Connect with us

National

മുസ്ലിങ്ങള്‍ക്ക് പോകാന്‍ 150ഓളം ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്; മറ്റുള്ളവര്‍ക്ക് ഇന്ത്യ മാത്രം: നിതിന്‍ ഗഡ്കരി

Published

|

Last Updated

നാഗപൂര്‍ | പൗരത്വ നിയമഭേദഗതിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തില്‍ വിചിത്ര ന്യായീകരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മുസ്ലിങ്ങള്‍ക്ക് പോകാന്‍ ലോകത്ത് 100 മുതല്‍ 150വരെ ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്നിരിക്കെ മറ്റുള്ളവര്‍ക്ക് ഇന്ത്യ മാത്രമെയുള്ളുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഹിന്ദു, പാഴ്‌സി , സിഖ്, ജൈന ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഇന്ത്യയിലേക്ക് വന്നാല്‍ അവരെ അഭയാര്‍ഥികളായി കണക്കാക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുസ്ലിങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താത്തത് എന്ത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. ബംഗ്‌ളദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ വിടാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങള്‍ക്ക് പോകാന്‍ ലോകത്ത് 100 മുതല്‍ 150ഓളം ഇസ്ലാമിക രാജ്യങ്ങളുണ്ട്- ഗഡ്കരി പറഞ്ഞു. ഹിന്ദു, പാഴ്‌സി, സിഖ്, ജൈന , ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പോകാന്‍ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ലെന്നും ഗഡ്കരി പറഞ്ഞു.

ജനങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കോണ്‍ഗ്രസ് കാണുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലിം സമൂഹത്തിന് എതിരല്ല. വിഭജനത്തിന് ശേഷം മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാനെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു. എന്നാല്‍ മഹാത്മാ ഗാന്ധിക്ക് കീഴില്‍ ഇന്ത്യ മതേതര രാജ്യമായി മാറി. പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രമായിരിക്കെ അവിടെ താമസിക്കുന്ന 22 ശതമാനത്തോളം വരുന്ന ഹിന്ദു, ക്രിസ്ത്യന്‍, ജയിന്‍, പാര്‍സി വിഭാഗം എങ്ങോട്ടു പോകുമെന്ന ചോദ്യമുയര്‍ന്നു. പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ന്യൂനപക്ഷങ്ങള്‍ക്ക് എപ്പോഴാണോ പിന്തുണ ആവശ്യംവരിക അപ്പോള്‍ ഇന്ത്യ അവരുടെ സഹായത്തിനുണ്ടാകുമെന്നാണ് ഗാന്ധിജി മറുപടി നല്‍കിയതെന്നും ഗഡ്കരി പറഞ്ഞു.