Connect with us

Editorial

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഐ എല്‍ പി നല്‍കുമ്പോള്‍

Published

|

Last Updated

രാജ്യത്തെ മതപരമായി വിഭജിക്കുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ഒരു സമുദായത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ ശേഷം ഇടതടവില്ലാതെ ഉയരുന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാറിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. സമരമുഖത്തുള്ളവരില്‍ വര്‍ഗീയ മുദ്ര പതിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടിറങ്ങി. പ്രതിഷേധക്കാരെ വേഷം കണ്ടാല്‍ തിരിച്ചറിയാമെന്ന് അദ്ദേഹം പ്രസംഗിച്ചതിന്റെ അര്‍ഥം എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ഭരണകക്ഷിക്കാര്‍ എത്ര ഉച്ചത്തില്‍ വാദിച്ചാലും ഇത്തരം പരാമര്‍ശങ്ങളിലെ വിഷം മറച്ചുവെക്കാനാകില്ല. രാജ്യത്തുടനീളം അരങ്ങേറുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം തോക്കും ലാത്തിയും വിലങ്ങുമായി ഇറങ്ങിയിരിക്കുകയാണ്. നിരവധി മനുഷ്യര്‍ മരിച്ചുവീണു. രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുന്നു. പലരുടെയും പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. മാധ്യമപ്രവര്‍ത്തകരെ വ്യാപകമായി ആക്രമിക്കുന്നു. ഇങ്ങനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടും മനുഷ്യരുടെ ഐക്യനിര തകര്‍ക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതാക്കള്‍ മുഴുവന്‍ വീമ്പു പറയുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലാണ്. മണിപ്പൂരില്‍ പ്രക്ഷോഭമില്ലല്ലോ. മേഘാലയ ശാന്തമല്ലേ. അസമും സാധാരണ നില കൈവരിച്ചില്ലേ. ത്രിപുരയില്‍ പ്രക്ഷോഭം പിന്‍വലിച്ചില്ലേ എന്നൊക്കെയാണ് ചോദ്യം. ഈ ശാന്തമാകലിന്റെ കാരണമന്വേഷിച്ചാല്‍ എത്തിച്ചേരുക ഐ എല്‍ പി (ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) എന്ന സംവിധാനത്തിലാണ്. “രാജ്യത്തിനകത്ത് രാജ്യം” സൃഷ്ടിക്കുന്ന ഏര്‍പ്പാടാണിത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭത്തിന്റെ ഉള്ളടക്കം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവിടെ അക്രമാസക്ത സമരം നടക്കുന്നത് മറ്റിടങ്ങളില്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യത്തിനല്ല. ഇതര മേഖലകളില്‍ മതവിവേചനവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവുമാണ് വിഷയമെങ്കില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭം തികച്ചും പ്രാദേശികമായ വിഷയത്തെ മുന്‍നിര്‍ത്തിയാണ്. മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുന്നത് അവര്‍ക്ക് വിഷയമേയല്ല. അസമിലെ വിദ്യാര്‍ഥി യൂനിയന്‍ (ആസു) പോലുള്ള തീവ്ര ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത് ഒരാള്‍ക്കും പുതുതായി പൗരത്വം കൊടുക്കരുതെന്നാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണല്ലോ പൗരത്വ ഭേദഗതി നിയമം. അതിനായി 1955ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ ഇളവ് ചെയ്തിരിക്കുന്നു. ഈ ഇളവിന്റെ ആനുകൂല്യത്തില്‍ നിന്ന് മുസ്‌ലിംകളെ മാത്രം ഒഴിവാക്കുകയാണ് ചെയ്തത്. എന്നുവെച്ചാല്‍ മേല്‍പ്പറഞ്ഞ ആറ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ ഇന്ത്യന്‍ പൗരത്വം കരഗതമാകും. ഇങ്ങനെ പൗരത്വം ലഭിക്കുന്നവരില്‍ നല്ലൊരു ശതമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാകും എത്തിച്ചേരുക. ഉദാഹരണത്തിന് അസം എടുക്കാം. അവിടെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. ഇവരില്‍ 12 ലക്ഷത്തിലധികം പേരും ബംഗാളി ഹിന്ദുക്കളാണെന്ന് പറയുന്നു. പൗരത്വ ഭേദഗതി പ്രകാരം ഇവരെല്ലാം കടന്നുകൂടും. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അസമിലെ പ്രക്ഷോഭകര്‍ പറയുന്നത്.

കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും അങ്ങേയറ്റം അസഹ്യമാണ് ഈ നിലപാട്. അസമിലെ ബംഗാളി ഹിന്ദുക്കളുടെ പൗരത്വം സംരക്ഷിക്കാനാണല്ലോ സത്യത്തില്‍ പൗരത്വ ഭേദഗതി നിയമം അമിത് ഷാ കൊണ്ടുവന്നത്. അങ്ങനെ ഹിന്ദു സഹോദരന്‍മാരുടെ മിശിഹ ആകാനിരുന്ന അമിത് ഷായെ ഞെട്ടിച്ചു കൊണ്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഈ പ്രക്ഷോഭം തണുപ്പിക്കാന്‍ അമിത് ഷാ പുറത്തെടുത്ത തുരുപ്പ് ചീട്ടാണ് ഐ എല്‍ പി (ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്). ഒരു പ്രദേശത്തേക്ക് പ്രത്യേക അനുമതിയില്ലാതെ ആളുകള്‍ വരുന്നത് തടയുന്ന സംവിധാനമാണ് ഐ എല്‍ പി. 1873ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നതാണിത്. ബ്രിട്ടീഷ് അധികാരികളുടെ സാമ്പത്തിക, വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. സ്വതന്ത്ര ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സ്വത്വ സംരക്ഷണത്തിനുള്ള ഉപാധിയായി ഐ എല്‍ പി വിലയിരുത്തപ്പെട്ടു. അരുണാചല്‍ പ്രദേശിനും നാഗാലാന്‍ഡിനും മിസോറാമിനും ഐ എല്‍ പി അനുവദിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിസയെന്ന് ഐ എല്‍ പിയെ ലളിതമായി വിളിക്കാം. പുറത്തു നിന്നുള്ളവര്‍ക്ക് ഐ എല്‍ പി നിലവിലുള്ള സ്ഥലങ്ങളിലേക്ക് പോകണമെങ്കില്‍ രേഖ കരസ്ഥമാക്കണം. അതിനായി പ്രത്യേക അപേക്ഷ നല്‍കി കാത്തിരിക്കണം. സന്ദര്‍ശനത്തിന്റെ ലക്ഷ്യം, ദൈര്‍ഘ്യം, എവിടെ താമസിക്കും തുടങ്ങിയവയെല്ലാം മുന്‍കൂട്ടി അറിയിക്കണം. പൗരത്വ ഭേദഗതി നിയമം വന്ന ശേഷം മണിപ്പൂരിന് ഐ എല്‍ പി പദവി നല്‍കിക്കഴിഞ്ഞു. ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ മണിപ്പൂരിലെ നേതാക്കള്‍ അമിത് ഷായെ കണ്ട് ഇതിനുള്ള നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നു. അതിനു വേണ്ട ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു, ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തു. എന്നുവെച്ചാല്‍ പുതുതായി പൗരത്വം കിട്ടാന്‍ പോകുന്നവര്‍ മണിപ്പൂരിലേക്ക് വരുന്നില്ലെന്ന് ഉറപ്പിച്ചു. അതുകൊണ്ട് അവിടെ പ്രക്ഷോഭമില്ല. പിറകേ ത്രിപുരക്കാരും ഇതേ ആവശ്യവുമായി രംഗത്തുവന്നു. അവര്‍ക്കും കൊടുക്കാമെന്ന് അമിത് ഷാ വാക്കു നല്‍കി. അവിടെയും സമരത്തിന്റെ കാറ്റ് പോയി. മേഘാലയക്കാരും ആഭ്യന്തര മന്ത്രിയെ കണ്ടിട്ടുണ്ട്. അവരുടെ നിയമ സഭ പ്രമേയവും പാസ്സാക്കിയിരിക്കുന്നു.

അസമിലെ ബി ജെ പിയില്‍ തന്നെ അടി തുടങ്ങിയ സ്ഥിതിക്ക് അവരെയും ഐ എല്‍ പി സിസ്റ്റത്തിലേക്ക് കൊണ്ടുവരേണ്ടി വരും. പൗരത്വ ഭേദഗതി നിയമം എന്ന ഒരു അബദ്ധം തിരുത്താന്‍ പിന്നെയും പിന്നെയും അബദ്ധങ്ങളിലേക്ക് സഞ്ചരിക്കുകയാണ് അമിത് ഷാ. വരാന്‍ പോകുന്ന പുതിയ പൗരന്‍മാരെ ആര്‍ക്കും വേണ്ട. കര്‍ണാടകയും ആന്ധ്രയും തെലങ്കാനയും മറ്റ് നിരവധി സംസ്ഥാനങ്ങളും ഐ എല്‍ പി ആവശ്യവുമായി രംഗത്ത് വന്നേക്കാം. ഒടുവില്‍ ഈ നവ പൗരന്‍മാരെ കേരളം തന്നെ സ്വീകരിക്കേണ്ടി വരുമോ? ഇവിടെയുള്ള ഇതര സംസ്ഥാനക്കാരെ ഏറ്റവും കൂടുതല്‍ ആക്ഷേപിക്കുകയും അവരെ രാക്ഷസവത്കരിച്ച് നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടുകയും ചെയ്യുന്നത് സംഘ്പരിവാറുകാരാണല്ലോ. ആട്ടിയോടിക്കണമെന്ന പ്രത്യയശാസ്ത്രം സ്വീകരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഐ എല്‍ പിക്ക് വേണ്ടി തെരുവിലിറങ്ങും. ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയുള്ളവരാണെങ്കില്‍ കുടിയേറ്റക്കാരെ ഇങ്ങനെ അധിക്ഷേപിക്കില്ലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യം ഉള്‍ക്കൊള്ളലല്ല, ഒഴിവാക്കലാണെന്ന് വീണ്ടും വ്യക്തമാകുകയാണ്.

Latest