National
പൗരത്വ പ്രതിഷേധങ്ങള്‍ക്കെതിരെ കരസേനാ മേധാവി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ജനങ്ങളെ തീപിടുത്തത്തിലേക്കും അക്രമത്തിലേക്കും നയിക്കുന്നവരല്ല നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 31 ന് വിരമിക്കാനിരിക്കുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഇതാദ്യമായാണ് പൗരത്വ ബില്ലിനെതിരായ സമരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്.
നേതൃത്വം വഹിക്കുകയെന്നാല്‍ അത്ര ലളിതമായ കാര്യമല്ല. അതില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. നേതാക്കള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ എല്ലാവരും അവരെ പിന്തുടരും. ജനങ്ങളെ നല്ല ദിശയില്‍ ലയിക്കുന്നവരാണ് ശരിയായ നേതാക്കള്‍. അനുചിതമായ ദിശകളിലേക്ക് ആളുകളെ നയിക്കുന്നവര്‍ നേതാക്കളല്ല. യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാണുന്നത് തെറ്റായ ദിശയില്‍ നയിക്കുന്ന നേതാക്കളെയാണ്. നഗരങ്ങളില്‍ തീവെപ്പും അക്രമവും നടത്തുന്നതിലേക്കാണ് അവര്‍ ആളുകളെ നയിക്കുന്നത്. ഇത് നേതൃത്വമല്ല. – ബിപിന്‍ റാവത്ത് പറഞ്ഞു.