Connect with us

Editorial

പോക്‌സോ കേസുകളുടെ ദുരുപയോഗം തടയണം

Published

|

Last Updated

‘ഒരു വര്‍ഷമായി ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം അതീവ തീവ്രമായിരുന്നു. മാതാപിതാക്കളും തീ തിന്നേണ്ടി വന്നു അവരുടെ വാര്‍ധക്യ കാലത്ത്. അനുജന്‍ അമ്പലത്തിലെ ശാന്തിക്കാരനാണ്. അവനും അനുഭവിച്ചു കടുത്ത അപമാനം”… പോക്‌സോ കേസില്‍ പ്രതിയാക്കപ്പെടുകയും കോടതി നിരപരാധിയാണെന്നു കണ്ടെത്തുകയും ചെയ്ത കോട്ടയം അയര്‍കുന്നം സ്വദേശി രാംലാലിന്റെതാണ് ഈ വാക്കുകള്‍. “വെറും വാക് തര്‍ക്കത്തിന്റെ പേരിലാണ് എനിക്കെതിരെ കള്ളക്കേസ് കൊടുത്തത്. ദൈവസഹായം കൊണ്ട് എന്റെ നിരപരാധിത്വം തെളിഞ്ഞു. ഏതുസമയത്തും പൊട്ടിവീഴാവുന്ന മൂര്‍ച്ചയുള്ള വാളായി പോക്‌സോ കേസ് പുരുഷന്മാരുടെ തലക്കു മീതെ തൂങ്ങി നില്‍ക്കുന്നുണ്ടെ”ന്നും രാംലാല്‍ ഓര്‍മിപ്പിക്കുന്നു.

സ്‌കൂള്‍ വാന്‍ ഓപറേറ്ററായിരുന്ന രാംലാലിനെതിരെ പതിമൂന്ന് വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയാണ് കേസിനടിസ്ഥാനം. 2018 ആഗസ്റ്റ് 14ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു വാനില്‍ വരുമ്പോള്‍ രാംലാല്‍ തോളുകൊണ്ട് കൈയില്‍ ഇടിച്ചെന്നും മാറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു എന്നുമായിരുന്നു വിദ്യാര്‍ഥിനി തുടക്കത്തില്‍ കൊടുത്ത പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ സത്യസന്ധമായി മൊഴി നല്‍കിയതോടെ രാംലാലിന്റെ നിരപരാധിത്വം വ്യക്തമാകുകയും പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് കേസ് ഒതുക്കിയെന്നു കാണിച്ച് പിന്നീട് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ കോട്ടയം മജിസ്ട്രേറ്റിനു പരാതി നല്‍കി. ഇതനുസരിച്ച് പോലീസില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ പരാതിയുടെ സ്വഭാവം മാറി. രാംലാല്‍ ശരീരത്തില്‍ ചാരിയിരുന്നുവെന്നും വയറില്‍ പിടിച്ചതായി അനുഭവപ്പെട്ടെന്നും കുട്ടി പറഞ്ഞതായി കുറ്റപത്രത്തില്‍ ചേര്‍ക്കപ്പെട്ടു. അതോടെ ലൈംഗിക പീഡനത്തിന്റെ വകുപ്പിലെത്തി കേസ്.
രാംലാല്‍ ഉടനെ ഹൈക്കോടതിയെ സമീപിച്ച് പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത ഫയല്‍ എടുപ്പിച്ചു. ആദ്യ പരാതിയും രണ്ടാമത്തെ പരാതിയും വ്യത്യസ്തമാണെന്നു ബോധ്യമായ ഹൈക്കോടതി ജഡ്ജി കുട്ടിയെ വിളിച്ചു സംസാരിച്ചപ്പോള്‍, പാമ്പാടി പോലീസ് ഓഫീസറാണ് മൊഴി മാറ്റിപ്പറയാന്‍ പഠിപ്പിച്ചതെന്നു വ്യക്തമാക്കി. ഇതോടെ രാംലാലിനെതിരെ കേസ് തുടരുന്നത് നിയമനടപടിയുടെ ദുരുപയോഗമാണെന്നു വിലയിരുത്തി കോടതി കേസ് അവസാനിപ്പിക്കാന്‍ ഉത്തരവിട്ടു. മാത്രമല്ല, പരാതിക്കാരല്ല, പ്രതിചേര്‍ക്കപ്പെടുന്നവരാണ് ഇത്തരം വ്യാജ പോക്‌സോ കേസുകളിലെ യഥാര്‍ഥ ഇരകളെന്നും അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും ഇത് കണ്ടറിയണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അവരെ ഉണര്‍ത്തുകയും ചെയ്തു.

ഇതൊരു രാംലാലിന്റെ മാത്രം അനുഭവമല്ല, സ്വാര്‍ഥ താത്പര്യാര്‍ഥം ഒട്ടേറെ നിരപരാധികള്‍ ഇതുപോലെ പോക്‌സോ കേസുകളുടെ പേരില്‍ വേട്ടയാടപ്പെടുന്നുണ്ട്. 2018-19 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ 4,008 എണ്ണം വ്യാജവും കഴമ്പില്ലാത്തതുമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് തുടരന്വേഷണം അവസാനിപ്പിക്കുകയുണ്ടായി. വിവാഹ മോചനക്കേസുകളില്‍ കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാന്‍ ഭാര്യയും കുടുംബക്കാരും കുട്ടിയുടെ പിതാവിനെതിരെ നല്‍കിയ പരാതികളായിരുന്നു ഇതിലേറെയും. ലൈംഗികാരോപണം ഉന്നയിച്ചാല്‍ കുട്ടിക്കുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ പിതാവിന് കഴിയാതാകുകയും കുട്ടിയുടെ സംരക്ഷണാവകാശം മാതാവിന് ലഭിക്കുകയും ചെയ്യുന്നു. ഇതാണ് പരാതിക്കാരുടെ ഉന്നം.

കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാന്‍ വേണ്ടി, പിതാവ് കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന രീതിയിലുള്ള കള്ളപ്പരാതികള്‍ കൂടിവരുന്നതായി കഴിഞ്ഞ മെയില്‍ മറ്റൊരു കേസില്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ചതാണ്. മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരെ പോക്‌സോ നിയമപ്രകാരം കുഞ്ഞിന്റെ മാതൃവീട്ടുകാര്‍ നല്‍കിയ അപ്പീലിലായിരുന്നു ജസ്റ്റിസ് കെ ഹരിലാലും ജസ്റ്റിസ് ടി വി അനില്‍കുമാറുമുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഈ നിരീക്ഷണം. പോക്‌സോ കേസുകളില്‍ വ്യാജന്മാര്‍ പെരുകുന്നതില്‍ ബാലാവകാശ കമ്മീഷനും ആശങ്ക പ്രകടിപ്പിക്കുന്നു.
കുടുംബ തര്‍ക്ക കേസുകളില്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ കുടുംബ കോടതികള്‍ക്കായി മുന്‍വെച്ചിട്ടുണ്ട് ഹൈക്കോടതി. പോക്‌സോ നിയമമനുസരിച്ച് പിതാവിന്റെ പേരില്‍ കേസ് എടുത്തതു കൊണ്ടുമാത്രം ലൈംഗിക ചൂഷണം നടന്നതായി കോടതികള്‍ കണക്കാക്കരുത്. കേസിലെ സാഹചര്യം കൂടുതല്‍ മനസ്സിരുത്തി വിലയിരുത്തണം. കുഞ്ഞിന്റെ സംരക്ഷണത്തിന് പിതാവിനുള്ള ന്യായമായ അവകാശം നിഷേധിക്കാനുള്ള കെണിയല്ല ആരോപണമെന്ന് ഉറപ്പാക്കണം.

പൊതുവായ നടപടിക്രമം അനുസരിച്ചായിരിക്കരുത്, ഓരോ കേസിലെയും സാഹചര്യവും വസ്തുതയും വിലയിരുത്തിയായിരിക്കണം തീരുമാനമെടുക്കേണ്ടത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നതു കൊണ്ടുമാത്രം കുഞ്ഞിന്റെ സംരക്ഷണത്തിനുള്ള പിതാവിന്റെ അപേക്ഷ തള്ളരുത് തുടങ്ങിയവയാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍. എന്നിട്ടും പോക്‌സോ കേസുകളിലെ വ്യാജ പരാതിക്ക് കുറവില്ല. നിയമത്തിന്റെ ദുരുപയോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഒരു വ്യക്തിയുടെ ജീവിതം തന്നെ താളം തെറ്റിക്കാന്‍ പോന്നതാണ് പോക്‌സോ കേസുകള്‍. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നവരെ സമൂഹം അവജ്ഞയോടെയാണ് വീക്ഷിക്കുന്നത്. പിന്നീട് അവര്‍ സാമൂഹികമായി ഒറ്റപ്പെടുന്നു.

ഈ സാഹചര്യത്തില്‍ പരാതികളുടെ യാഥാര്‍ഥ്യം അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്താനുള്ള ശക്തമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. പരാതി വ്യാജമാണെങ്കില്‍ കോടതിയിലെത്തുന്നതിനു മുമ്പേ, പഴുതടച്ച അന്വേഷണത്തിലൂടെ അതിനു പിന്നിലെ പ്രേരണയും വേരുകളും ചികഞ്ഞു കണ്ടെത്താന്‍ പോലീസിന് കഴിയണം. കേസുകള്‍ തെളിയിക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കേരള പോലീസ്. പലപ്പോഴും ബാഹ്യ ഇടപെടലുകളും സമ്മര്‍ദങ്ങളും കാരണം അന്വേഷണം വഴിതെറ്റുന്നതാണ് നിരപരാധികള്‍ കോടതികള്‍ കയറാന്‍ ഇടവരുത്തുന്നത്.

---- facebook comment plugin here -----

Latest