ഉത്പാദനം ഉയർന്നു; ഏലക്ക വിപണിയിൽ മത്സരം

Posted on: December 15, 2019 9:37 am | Last updated: December 16, 2019 at 9:38 am


കൊച്ചി | ലേല കേന്ദ്രങ്ങളിൽ ഏലക്ക പ്രവാഹം വാങ്ങലുകാരെ ആവേശം കൊള്ളിച്ചു. ഏഷ്യൻ വിപണികളിൽ റബ്ബർ വില ഉയർന്നു, സംസ്ഥാനത്ത് വില 13,300 രൂപയിൽ. ഉത്തരേന്ത്യയിൽ തണുപ്പ് ശക്തമായതോടെ ചുക്കിന് വൻ ഡിമാന്റ്. ആഭ്യന്തര ഡിമാന്റിൽ കുരുമുളക് വില ഉയർന്നു. വെളിച്ചെണ്ണ വില സ്റ്റെഡി. സ്വർണ വില കയറി ഇറങ്ങി.

ഏലക്ക ഉത്പാദനം ഉയർന്നതോടെ ചരക്ക് ഇറക്കാൻ കാർഷിക മേഖല മത്സരിച്ചു. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് ജനുവരി അവസാനത്തോടെ നിലക്കും. ക്രിസ്മസ് വേളയിലെ ഉയർന്ന വില ലക്ഷ്യമാക്കി ഉത്പാദകർ കൂടുതൽ ചരക്ക് ഇറക്കി. പിന്നിട്ടവാരം ഒറ്റ ദിവസം 125 ടൺ ഏലക്ക വരെ ലേലത്തിന് ഇറങ്ങി. ഓഫ് സീസണിൽ വില ഇനിയും ഉയരുമെന്നാണ് കർഷകരുടെ പക്ഷം. പിന്നിട്ടവാരം ഏലം കിലോ 3,200 രൂപക്ക് മുകളിൽ നിലകൊണ്ടു വെന്ന് മാത്രമല്ല ഒരവസരത്തിൽ 3,500 വരെ ഉയരുകയും ചെയ്തു. പല ദിവസങ്ങളിലും അരലക്ഷം കിലോക്ക് മുകളിൽ ചരക്ക് ലേലത്തിന് എത്തി. ആഭ്യന്തര വിദേശ ഡിമാന്റ് തുടരുന്നു.
ടയർ കന്പനികൾ നിരക്ക് ഉയർത്തി റബ്ബറിന് ക്വട്ടേഷൻ ഇറക്കി. ഷീറ്റ് വരവ് ചുരുങ്ങിയതിനാൽ കോട്ടയത്ത് നാലാം ഗ്രേഡ് 13,000 രൂപയിൽ നിന്ന് 13,300 രൂപയായി. കൊച്ചിയിൽ 200 രൂപ വർധിച്ച് 13,200 ലാണ്. രാജ്യാന്തര വിപണിയിൽ വരും മാസങ്ങളിൽ ലഭ്യത ചുരുങ്ങുമെന്ന സൂചനകളും അവധി വ്യാപാരത്തിലെ വാങ്ങൽ താത്പര്യങ്ങളും വിപണിക്ക് കരുത്തായി.

ചുക്ക് വിപണി സജീവമാണ്. വടക്കെ ഇന്ത്യയിൽ തണുപ്പ് ശക്തമായതോടെ ചുക്കിന് ആവശ്യം വർധിച്ചു. തണുപ്പ് കാലത്തെ പകർച്ചവ്യാധികൾ മുന്നിൽ കണ്ട് പലരും ഉയർന്ന അളവിൽ ചുക്ക് വാങ്ങി. കൊച്ചിയിൽ പുതിയ ചുക്ക് വിൽപ്പനക്ക് എത്തുന്നുണ്ട്. ആഭ്യന്തര വ്യാപാരികൾക്ക് പുറമേ അറബ് രാജ്യങ്ങളിൽ നിന്ന് ഓർഡർ ലഭിച്ചവരും ചുക്ക് സംഭരിക്കുന്നുണ്ട്. വിവിധയിനം ചുക്ക് 25,000- 27,500 രൂപ.
കുരുമുളകിന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആവശ്യം വർധിച്ചയോടെ വില വീണ്ടും ഉയർന്നു. ക്രിസ്മസ് മുന്നിൽ കണ്ട് സ്റ്റോക്ക് ഇറക്കാൻ വൻകിടകാർ നീക്കം തുടങ്ങി. ഉത്തരേന്ത്യയിലെ പൗഡർ യൂണിറ്റുകൾ ചരക്കിൽ താത്പര്യം കാണിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 35,300 രൂപയിൽ നിന്ന് 35,600 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5,100 ഡോളർ. വെളിച്ചെണ്ണ വിൽപ്പന ഉത്പാദകരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. തമിഴ്‌നാട്ടിലെ മില്ലുകാർ സ്റ്റോക്ക് ഇറക്കാൻ നടത്തിയ നീക്കങ്ങൾ മൂലം കൊച്ചിയിൽ വെളിച്ചെണ്ണ 14,750 രൂപയിലും കൊപ്ര 9,910 രൂപയിലുമാണ്. കാങ്കയത്ത് കൊപ്ര 9350 രൂപയിലാണ്. വിളവെടുപ്പ് തുടരുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നു.

സ്വർണ വിലയിൽ ചാഞ്ചാട്ടം. 28,120 രൂപയിൽ വിൽപ്പന തുടങ്ങിയ പവൻ ഒരവസരത്തിൽ 28,000ലേക്ക് താഴ്ന്നങ്കിലും ശനിയാഴ്ച വില 28,240 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 3,530 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1,459 ഡോളറിൽ നിന്ന് 1,475 ഡോളറായി.