Connect with us

Kozhikode

വിദ്യാർഥികളിൽ ചരിത്ര ബോധം വളർത്തലാണ് ഫാഷിസത്തെ ചെറുക്കാനുള്ള വഴി: പി സുരേന്ദ്രൻ

Published

|

Last Updated

മധ്യമേഖലാ മഴവിൽ പുസ്തക സഞ്ചാരം ചവാക്കാട് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | വികലമായ ചരിത്ര ബോധവും ചരിത്ര വ്യാഖ്യാനവുമാണ് ഫാസിസത്തിന്റെ വളര്‍ച്ചക്ക് കാരണമെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍. എസ് എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഐ പി ബിയുടെ പുസ്തക സഞ്ചാരം  ചാവക്കാട് ഐ ഡി സി ഇംഗ്ലീഷ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വംശീയമായി വിഭജിക്കാനുള്ള ശ്രമത്തെ ശരിയായ ചരിത്ര ബോധത്തിലൂടെ  പ്രതിരോധിക്കാന്‍ സാധിക്കണം. ശരിയായ ചരിത്ര ബോധം ആര്‍ജ്ജിക്കണമെങ്കില്‍ അഗാധമായ വായനയും പഠനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസം എല്ലാ തരത്തിലുള്ള സര്‍ഗാത്മക ഭാവങ്ങളേയും ഇല്ലായ്മ ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്.ലോകത്തിന്റെ ചരിത്രത്തില്‍ ഫാസിസം പടര്‍ന്ന രാജ്യങ്ങളിലൊക്കെയും അഗാധമായി സാഹിത്യത്തിനും സംസ്‌കാരത്തിനും മുറിവേറ്റതായി കാണാന്‍ സാധിക്കും. അതിനെ ചെറുക്കണമെങ്കില്‍ നല്ല സര്‍ഗ ഭാവം ഉണ്ടാവണം.
എസ് എസ് എഫിന്റെ  ഈ പുസ്തക സഞ്ചാരം ആ തരത്തില്‍ സര്‍ഗാത്മകതയുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ശ്രമമായി മാറണം. ദര്‍ശനങ്ങള്‍ കൈമോശം വന്ന് പോകുന്ന ഏത് ജനതയും അരാജകത്വത്തിന്റെയോ വംശീയതയുടെയോ പടുകുഴിയില്‍ വീണു പോവും.വീഴാതിരിക്കണമെങ്കില്‍ ദാര്‍ശനികമായ വീണ്ടെടുപ്പ് ആവശ്യമാണ്.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സര്‍ഗാത്മകമായ രാഷ്ട്രീയവും ആവശ്യമാണ്. രാഷ്ട്രീയം നമ്മള്‍ ചവിട്ടി  നില്‍ക്കുന്ന മണ്ണിന്റെ ജനതയുടെ  അതിജീവനുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 രണ്ടു കേന്ദ്രങ്ങളില്‍ നിന്നാണ് പുസ്തക സഞ്ചാരം പ്രയാണം ആരംഭിച്ചത്. കാസര്‍കോഡ് മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം  ബി എസ് അബ്ദുല്ല ഫൈസി  ഉദ്ഘാടനം ചെയ്തു. യുവ കവി തസ്ലീം കൂടരഞ്ഞി വിഷയാവതരണം നടത്തി.

മഴവിൽ പുസ്തക സഞ്ചാരം വടക്കൻ മേഖല ഉദ്ഘാടനം ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി നിർവഹിക്കുന്നു

കേരളത്തിലെ 14 ജില്ലകളിലൂടെ 45 ദിവസത്തെ പ്രയാണത്തിനു ശേഷം ഫെബ്രുവരി 29 ന് തിരുവനന്തപുരം വിഴിഞ്ഞത്തും വയനാട്ടിലെ കല്‍പറ്റയിലും ഇരു സഞ്ചാരങ്ങളും സമാപിക്കും. സ്‌കൂളുകളുലെ മഴവില്‍ ക്ലബുകളിലൂടെ രണ്ടു ലക്ഷം വിദ്യാര്‍ഥികളിലേക്ക് വായനയുടെ മഹത്വത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇരുപത് പ്രസിദ്ധീകരണ വിഭാഗങ്ങളുടെ കാല്‍ ലക്ഷം പുസ്തകങ്ങളാണ് സഞ്ചാരത്തിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 സ്‌കൂളുകളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കും. 50 നഗരങ്ങളില്‍ പുസ്തക പ്രകാശനവും വില്‍പനയും നടക്കും. സ്‌കൂളുകളില്‍ പുസ്തക ചര്‍ച്ച, കവിയരങ്ങ്, ക്വിസ് മത്സരം, കഥ-കവിത-ഉപന്യാസ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.ചാവക്കാട് നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ് എസ് എഫ് ജില്ല പ്രസിണ്ടന്റ് .പി സി റഊഫ് മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു.കെ കെ മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.അബ്ദുലത്തീഫ് ഹാജി ബ്ലാങ്ങാട്,പി കെ ജഅഫര്‍ മാസ്റ്റര്‍,താജുദ്ദീന്‍ നിസാമി പൊന്നാനി,ഇ കെ റസാഖ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. സ്വഫ് വാൻ കോട്ടുമല സ്വാഗതവും ഷിഹാബ് സഖാഫി താന്ന്യം നന്ദിയും പറഞ്ഞു.

കാസര്‍ക്കോട് മുഹിമ്മാത്ത് സ്ക്കൂളില്‍  നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്ക്കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എം ടി രൂപേഷ് ,ഉമര്‍ സഖാഫി കര്‍ന്നൂര്‍,അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ശംസീര്‍ സൈനി സ്വാഗതവും  റഷീദ് സഅദി പൂങ്ങോട് നന്ദിയും പറഞ്ഞു.

Latest