Connect with us

Kerala

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രസംഗം; ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിനിധികളുടെ കടുത്ത പ്രതിഷേധം

Published

|

Last Updated

കണ്ണൂര്‍ | ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കു നേരെ പ്രതിഷേധം. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം പ്രസംഗം തുടര്‍ന്നതോടെയാണ് ചരിത്ര കോണ്‍ഗ്രസിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകളുമേന്തിയുമായിരുന്നു പ്രതിഷേധം.

ഗവര്‍ണര്‍ പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിക്കും വരേയും പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് ആദ്യം സാധിച്ചില്ല.ജെ എന്‍ യു, അലിഗഢ് സര്‍വകലാശാലകളില്‍നിന്നെത്തിയവരാണ് പ്രതിഷേധിച്ചതെന്നാണ് അറിയുന്നത്. അതേ സമയം പ്രതിഷേധിച്ച അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്

ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ ്‌കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ്പൗരത്വഭേഭഗതിക്കെതിരായ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് ഗവര്‍ണര്‍ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം. ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.