Connect with us

Editorial

കാലഗണനയും രേഖയുമല്ല പ്രശ്‌നം, മതവിഭജനമാണ്

Published

|

Last Updated

ഭരണകൂട ഭീകരത അതിന്റെ എല്ലാ ക്രൗര്യവും പുറത്തെടുക്കുകയും കോടതികള്‍ ഹരജികള്‍ പരമാവധി നീട്ടിവെച്ചു ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തിട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തെങ്ങും അനുദിനം ശക്തിപ്പെടുകയാണ്. ബി ജെ പി ഭരണപ്രദേശങ്ങളായ ഉത്തര്‍ പ്രദേശിലും കര്‍ണാടകയിലുമാണ് പ്രക്ഷോഭം കൂടുതല്‍ ശക്തമെന്നതും ശ്രദ്ധേയം. യു പിയില്‍ പോലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലുമായി എട്ട് വയസ്സുകാരനുള്‍പ്പെടെ പതിനൊന്ന് പേരും കര്‍ണാടകയില്‍ രണ്ട് പേരും കൊല്ലപ്പെട്ടു. സര്‍ക്കാറിന്റെ നിരോധനാജ്ഞയെ വകവെക്കാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. പലയിടങ്ങളിലും പ്രതിഷേധക്കാരെ നേരിടാന്‍ പോലീസിനൊപ്പം സംഘ്പരിവാര്‍ പ്രവര്‍ത്തകരും രംഗത്തുണ്ട്.

അതിനിടെ പ്രതിഷേധം തണുപ്പിക്കാനായി ഇന്ത്യയില്‍ നിലവിലുള്ള ഒരു പൗരനും ദോഷകരമായി ബാധിക്കാത്തതാണ് പൗരത്വ നിയമമെന്ന വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ 1951നു മുമ്പുള്ള രേഖകള്‍ ഹാജരാക്കണമെന്ന പ്രചാരണം തെറ്റിദ്ധാരണയാണെന്നും 1987നു മുമ്പ് ജനിച്ചവരെയും ആ വര്‍ഷത്തിനു മുമ്പ് ജനിച്ചമാതാപിതാക്കളുള്ളവരെയും പൗരത്വ നിയമ ഭേദഗതിയും പട്ടികയും ഒരു തരത്തിലും ബാധിക്കില്ലെന്നും, 1987നു ശേഷം ജനിച്ചവരുടെ പൗരത്വം തെളിയിക്കാന്‍ ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ മാത്രം മതിയാകുമെന്നുമാണ് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നത്. ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകളുടെ കാര്യത്തില്‍ സാക്ഷികളെ ഹാജരാക്കിയാല്‍ മതി. തദ്ദേശവാസികള്‍ നല്‍കുന്ന തെളിവും ഇവരുടെ കാര്യത്തില്‍ സ്വീകാര്യമായിരിക്കും. 1971 അടിസ്ഥാന വര്‍ഷമായി കണക്കാക്കുന്നത് അസമിലുള്ളവരുടെ പൗരത്വം നിര്‍ണയിക്കുന്നതിന് മാത്രമാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നു.

ഈ വിശദീകരണക്കുറിപ്പു കണ്ടാല്‍ തോന്നുക പൗരത്വ പ്രശ്‌നത്തില്‍ ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത് കാലനിര്‍ണയത്തിന്റെയും രേഖകളെ സംബന്ധിച്ച അഭിപ്രായ ഭിന്നതയുടെയും പേരിലാണെന്നാണ്. ഇതൊന്നുമല്ല, പൗരത്വ ദാനത്തിന് മതം മാനദണ്ഡമാക്കിയതാണ് ജനങ്ങളെ ആശങ്കാകുലരാക്കിയതും തെരുവിലിറക്കിയതും. അയല്‍ രാഷ്ട്രങ്ങളായ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാഴ്‌സികള്‍, ബുദ്ധര്‍, ജൈനര്‍ എന്നിവരില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് ഭേദഗതി നിയമത്തില്‍ പറയുന്നത്. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് എത്തിയ മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നല്‍കില്ല. ഇതെന്തൊരു നീതി? രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും മത, സാമുദായിക, ജാതി, ലിംഗ ഭേദമന്യേ സമത്വം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന് കടക വിരുദ്ധമാണിത്.

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് അവിടുത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ കടുത്ത അവഗണനയും പീഡനവുമേല്‍ക്കേണ്ടി വന്നതു കൊണ്ടാണ് അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ചതെന്നും പീഡിത സമൂഹം എന്ന പരിഗണനയിലാണ് അവിടങ്ങളിലെ മുസ്‌ലിമേതര സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതെന്നുമാണ് മോദിയും അമിത്ഷായും പറയുന്നത്. പീഡിത സമൂഹങ്ങളോടുള്ള സഹാനുഭൂതിയാണ് നിയമ ഭേദഗതിക്കു കാരണമെങ്കില്‍ എന്തു കൊണ്ട് നേപ്പാള്‍, മ്യാന്മര്‍, ശ്രീലങ്ക, ഉയ്ഗൂര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നു വന്ന മുസ്‌ലിം അഭയാര്‍ഥികളെ സര്‍ക്കാര്‍ കാണാത്ത ഭാവം നടിക്കുന്നു? എന്തുകൊണ്ട് അവരില്‍ 2014 ഡിസംബര്‍ 31ന് മുമ്പ് വന്നവര്‍ക്ക് പൗരത്വം അനുവദിക്കുന്നില്ല? സ്വന്തം രാജ്യത്ത് ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പീഡനവും അക്രമവും സഹിക്ക വയ്യാതെയാണ് മ്യാന്മറില്‍ നിന്ന് റോഹിംഗ്യന്‍ മുസ്‌ലിംകളും ശ്രീലങ്കയില്‍ നിന്ന് തമിഴ് മുസ്‌ലിംകളും ഇന്ത്യയില്‍ അഭയം തേടിയത്. എന്നിട്ടും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയവും പൗരത്വവും നല്‍കുന്നതിനു പകരം അവരെ നാടുകടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ ഇരട്ടത്താപ്പിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ഹിന്ദുത്വ ഫാസിസമെന്നോ, അതോ കാവിഭീകരതയെന്നോ?

നിയമ ഭേദഗതിക്കു പിന്നിലെ താത്പര്യം വളരെ വ്യക്തമാണ്. അയല്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഹിന്ദു സമുദായാംഗങ്ങളെ മാത്രം സ്വീകരിക്കുകയും മുസ്‌ലിംകളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തി രാഷ്ട്രത്തില്‍ നിന്ന് അവര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവിധ ആനുകൂല്യങ്ങളും സ്വസ്ഥ ജീവിതവും നിഷേധിക്കുക. ഗുജറാത്തില്‍ മോദിയും അമിത് ഷായും ചേര്‍ന്നു തുടക്കം കുറിച്ച വംശീയ ഉന്മൂലനം ദേശീയതലത്തില്‍ നടപ്പാക്കുകയും അതിന് നിയമപ്രാബല്യം നല്‍കുകയും ചെയ്യുക. ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനുള്ള ആര്‍ എസ് എസ് അജന്‍ഡയിലേക്കുള്ള ഒരു ചുവടുവെപ്പാണിത്. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട്. ഇന്ത്യക്കു മേല്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനുള്ള മോദി ഭരണകൂടത്തിന്റെ നിരന്തരമായ നടപടികളിലെ ഏറ്റവും ഒടുവിലത്തെ ശ്രമമെന്നാണ് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയന്‍ പൗരത്വ നിയമ ഭേദഗതിയെ വിലയിരുത്തിയത്.
മുസ്‌ലിം സമുദായത്തെ മാത്രമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നു ധരിച്ചെങ്കില്‍ തെറ്റി. ആദ്യം രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകളെ കൈകാര്യം ചെയ്ത ശേഷം ക്രിസ്തീയ വിഭാഗം ഉള്‍പ്പെടെ മറ്റു സമുദായങ്ങളെയും അവര്‍ പിടികൂടും. സവര്‍ണരല്ലാത്തവരെല്ലാം രണ്ടാം തരം പൗരന്മാരാണ് സംഘ്പരിവാറിന്റെ കാഴ്ചപ്പാടില്‍. ഒറീസയില്‍ ക്രിസ്ത്യന്‍ മിഷനറി ഡോ. ഗ്രഹാം സ്റ്റെയിന്‍സിനോട് സംഘ്പരിവാര്‍ കാണിച്ച കൊടും ക്രൂരത മറക്കാനാകുമോ?

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിമകളോടെന്ന പോലെയാണ് ദളിതരോടുള്ള സവര്‍ണ സമീപനമെന്നും ഓര്‍ക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മതം മാനദണ്ഡമാക്കിയുള്ള പൗരത്വം മതേതര-ജനാധിപത്യ ഇന്ത്യക്ക് അംഗീകരിക്കാനാകില്ല. ഭേദഗതി നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ് ഒരു ഇളവും ഒത്തുതീര്‍പ്പും ഇക്കാര്യത്തില്‍ സ്വീകാര്യവുമല്ല.