Connect with us

International

തിരിച്ചടിക്കുമെന്ന് ഇറാന്‍; ലോകം യുദ്ധ ഭീതിയില്‍

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാഖിലെ ബഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കന്‍ നടപടി ഭീകര പ്രവര്‍ത്തനത്തിന് തുല്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ആരോപിച്ചു.
ഐഎസ്, അല്‍നുസ്‌റ, അല്‍ക്വയ്ദ, തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഖുദ് സേനാ തലവനെയാണ് അമേരിക്ക വധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ നടപടി അത്യന്തം അപകടകരവും ശുദ്ധമണ്ടത്തരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ സരീഫ് തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണമെന്ന് പെന്റഗണ്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുംവിധം ട്രംപ് യു എസ് ദേശീയ പതാകയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.
ബഗ്ദാദ് വിമാനത്താവളത്തിലേക്ക് വരും വഴിയാണ് സൊലൈമാനിയും ഇറാന്‍ കമാന്‍ഡോകളും യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യു എസ് പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നാണ് അമേരിക്കന്‍ വിശദീകരണം. റവല്യൂഷണറി ഗാര്‍ഡ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ ഫോഴ്‌സിന്റെ തലവനാണ് കാസെം സോലൈമാനി. രാജ്യത്തെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവ്കൂടിയാണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ ഇറാന്റെ ഏത് തരത്തിലാകും പ്രതികാരം ചെയ്യുകയെന്നതാണ് ലോകം ഇപ്പോള്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അതേ സമയം ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിരിക്കുകയാണ്.

Latest