Connect with us

Gulf

ജോലിസ്ഥലത്തു ശമ്പളം കിട്ടാതെ ദുരിതത്തിലായ തമിഴ്‌നാട്ടുകാരി നാട്ടിലേക്കു മടങ്ങി

Published

|

Last Updated

മഞ്ജു മണിക്കുട്ടനും യാസിനും വല്ല്യമ്മാള്‍ക്കൊപ്പം വിമാനത്താവളത്തില്‍

ദമാം | അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാള്‍ ആണ് പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങള്‍ തരണം ചെയ്തു നാട്ടിലേക്കു മടങ്ങിയത്.

എട്ടു മാസം മുമ്പാണ് വല്ല്യമ്മാള്‍ ദമാമിലെ സ്വദേശിയുടെ വീട്ടിലേക്ക് ജോലിക്കെത്തിയത്. ജോലി സാഹചര്യങ്ങള്‍ മോശമായിരുന്നുവെന്ന് മാത്രമല്ല, കൃത്യമായി ശമ്പളവും ലഭിച്ചില്ല. മതിയായ വിശ്രമവും ആഹാരവും നിഷേധിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് വല്ല്യമ്മാള്‍, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി ബോധിപ്പിക്കുകയും പോലീസുകാര്‍ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.

അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് വല്ല്യമ്മാള്‍ നിയമ സഹായം അഭ്യര്‍ഥിച്ചു. സ്പോണ്‍സറുമായി ബന്ധപ്പെട്ടെങ്കിലും സഹകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട് പാസും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും ലഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയായതോടെ ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനായ യാസിന്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കി. എല്ലാവരോടും നന്ദി അറിയിച്ച് വല്യമ്മാള്‍ ദമാമില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു.