Connect with us

Editorial

പ്രധാനമന്ത്രി കണ്ണടച്ചു ഇരുട്ടാക്കുന്നു

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചു പച്ചനുണകളാണ് ആഭ്യന്തരമന്ത്രി അമിത്ഷായെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൗരത്വ പട്ടികയിൽ നിന്നു പുറത്താക്കപ്പെടുന്ന മുസ്‌ലിം അഭയാർഥികളെ പാർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും രാജ്യത്തെവിടെയും തടങ്കൾ പാളയങ്ങളില്ലെന്നും ഒരു മുസ്‌ലിം പോലും തടവിലാക്കപ്പെടില്ലെന്നുമാണ് ഞായറാഴ്ച ബി ജെ പിയുടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലി രാംലീല മൈതാനത്ത് ഉദ്ഘാടനം ചെയ്യവെ മോദി പറയഞ്ഞത്.

എന്നാൽ പൗരത്വം നിഷേധിക്കുന്നവർക്കായി രാജ്യത്ത് തടങ്കൽ പാളയം പ്രവർത്തിക്കുന്നതായി സർക്കാർ വൃത്തങ്ങൾ തന്നെ നേരത്തേ വ്യക്തമാക്കിയതാണ്.
അസമിൽ ആറ് തടങ്കൽ പാളയങ്ങൾ നിലവിലുണ്ടെന്നും ഗോപാൽപുരം ജില്ലയിൽ ഒരെണ്ണം കൂടി നിർമാണത്തിലിരിക്കുകയാണെന്നും ഒരു മാസം മുമ്പ് അസമിലെ എ ജി പി അംഗം ഉത്പൽദത്തയുടെ ചോദ്യത്തിനുള്ള മറുപടിയിൽ ഗതാഗത, പാർലിമെന്ററി കാര്യ മന്ത്രി ചന്ദ്രമോഹൻ പടൗറി വെളിപ്പെടുത്തിയിരുന്നു.

3,000 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന വിധത്തിൽ 46 കോടി ചെലവാക്കിയാണ് ഗോപാൽ പുരയിലെ തടവറ ഉയരുന്നത്. കൂടുതൽ തടങ്കൽ പാളയങ്ങൾ ഒരുക്കാൻ കേന്ദ്രത്തിന്റെ അനുമതിക്ക് കാത്തിരിക്കയാണെന്നും അദ്ദേഹം അറിയിച്ചു.അടുത്തിടെയാണ് അസമിലെ തടങ്കൽ പാളയങ്ങളിൽ 28 വിദേശീയർ മരിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചത്. അസമിൽ നിലവിലുള്ള ആറ് തടവറകളിലായി 988 വിദേശികൾ പാർക്കുന്നുണ്ടെന്നാണ് സർക്കാർ നൽകിയ കണക്കിൽ വ്യക്തമാക്കുന്നതെന്ന് ടെലഗ്രാഫ് പത്രവും റിപ്പോർട്ട് ചെയ്തു. ഇവരിൽ 957 പേരും വിദേശികളെന്നു മുദ്ര കുത്തപ്പെട്ടവരാണ്. കർണാടകയിലടക്കം കരുതൽ തടവറകൾ നിർമിച്ചു വരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്. ആരെയാണ് ജനം വിശ്വസിക്കേണ്ടത്.

തടങ്കൽ പാളയങ്ങൾ ഇല്ലെന്നു പറയുന്ന മോദിയെയോ ഉണ്ടെന്നു രേഖാമൂലം മറുപടി നൽകിയ അദ്ദേഹത്തിന്റെ സഹമന്ത്രിമാരെയോ?

നിർമാണം നടക്കുന്ന തടവുപാളയങ്ങളുടെ വാർത്ത കഴിഞ്ഞ സെപ്തംബറിൽ റോയിട്ടേഴ്‌സ് ന്യൂസ് ഫോട്ടോ സഹിതം പുറത്തു വിട്ടിരുന്നു. അസമിലുടനീളം ഇത്തരം സെല്ലുകൾ ഉയർന്നു വരുന്നതായും റോയിട്ടേഴ്‌സ് വെളിപ്പെടുത്തി. ഒരു സെല്ലിൽ 50 പേർ. ഒരാൾക്ക് കിടക്കാൻ ഒന്നരയടി വീതി. പുറംലോകം കാണാനാവാത്ത വിധം 20 അടി ഉയരമുള്ള ചുറ്റുമതിൽ. സ്ത്രീകൾക്കുള്ള സെല്ലുകൾ പ്രത്യേകം വേർതിരിച്ച മതിൽകെട്ടിനകത്ത്. ഭാര്യയും ഭർത്താവും മക്കളും തമ്മിൽ കണ്ടുമുട്ടാനുള്ള സാഹചര്യമുണ്ടായിരിക്കില്ല.

ഇങ്ങന മനുഷ്യത്വത്തിന്റെ നേരിയ കണിക പോലുമില്ലാത്ത, തടവുകാർ കൊടിയ ദുരിതത്തിൽ കഴിയേണ്ടി വരുന്ന തരത്തിലാണ് അസമിലെ പുതിയ തടങ്കൽ പാളയങ്ങളുടെ നിർമാണമെന്നാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ. ഇറാഖിലെ വിമോചന പോരാളികളെ പാർപ്പിക്കാൻ അമേരിക്കയും ഉയിഗൂർ മുസ്‌ലിംകളെ കുത്തിനിറക്കാൻ ചൈനീസ് സർക്കാറും ഒരുക്കിയ “കോൺസന്‍ട്രേഷൻ ക്യാമ്പുകളെ” അനുസ്മരിപ്പിക്കുന്നതാണ് ഈ തടവറകൾ.
ദേശീയ പൗരത്വ നിയമത്തിന്റെ ആവിഷ്‌കർത്താക്കൾ തന്റെ സർക്കാറല്ലെന്നും അതിന്റെ ആവശ്യകത ആദ്യം ചൂണ്ടിക്കാട്ടിയത് ഗാന്ധിജിയാണെന്നും മോദി പറയുകയുണ്ടായി. പാക്കിസ്ഥാനിൽ നിന്ന് ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തുമ്പോൾ സ്വാഗതം ചെയ്യണമെന്നും ഇന്ത്യൻ പൗരത്വം നൽകണമെന്നും ഗാന്ധിജി പറഞ്ഞിരുന്നുവത്രെ. അയൽരാജ്യങ്ങളിൽ നിന്നു അഭയാർഥികളായി എത്തുന്നവരെ, ആട്ടിയോടിക്കാതെ അവർക്ക് അഭയം നൽകുകയെന്നത് മാനുഷികമാണ്.

അതാണ് ഗാന്ധിജി പറഞ്ഞത്. അല്ലാതെ മതംനോക്കിവേണം അഭയാർഥികളെ സ്വാഗതം ചെയ്യാനെന്നു ഗാന്ധിജി പറഞ്ഞിട്ടില്ല. വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി മുസ്‌ലിംകളെ മാത്രം മാറ്റിനിർത്തുന്ന പുതിയ പൗരത്വഭേദഗതി ബില്ലിനെ ന്യായീകരിക്കാൻ ഗാന്ധിജിയെ കുട്ടുപിടിക്കുന്നത് വർഗീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ മനുഷ്യസ്‌നേഹിയോടു ചെയ്യുന്ന കടുത്ത അപരാധമാണ്. മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ഭേദഗതി ബില്ലിന് പ്രചോദനമായി ചൂണ്ടിക്കാണിക്കാവുന്നത് ഗാന്ധിജിയെയല്ല, ജൂതമുക്ത ജർമനി സൃഷ്ടിക്കാൻ ജൂത വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയും ചെയ്ത ഫാസിസ്റ്റ് സ്വേച്ഛാധിപതിയും ജനാധിപത്യത്തിന്റെ ബദ്ധ ശത്രുവുമായിരുന്ന അഡോൾഫ് ഹിറ്റ്‌ലറെയാണ്.

“നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത (വിവിധാ മേം ഏകതാ, ഭാരത് കി വിശേഷ്താ). ഈ തത്വത്തിൽ അധിഷ്ഠിതമായ ഐക്യവും അഖണ്ഡതയുമാണ് രാജ്യത്തിന്റെ ശക്തി” ഇതും രാംലീല മൈതാനത്തെ നരേന്ദ്രമോദിയുടെ പ്രസംഗത്തിലെ വാക്കുകളാണ്. ഇന്ത്യൻ മുസ്‌ലിംകൾ ഈ മണ്ണിന്റെ മക്കളാണെന്നും പൗരത്വ നിയമത്തിന് അവരുമായോ ഏതെങ്കിലും പ്രത്യേക മതവുമായോ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആണയിടുന്നു. എങ്കിൽ ആദ്യം വേണ്ടത് പൗരത്വ നിയമ ഭേദഗതിയിൽ കാണിച്ച മുസ്‌ലിം വിവേചനം തിരുത്തുകയാണ്. കോൺഗ്രസോ, പ്രതിപക്ഷ പാർട്ടികളോ മാത്രമല്ല പൗരത്വദാനത്തിൽ നിന്നു മുസ്‌ലിം അഭയാർഥികളെ മാത്രം മാറ്റിനിർത്തുന്നത് കടുത്ത അനീതിയാണെന്നു പറയുന്നത;് എൻ ഡി എയിലെ ഘടകകക്ഷികളായ ശിരോമണി അകാലിദൾ, ജെ ഡി യു തുടങ്ങിയ കക്ഷികൾ കൂടിയാണ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാർഥികളെ പരിഗണിക്കുമ്പോൾ മുസ്‌ലിംകളെ ഒഴിവാക്കാനാകില്ലെന്നും, എല്ലാവർക്കും ക്ഷേമം ഉറപ്പുവരുത്തണമെന്ന ഗുരു സാഹിബിന്റെ ദർശനത്തിനു എതിരാണ് അതെന്നുമാണ് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പ്രസ്താവിച്ചത്. ബിഹാറിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ്‌കുമാർ ഉറപ്പ് നൽകിയതായി ജെ ഡി യു നേതാവ് പ്രശാന്ത്കിഷോറും വ്യക്തമാക്കിയിട്ടുണ്ട്. ഇനിയെങ്കിലും കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കാതെ യാഥാർഥ്യബോധം ഉൾക്കൊണ്ടു നിയമഭേദഗതി ഉപേക്ഷിക്കുകയോ, പൗരത്വദാന പട്ടികയിൽ മുസ്‌ലിം അഭയാർഥികളെ കൂടി ഉൾപ്പെടുത്തുകയോ ചെയ്യേണ്ടിയിരിക്കുന്നു മോദി സർക്കാർ.

---- facebook comment plugin here -----