Connect with us

Ongoing News

ഹനീഫ വായനയിലാണ്

Published

|

Last Updated

വായനയാണ് ഹനീഫക്ക് ജീവിക്കാനുള്ള ഊർജം നൽകുന്നത്. കൗമാരത്തിൽ അരക്കുതാഴെ തളർന്ന് കിടക്കാനായിരുന്നു വിധി. നാല് ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ടപ്പോൾ ജീവിത സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിച്ചത് വായനയാണ്. ജീവിതം ചക്രക്കസേരയിൽ ഉരുളുമ്പോഴും വായനയുടെ ലോകത്താണ് തിരൂരങ്ങാടി ചെറുമുക്കിലെ ഹനീഫ. അയ്യായിരത്തിലധികം പുസ്തകങ്ങളാണ് ഇതുവരെ വായിച്ച് തീർത്തത്. ഒരു കൂട്ടുകാരനെപ്പോലെ കൈയിൽ ഒരു പുസ്തകമുണ്ടാകും. വെറുതെ വായിച്ച് തീർക്കുകയല്ല. ഓരോ പുസ്തകത്തിന്റെയും ആസ്വാദനവും നോട്ടിൽ കുറിച്ചിടുന്നുണ്ട്.

2000ത്തിൽ ഹയർ സെക്കൻഡറിയിൽ പഠിക്കുമ്പോഴാണ് വാഹനാപകടത്തിൽപ്പെട്ട് ഹനീഫയുടെ ചലനശേഷി നഷ്ടപ്പെട്ടത്. പിന്നീട് ഇച്ഛാശക്തി കൊണ്ട് മുന്നേറിയത് വായനയുടെയും എഴുത്തിന്റെയം ലോകത്തേക്കായിരുന്നു. ശരീരം അനക്കാനാകാതെ വാട്ടർ ബെഡിൽ കിടക്കുമ്പോഴും ഹനീഫ പുസ്തകങ്ങളോട് കൂട്ടുകൂടി. നൂറുകണക്കിന് പുസ്തകങ്ങൾ ഇക്കാലയളവിലും വായിച്ചു. അപകടം കൗമാരത്തിന്റെ നിറപ്പകിട്ട് തല്ലിക്കെടുത്തിയെങ്കിലും ഹനീഫയുടെ മനസ്സ് തളർന്നില്ല. ഏകാന്തതക്കുള്ള മറയായും അറിവിന്റെയും ചിന്തയുടെയും സങ്കേതമായും ഈ മുപ്പത്തിയഞ്ചുകാരൻ വായനയെ ഒപ്പം കൂട്ടി. വിജ്ഞാനത്തിന്റെയും നന്മയുടെയും ലേകത്തേക്കുള്ള വാതിലുകളാണ് ഓരോ പുസ്തകവുമെന്ന് ഹനീഫ മനനം ചെയ്യുകയായിരുന്നു. വായിച്ച പുസ്തകങ്ങളിൽ ഭൂരിഭാഗത്തിന്റെയും റിവ്യു എഴുതിയത് ഹനീഫയെ മറ്റു വായനക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. ഇതുവരെ 3175 പുസ്തകങ്ങളുടെ റിവ്യു എഴുതിയിട്ടുണ്ട്.

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പിടിപ്പുകേടിൽ പൊലിഞ്ഞത് ഒരു ജീവനും ഹനീഫയുടെ ജീവിതവുമാണ്. നട്ടെല്ലിന് പരുക്ക് പറ്റി ദീർഘകാലം പല ചികിത്സയും നടത്തി. ഫലം കണ്ടില്ല. 14 വർഷത്തോളം കോട്ടക്കൽ ആര്യവൈദ്യശാലയിൽ പി കെ വാര്യർ ചികിത്സിച്ചു. തുടർന്നാണ് സാധാരണ ജീവിതത്തിലേക്ക് എത്തിയത്.
ബാല്യത്തിൽ തന്നെ പുസ്തകങ്ങളോടും വായനയോടും പ്രിയമായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മയുടെ നിർദേശത്തെ തുടർന്ന് മലയാളം ഒന്നാം ഭാഷയായി തിരഞ്ഞെടുത്തു. പിന്നീട് സാഹിത്യത്തിന്റെയും വായനയുടെയും ലോകത്തേക്ക് കടന്നു. ഉമ്മ ആഇശാബിയായിരുന്നു വായനക്ക് പ്രചോദനം നൽകിയിരുന്നത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്ന പത്രം പൊടിതട്ടി ഹനീഫക്ക് നൽകി വായിക്കാൻ പറയും. മലയാളവും ഇംഗ്ലീഷും അനായാസം വായിച്ച് പരിശീലിച്ചു. ടോൾസ്റ്റോയ് കഥകളും പഞ്ചതന്ത്ര കഥകളും നിരവധി ബാല സാഹിത്യങ്ങളും വായിച്ചു തുടങ്ങി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ റെൻഡിംഗ് ലൈബ്രറി എന്ന പേരിൽ ഹോം ലൈബ്രറി തുടങ്ങി. അഞ്ച് പുസ്തകങ്ങളെ കൊണ്ടായിരുന്നു തുടക്കം. തുടർന്ന് വാഹനാപകടത്തിന് ശേഷം മൂന്നിയൂർ ആലിൻചുവടിൽ ടെലിഫോൺ ബൂത്ത് ആരംഭിച്ചു. പിന്നീട് ഇതിനോട് ചേർന്ന് ലൈബ്രറിയും വിപുലമാക്കി. മദീന ഹോം ലൈബ്രറി എന്ന പേരും നൽകി.

പത്ത് വർഷത്തോളം ഇത് തുടർന്നു പോന്നു. ലൈബ്രറിയിലെ 3000 പുസ്തകങ്ങളും ഹനീഫ വായിച്ചതാണെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ ലൈബ്രറിക്ക്. ആവശ്യക്കാർക്ക് പുസ്തകങ്ങൾ നിശ്ചിത തുകക്ക് വായിക്കാൻ നൽകും. ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പുതിയ പുസ്തകങ്ങൾ വാങ്ങും. വഹാബിസം ഒരു സമഗ്ര വിശകലനം, അൽ ഖുതുബതുൽ മുഖ്തസ്വർ എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചതും ഈ ലൈബ്രറിയുടെ പേരിലാണ്.

മൂന്നിയൂർ നിബ്രാസിൽ പഠിക്കുമ്പോൾ അധ്യാപകർ നൽകിയ പ്രോത്സാഹനമാണ് സാഹിത്യ കൃതികളിലേക്ക് ശ്രദ്ധതിരിച്ചത്. കഥകളും ചരിത്രങ്ങളും പഠനങ്ങളും എല്ലാം ഹനീഫയുടെ വായനയിലുണ്ട്. നോവലുകൾ വായിക്കാനാണ് കൂടുതൽ ഇഷ്ടം. വിവർത്തനങ്ങൾ, മലയാള സാഹിത്യം, ആത്മകഥകൾ, ജീവചരിത്രം, ചരിത്രം, ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലായി ക്രമീകരിച്ച് നൂറ് കണക്കിന് പുസ്തകങ്ങളുടെ ശേഖരവും ഹനീഫയുടെ വീട്ടിലുണ്ട്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാള സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. വായിക്കുന്നതിന്റെ രീതികളും മേഖലകളുമെല്ലാം ഈ കോഴ്‌സിലൂടെ മനസ്സിലാക്കിയത് വായനക്ക് കൂടുതൽ കരുത്തേകി. ദിവസവും ഒരു പുസ്തകമെങ്കിലും മുഴുവനായി വായിക്കും. എവിടെ പോകുകയാണെങ്കിലും അപ്പോൾ വായിക്കുന്ന പുസ്തകം കൈയിലുണ്ടാകും. കുടുംബമായി ജീവിതം ആരംഭിച്ചതിന് ശേഷം പലരും വായനയെ എതിർത്തെങ്കിലും ഹനീഫയുടെ പുസ്തക പ്രേമം മാറിയില്ല.

സ്വയം വായിക്കുക മാത്രമല്ല, മറ്റുള്ളവരെ വായിപ്പിക്കുന്നതിലും മിടുക്കനാണ് ഈ യുവാവ്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങളെല്ലാം സൗജന്യമായോ കുറഞ്ഞ വിലക്കോ ലൈബ്രറികൾക്കും സ്ഥാപനങ്ങൾക്കും നൽകും. നിരവധി ലൈബ്രറികൾക്ക് ഹനീഫ ജീവനേകിയിട്ടുണ്ട്. സുഹൃത്തുക്കളെയെല്ലാം വായിപ്പിക്കുകയും വീടുകളിൽ ലൈബ്രറി ഒരുക്കാൻ പ്രചോദനം നൽകുകയും ചെയ്യും. ഹനീഫയുടെ ശ്രമഫലമായി നിരവധി പേർ വായനാ ലോകത്തേക്ക് കടന്നുവരികയും വീടുകളിൽ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നിയൂർ ആലിൻചുവടിൽ നടത്തിയിരുന്ന ലൈബ്രറിയിലെ അംഗങ്ങളുടെ സഹായത്തോടെ ഓരോ വർഷവും പള്ളിദർസുകൾ, ദഅ്‌വ കോളജുകൾ എന്നിവിടങ്ങളിലേക്ക് പുസ്തകങ്ങൾ വാങ്ങി നൽകും. നബിദിന പരിപാടികളടക്കം വിവിധ മത്സര പരിപാടികളിൽ സമ്മാനം നൽകുന്നതിനും പുസ്തകങ്ങൾ നൽകാറുണ്ട്. കുട്ടികളിലും വീടുകളിലും പുസ്തകത്തോട് താത്പര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. നിരവധി സുമനസ്സുകൾ ഇപ്പോഴും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ താത്പര്യമറിയിച്ച് ഹനീഫയെ വിളിക്കാറുണ്ട്. 2013ൽ തുടങ്ങിയ സംരംഭം ഇന്നും നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

കോളജ് മാഗസിനുകൾ, പുസ്തകങ്ങൾ, ലേഖനം, കഥ തുടങ്ങിയ മേഖലകളിലെല്ലാം എഡിറ്റിംഗിൽ പ്രാവീണ്യവും നേടിയിട്ടുണ്ട്. വായന, എഴുത്ത്, അനുഭവങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിന് സമകാലിക മലയാളം എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പും ഹനീഫക്കുണ്ട്. പത്തോളം വായനാ ഗ്രുപ്പുകളിലെ സജീവ സാന്നിധ്യവുമാണ്. വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പും സമകാലിക വിഷയങ്ങളിലുള്ള എഴുത്തും ഗ്രൂപ്പിൽ സ്ഥിരമായി എഴുതാറുണ്ട്. വായനയുടെ സമയം അപഹരിക്കുമെന്നതിനാൽ ഫേസ്ബുക്കിൽ ഇതുവരെ ഹനീഫ അക്കൗണ്ട് തുറന്നിട്ടില്ല.

മലയാള സാഹിത്യത്തിൽ എം ടി വാസുദേവൻ നായരുടെ കൃതികളാണ് കൂടുതൽ താത്പര്യം. ഖുർആൻ അർഥമറിഞ്ഞ് പാരായണം ചെയ്യുന്ന അത്ര മനഃസംതൃപ്തി നൽകാൻ ഒരു പുസ്തകത്തിനും സാധിച്ചിട്ടില്ലെന്നും ഹനീഫ പറയുന്നു.
വായനയോടൊപ്പം യാത്രയും ഹനീഫക്ക് താത്പര്യമാണ്. നാലാം വയസ്സിൽ തന്നെ വല്യുപ്പയോടൊപ്പം ബോംബെയിലും വിവിധ പ്രദേശങ്ങളിലും ഒരു മാസത്തോളം വിനോദ യാത്ര നടത്തിയിട്ടുണ്ട്. എല്ലാ വർഷവും ഇത് തുടർന്നു. പതിനൊന്നാം വയസ്സിൽ ഉംറയും ചെയ്തു. ഇപ്പോൾ ഉപയോഗിക്കുന്ന മുച്ചക്ര സ്‌കൂട്ടറിൽ മഹാരാഷ്ട്ര വരെ സാഹസിക യാത്രയും നടത്തിയിട്ടുണ്ട്.

മൂന്ന് വർഷം തിരൂരങ്ങാടി പബ്ലിക് ലൈബ്രറിയിൽ അസി. ലൈബ്രേറിയനായി ജോലി ചെയ്തിരുന്നു. ഇവിടെന്ന് കിട്ടുന്ന ശമ്പളവും പുസ്തകങ്ങൾ വാങ്ങാൻ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. വായിച്ചു തീർന്ന പുസ്തകങ്ങൾ കുറഞ്ഞ വിലക്ക് വിൽപ്പന നടത്തും. ഇത് പുതിയ പുസ്തകങ്ങൾ വായിക്കാൻ വേണ്ടിയാണ്. പിതാവ് ഉമ്മറിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയുമാണ് പുസ്തകങ്ങൾ വാങ്ങുന്നത്.
ഇതുവരെ വായിച്ചതെല്ലാം സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് ഹനീഫയുടെ ആഗ്രഹം. ഒപ്പം അയ്യായിരം പുസ്തകങ്ങൾ കൂടി വായിക്കുകയും വേണം. വായന മരിക്കില്ലെന്നും കൂടുതൽ വായനക്കാർ വളർന്നുവരുന്നുണ്ടെന്നുമാണ് ഹനീഫയുടെ അഭിപ്രായം. ഓൺലൈൻ വായന പുസ്തക വായനയുടെ സുഖമോ ആഴത്തിലുള്ള അറിവോ തരില്ലെന്നും വായനയില്ലാത്ത വളർച്ച അടിത്തറ ഇല്ലാത്തതാകുമെന്നും ഹനീഫ പറയുന്നു. നിരവധി വിദ്യാർഥികളും പി എച്ച് ഡി ചെയ്യുന്നവരും വായനാനുഭവമറിയാനും റഫറൻസിനും ഹനീഫയെ സമീപിക്കാറുണ്ട്. വായനക്ക് കൂട്ടായി ഭാര്യ സലീനയും എപ്പോഴും കൂടെയുണ്ട്.