Connect with us

Kerala

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; എം മുകുന്ദനും കെ ജി ശങ്കരപ്പിള്ളക്കും വിശിഷ്ടാംഗത്വം

Published

|

Last Updated

തൃശൂര്‍: 2018 ലെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. എം മുകുന്ദനും കെ ജി ശങ്കരപ്പിള്ളയുമാണ് അക്കാദമി വിശിഷ്ടാംഗത്വത്തിന് അര്‍ഹരായത്. അമ്പതിനായിരം രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരത്തിന് അഞ്ച് പേര്‍ അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 60 വയസ്സ് പിന്നിട്ട സാഹിത്യകാരന്മാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. സ്‌കറിയ സക്കറിയ, ഒ എം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്ന പുരസ്‌കാരം.

വിവിധ സാഹിത്യ മേഖലകളിലെ മികച്ച കൃതികള്‍ക്കുള്ള അക്കാദമി അവാര്‍ഡുകള്‍. കവിത (ബുദ്ധപൂര്‍ണിമ- വി എം ഗിരിജ), നോവല്‍ (ഉഷ്ണരാശി- കെ വി മോഹന്‍കുമാര്‍), ചെറുകഥ (മാനാഞ്ചിറ- കെ രേഖ), നാടകം (ചൂട്ടും കൂറ്റും- രാജ്മോഹന്‍ നീലേശ്വരം), സാഹിത്യ വിമര്‍ശനം (ആധുനികതയുടെ പിന്നാമ്പുറം- പി പി രവീന്ദ്രന്‍), വൈജ്ഞാനിക സാഹിത്യം (പദാര്‍ഥം മുതല്‍ ദൈവകണം വരെ- ഡോ. കെ ബാബു ജോസഫ്), ജീവചരിത്രം/ആത്മകഥ (ആത്മായനം- മുനി നാരായണ പ്രസാദ്), യാത്രാവിവരണം (ലണ്ടനിലേക്ക് ഒരു റോഡ് യാത്ര- ബൈജു എന്‍ നായര്‍), വിവര്‍ത്തനം (സ്വപ്നങ്ങളുടെ വ്യാഖ്യാനം- പി പി കെ പൊതുവാള്‍), ബാലസാഹിത്യം (കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം- എസ് ആര്‍ ലാല്‍), ഹാസ്യ സാഹിത്യം (ഹു ഈസ് എഫ്രൈഡ് ഓഫ് വി കെ എന്‍- വി കെ കെ രമേഷ്) എന്നിവരാണ് അക്കാദമി അവാര്‍ഡ് ജേതാക്കള്‍.
ഇവര്‍ക്ക് 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും ലഭിക്കും.

എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ നേടിയവര്‍. ഐ സി ചാക്കോ അവാര്‍ഡ് (ഭാഷാചരിത്രധാരകള്‍- ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍), സി ബി കുമാര്‍ അവാര്‍ഡ് (പാട്ടും നൃത്തവും- എതിരന്‍ കതിരവന്‍), കെ ആര്‍ നമ്പൂതിരി അവാര്‍ഡ് (ഛന്ദസ്സെന്ന വേദാംഗം- ഡോ. സി ആര്‍ സുഭദ്ര), കുറ്റിപ്പുഴ അവാര്‍ഡ് (പാന്ഥരും വഴിയമ്പലങ്ങളും- ഡോ. കെ എം അനില്‍), കനകശ്രീ അവാര്‍ഡ് 1. (പച്ചവ്ട്- അശോകന്‍ മറയൂര്‍), 2. (ഒരിടത്തൊരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി- വിമീഷ് മണിയൂര്‍), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് (കിസേബി- അജിജേഷ് പച്ചാട്ട്), ജി എന്‍ പിള്ള അവാര്‍ഡ് (ഇന്ത്യന്‍ കപ്പലോട്ടത്തിന്റെ ചരിത്രം- ഡോ. ടി ആര്‍ രാഘവന്‍), തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം (സ്വപ്ന സി കോമ്പാത്ത്). വാര്‍ത്താ സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ പി മോഹനന്‍ പങ്കെടുത്തു.