Connect with us

Editorial

യു പിയും മറ്റൊരു വംശഹത്യയുടെ വക്കിൽ

Published

|

Last Updated

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിലേർപ്പെട്ടതിന്റെ പേരിൽ ഉത്തർപ്രദേശിൽ ഒരു പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങൾക്കെതിരെ അരങ്ങേറുന്ന ഭരണകൂട, പോലീസ് ഭീകരവാഴ്ച സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. 1984ൽ ഡൽഹിയും 2002ൽ ഗുജറാത്തും നേരിട്ട ക്രൂരമായ വംശഹത്യയുടെ മറ്റൊരു മുഖമാണ് യോഗി ആദിത്യനാഥ് ഭരണകൂടം ഇവിടെ നടപ്പാക്കിയതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിന്റെ ചുരുക്കം. വിയോജിപ്പിന്റെ ശബ്ദം മുഴക്കിയവർക്കെതിരെ രക്തം മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നതായി ഏതാനും ദിവസങ്ങളായി അങ്ങിങ്ങ് നിന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ജനാധിപത്യ വിശ്വാസികളെ മുഴുവൻ ആശങ്കയിലാഴ്ത്തിയ അത്തരം റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വസ്തുതാന്വേഷണ റിപ്പോർട്ട്.

പൗരന്റെ അവകാശങ്ങൾ മതം വേർതിരിച്ചു വീതം വെക്കപ്പെടുന്ന സാഹചര്യത്തിലാണ് മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ മാനവികതയിൽ വിശ്വസിക്കുന്ന മനുഷ്യർ മുഴുവൻ തെരുവിലിറങ്ങിയത്. യു പിയും അതിന് സാക്ഷ്യംവഹിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ രാജ്യത്തെ പൗരന്മാർക്ക് അനുമതി നൽകുന്നത് ഭരണഘടനയാണ്. നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ടാണ് ഏതൊരു ഭരണകൂടവും അത്തരം പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്. എന്നാൽ മുസ്‌ലിം വിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും ഐക്കണായി അറിയപ്പെടുന്ന യോഗി ആദിത്യനാഥ് എന്ന ഹിന്ദുത്വ സന്യാസി ഭരിക്കുന്ന യു പി നിയമവാഴ്ചക്ക് ഒരു വിലയും കൽപ്പിക്കാതെയാണ് പ്രതിഷേധക്കാരെ അടിച്ചമർത്തിയതും വെടിവെച്ചു വീഴ്ത്തിയതും. തെളിഞ്ഞും മറഞ്ഞും പ്രക്ഷോഭത്തെ മുഴുവൻ അടിച്ചമർത്തുകയാണ് ആദ്യം ഭരണകൂടം ചെയ്തത്. തൊട്ടുപിറകെ, പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ സ്വത്തുവകകൾ കണ്ടെത്തി ലേലം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധത്തിലേർപ്പെട്ടവരെ സി സി ടി വികളിൽ നിന്ന് കണ്ടെത്തി അത്തരക്കാരുടെ ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് വിദ്വേഷം ആളിക്കത്തിക്കുകയാണ് ഇപ്പോൾ. പ്രതിഷേധത്തിന്റെ മറവിൽ ഭരണകൂടം അറസ്റ്റ് ചെയ്തവരിൽ വലിയൊരു വിഭാഗം പതിനെട്ട് വയസ്സ് തികയാത്ത കുട്ടികളാണ്. ഇവരിൽ പലരും ഇപ്പോഴും ജയിലുകളിലാണ്. മദ്‌റസയിൽ നിന്ന് മടങ്ങുന്നതിനിടെ പോലീസിന്റെ മർദനമേറ്റ മദ്‌റസാ വിദ്യാർഥികൾ നിരവധി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാകെ വേട്ട ശക്തമാണ്. മുസ്‌ലിം വീടുകളിൽ കടന്നുകയറി പോലീസ് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആക്രമിച്ചതിന്റെയും സ്വത്തുക്കൾ കൊള്ളയടിച്ചതിന്റെയും നശിപ്പിച്ചതിന്റെയും റിപ്പോർട്ടുകൾ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പോലീസ് വെടിവെപ്പിലും മറ്റും പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നതിന് വരെ അദൃശ്യമായ വിലക്കേർപ്പെടുത്തിക്കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനോ മതനിയമാനുസൃതം മറമാടാനോ പോലും പോലീസ് അനുവദിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും നൽകുന്നില്ല. ആശയവിനിമയ സംവിധാനങ്ങൾക്ക് കടിഞ്ഞാണിട്ടതിനാൽ യു പിയിലെ മർദിതരുടെ വേദനകൾ പുറം ലോകമറിയാതെ കുഴിച്ചുമൂടപ്പെടുകയാണ്. രാജ്യത്തുനിന്ന് പുറത്താക്കപ്പെടുന്നവരെ അടച്ചുപൂട്ടാൻ ഡിറ്റൻഷൻ ക്യാമ്പുകൾ നിർമിക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ, ഒരു സംസ്ഥാനമാകെ ഒരു പ്രത്യേക മതവിഭാഗത്തെ തടവിലാക്കാനുള്ള ഡിറ്റൻഷൻ ക്യാമ്പായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ഇതുവരെ ഇരുപത്തൊമ്പതോളം പേർ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും മരിച്ചത് വെടിയുണ്ടകളേറ്റാണെന്ന റിപ്പോർട്ടും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. വരും ദിവസങ്ങളിൽ, ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ പോലീസ് തേർവാഴ്ചയുടെ കൂടുതൽ ദൃശ്യങ്ങൾ കാണാൻ നാം നിർബന്ധിതരാകും. ഈ മാസം പത്ത് മുതൽ ഇതുവരെ 1,113 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 5,500ലധികം പേരെ തടവിൽ വെച്ചിട്ടുണ്ട്. 30,000 പേർക്കെതിരെ കേസും ചുമത്തിയിട്ടുണ്ട്. കേന്ദ്ര ഭരണകൂടം താത്പര്യപ്പെടുന്നത് പോലെ മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുക എന്ന ലക്ഷ്യം ഇതിനകം ഉത്തർപ്രദേശിൽ രൂപപ്പെട്ടു കഴിഞ്ഞുവെന്നാണ് അവിടെ നിന്നുള്ള വസ്തുതകളെ വിലയിരുത്തുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ത്യയിൽ ഇസ്്ലാമോഫോബിയ വളർത്തുന്നതിൽ മുന്നിൽ നിന്ന് നയിച്ച വ്യക്തിയാണ് ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. മുസ്‌ലിം സ്ത്രീകളെ അവരുടെ കുഴിമാടങ്ങളിൽ നിന്ന് മാന്തി പുറത്തെടുത്ത് ബലാത്സംഗം ചെയ്യൂ എന്ന് അണികളോട് ആഹ്വാനം ചെയ്ത, തനിക്ക് അവസരം ലഭിച്ചാൽ രാജ്യത്തെ എല്ലാ പള്ളികളിലും ഹിന്ദു ദേവന്മാരെ പ്രതിഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ച, ഒരു മുസ്‌ലിം ഒരു ഹിന്ദുവിനെ കൊന്നാൽ നൂറ് മുസ്‌ലിമിനെ പകരം കൊല്ലും എന്ന് പ്രതികരിച്ച, നേതാവിന് കീഴിലാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്ന് ഇപ്പോൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ താമസിക്കുന്ന ഈ സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഫാസിസ്റ്റുകൾ അത്തരമൊരു നേതാവിന്റെ കരങ്ങളിലേക്ക് ഏൽപ്പിച്ചതിന്റെ അനുരണനങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്നർഥം. ഫാസിസ്റ്റുകൾ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വംശഹത്യയുടെ ഏറ്റവും ക്രൂരമായ മുഖം ഇപ്പോൾ യു പിയിലും രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ക്രിമിനൽവത്കരിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് യു പി ഭരണകൂടത്തിന്റെ ഏറ്റവും വലിയ ആയുധം. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് ഈ വിഭാഗത്തെയാണ്. കേന്ദ്രത്തിന്റെ സമ്പൂർണ പിന്തുണ എന്ന പിൻബലത്തിലാണ് അവരുടെ വേട്ട. വംശഹത്യയുടെ അടയാളങ്ങൾ വ്യക്തമാക്കുന്ന വിധത്തിൽ പോലീസ് അവിടെ അഴിഞ്ഞാടിയിട്ടുണ്ട്. ഭരണകൂടം അതിന് പൂർണ പിന്തുണ കൊടുത്തിട്ടുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ മൗനസമ്മതം അതിന് ഊർജം പകർന്നിട്ടുണ്ട്.

അതുകൊണ്ട് പോലീസിനെതിരെയും അവർക്ക് പിന്തുണ നൽകിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെയും പൊതുസമൂഹം വിചാരണക്ക് വിധേയമാക്കണം. ജനാധിപത്യ പ്രതിഷേധങ്ങളോട് യു പി ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമർത്തൽ ശൈലിയിൽ പ്രതിഷേധിച്ച് മത, സാമൂഹിക, സാംസ്‌കാരിക, സിനിമാ മേഖലയിലെ പ്രമുഖർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ മനുഷ്യാവകാശ സംഘടനകളുടെ കൂടി സത്വര ശ്രദ്ധ യു പിയിലേക്ക് തിരിയണം. നിയമപരമായും സാമ്പത്തികമായും യു പിയിലെ മുസ്്ലിംകൾക്ക് ആവശ്യമായ സഹായങ്ങൾ ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് അവിടേക്ക് ഒഴുകണം. യു പിയിൽ നിന്ന് ഉയരുന്നത് ജനാധിപത്യത്തിന്റെ നിലവിളിയാണ്.