Connect with us

National

പൗരത്വ നിയമ ഭേദഗതി: മദ്രാസ് സര്‍വകലാശാലയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ കമല്‍ഹാസനെ തടഞ്ഞു

Published

|

Last Updated

ചെന്നൈ | പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ മക്കള്‍ നീതി മയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് കാമ്പസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്ന് പോലീസ് പറഞ്ഞു.

വിദ്യാര്‍ഥികളെ മാത്രമേ അകത്തു കടക്കാന്‍ അനുവദിക്കൂവെന്നാണ് പോലീസ് പറഞ്ഞത്. ഞാന്‍ എന്നെ ഒരു വിദ്യാര്‍ഥിയായിട്ടാണ് കാണുന്നത്. മരണം വരെ അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും. മാത്രമല്ല, ഒരു പാര്‍ട്ടി കെട്ടിപ്പടുത്തതു കൊണ്ടുതന്നെ ഇവിടെ ഉണ്ടാകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനാകില്ല. അവരോടൊപ്പം ചേര്‍ന്ന് ഞാനും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും.

വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടി അനീതിയാണെന്നും അണ്ണാ ഡി എം കെ വിചാരിച്ചിരുന്നുവെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ പാസാകില്ലായിരുന്നുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം തന്റെ പാര്‍ട്ടിയുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇതേ തുടര്‍ന്ന് ഡിസംബര്‍ 23 വരെ സര്‍വകലാശാലക്ക് രജിസ്ട്രാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പോലീസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാലയിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെയാണ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

---- facebook comment plugin here -----

Latest