Connect with us

Kerala

ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ്സ് ലീഡേഴ്‌സ് കോൺക്ലേവ് നാളെ

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാൻ കലാലയങ്ങളിലെ വിദ്യാർഥി നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സംവദിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ‌്സ് ലീഡേഴ്‌സ് കോൺക്ലേവ് നാളെ രാവിലെ പത്തിന് ഫാറൂഖ് കോളജിൽ നടക്കും. സംസ്ഥാനത്തിന്റെ വികസന നയം രൂപവത്കരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റുഡന്റ‌്സ് ലീഡേഴ്‌സ് കോൺക്ലേവിലൂടെ മുഖ്യമന്ത്രി വിദ്യാർഥി യൂനിയൻ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നത്.
ഒന്നാംഘട്ട പരിപാടി ഡിസംബർ പത്തിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. രണ്ടാം കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്ററിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സർവകലാശാലകളിലെ യൂനിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളജുകളിലെയും യൂനിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരാണ് പങ്കെടുക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ, ഗുണമേന്മക്കുള്ള നിർദേശങ്ങൾ, നവകേരള നിർമിതിക്കുള്ള വിദ്യാർഥി സമൂഹത്തിന്റെ കാഴ്ചപ്പാടും പങ്കാളിത്തവും എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി വിദ്യാർഥി പ്രതിനിധികളുമായി ആശയ വിനിമയം നടത്തും. മുഴുസമയം മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കും.
മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സ്വാഗതവും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്്ടർ വി വിഘ്‌നേശ്വരി നന്ദിയും പറയും. രാവിലെ എട്ടിന് വിദ്യാർഥി പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും.

Latest