയതി തീരുമാനിച്ചതെന്ന് സുനിൽ അറോറ പറഞ്ഞു. ഈ മാസം 14ന് വിജ്ഞാപനമുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി 21നാണ്. 22ന് സൂക്ഷ്മ പരിശോധനയും നടക്കും. ജനുവരി 24 വരെ പത്രിക പിൻവലിക്കാം. ശേഷം 15 ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടികൾക്ക് ലഭിക്കുക. എന്നാൽ,  ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം പങ്കെടുത്ത രണ്ട് റാലികൾ ബി ജെ പി ഇതിനോടകം സംഘടിപ്പിച്ചിചിട്ടുണ്ട്.

ഫെബ്രുവരി 22നാണ് ഡൽഹിയിൽ അരവിന്ദ് കെജ്‍രിവാളിന്‍റെ  ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുക. 2015-ല്‍ ഫെബ്രവരി പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.  70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ്  എ എ പി അധികാരത്തിലേറിയത്.  ബാക്കിയുള്ള മൂന്ന് സീറ്റുകൾ ബി ജെ പി നേടിയപ്പോൾ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല.  ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റം നടത്തിയെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തിലും നിർണായകമാകുമെന്നാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും കണക്കു കൂട്ടുന്നത്.

Latest