Connect with us

National

ഈ ഇരുണ്ട കാലത്ത് നിശബ്ദനായിരിക്കാന്‍ തനിക്കാവില്ല: നടന്‍ സിദ്ധാര്‍ഥ്

Published

|

Last Updated

ചെന്നൈ | സംഘ്പരിവാറിനും രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിന്റെ വര്‍ഗീയ, ഫാസിസ്റ്റ് നയത്തിനുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന തമിഴ്‌നടന്‍ സിദ്ധാര്‍ഥ് രാജ്യത്ത് നടക്കുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി രംഗത്ത്. രാജ്യത്ത് നടക്കുന്ന വിഷയങ്ങളില്‍ മൗനം പാലിക്കാനാകില്ല. ചുറ്റും നടക്കുന്നതിനോട് ഒന്നു പ്രതികരിക്കാതെ നിശബ്ദരായികരിക്കുന്ന രാജ്യത്തെ ഭൂരിഭക്ഷത്തിനൊപ്പം താനില്ലെന്നും സിദ്ധാര്‍ഥ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നമ്മള്‍ വളര്‍ന്നുവന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. അതേ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് അവിശ്വസനീയമാണ്. ചുറ്റിലും നടക്കുന്നത് ചോര തിളപ്പിക്കുന്ന സംഭവങ്ങള്‍. ഈ സമയത്ത് മൗനിയായി തുടരാന്‍ തനിക്കാവില്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു. നിലവിലെ തുറന്ന അഭിപ്രായപ്രകടനങ്ങള്‍ സിനിമയിലെ അവസരങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കില്‍ എനിക്കത് ആവശ്യമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീടെനിക്ക് കുറ്റബോധം തോന്നും. ഈ രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെപ്പോലെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരാള്‍ നിശബ്ദനായിരുന്നാല്‍ ഈ രാജ്യത്തിന്റെ ഭാവി എന്താവും?. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന അഭിപ്രായപ്രകടനം നിര്‍ത്തണമെന്ന് സിനിമയിലുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു നടന്‍ എന്ന നിലയില്‍ മുപ്പതിലധികം സിനിമകള്‍ ഞാന്‍ ചെയ്തു. അഞ്ച് ഭാഷകളില്‍ അഭിനയിച്ചു. സിനിമകള്‍ നിര്‍മിച്ചു. ഇതൊക്കെ ചെയ്യാന്‍ സിനിമാലോകത്തിന്റെ അനുമതിയെ ഞാന്‍ ഒരിക്കലും ആശ്രയിച്ചിട്ടില്ല. ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അകാരണമാണെന്നോ ബഹുമാനം അര്‍ഹിക്കാത്തവയാണെന്നോ ഞാന്‍ കരുതുന്നില്ല. വോട്ട് ചെയ്യുന്ന, നികുതി അടയ്ക്കുന്ന ഒരു പൗരന്‍ എന്ന നിലക്ക് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. തന്റെ സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന കാര്യങ്ങളില്‍ സത്യസന്ധമായി ഉത്കണ്ഠയുള്ള ഒരാള്‍ എന്ന നിലയില്‍. അതിനാല്‍ത്തന്നെ സിനിമാലോകത്തുനിന്ന് ആരും ഇതുവരെ എന്നോട് നിശബ്ദനാവൂ എന്ന് ഉപദേശിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

 

 

Latest