Connect with us

International

ബഗ്ദാദില്‍ വീണ്ടും യു എസ് ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ്:ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബഗ്ദാദില്‍വീണ്ടും അമേരിക്ക ആക്രമണം നടത്തി. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം.രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സുലൈമാനി കൊല്ലപ്പെട്ടതിന് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും യു എസ് ആക്രമണം ഉണ്ടായത്.

ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡര്‍അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെഎല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
ഇറാനിയന്‍ അക്രമ പദ്ധതികള്‍ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായിരുന്നു നടപടിയെന്നും പകരം യുദ്ധം ആരംഭിക്കുന്നതിനല്ലെന്നും ട്രംപ് പറഞ്ഞു. പുതിയ സാഹചര്യത്തില്‍ അമേരിക്ക മിഡില്‍ ഈസ്റ്റ് മേഖലയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.