International
ഈജിപ്തിൽ ബസപകടം: മൂന്നു ഇന്ത്യക്കാർ ഉൾപ്പെടെ ആറ് പേർ മരിച്ചു
 
		
      																					
              
              
            ദമാം | ഈജിപ്തിൽ വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഇരുപത്തിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈജിപ്ത് സുരക്ഷാ, മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ബസ് ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നിന്നും നൂറ്റിഇരുപത് കിലോമീറ്റർ വടക്ക് ചെങ്കടലിലെ ഐൻ സുഖ്‌ന റിസോർട്ടിലേക്കുള്ള റോഡിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യക്കാർക്ക് പുറമെ ബസ് ഡ്രൈവറും ടൂർ ഗൈഡും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പടെ രണ്ട് മലേഷ്യക്കാരും ഒരു ഈജിപ്തുകാരനുമാണ് മരണപ്പെട്ടത്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരണമാണെന്നും ഇവരെ ജിസയിലെ ഷെയ്ഖ് സായിദ് സ്പെഷ്യലൈസ്‌ഡ് ആശുപത്രി, മുഖാത്തം നാഷണൽ ബാങ്ക് ആശുപ്രത്രി, സൂയസ് ഹെൽത്ത് ഇൻഷൂറൻസ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റ ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ ഈജിപ്തിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ട്വിറ്ററിൽ പുറത്തുവിട്ടു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

