Connect with us

Gulf

രത്നഗിരി റിഫൈനറി പെട്രോകെമിക്കല്‍സ് സമുച്ചയം; ചെലവ് പ്രതീക്ഷിക്കുന്നത് 7000 കോടി ഡോളര്‍

Published

|

Last Updated

അബൂദബി | യു എ ഇ യുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്, സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ എന്നിവ സംയുക്തമായി നിര്‍മിക്കുന്ന കൂറ്റന്‍ റിഫൈനറി, പെട്രോകെമിക്കല്‍ കോംപ്ലക്സിന് 7000 കോടി ഡോളര്‍ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മുംബൈയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന റായ്ഗഡ് ജില്ലയിലാണ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. യു എ ഇ യില്‍ സന്ദര്‍ശനം നടത്തിയ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും പദ്ധതിയില്‍ വന്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.

അബൂദബിയില്‍ ചേര്‍ന്ന സഊദി -യു എ ഇ ഏകോപന സമിതി യോഗത്തില്‍ ഇന്ത്യയിലെ റിഫൈനറി പദ്ധതിയെ കുറിച്ച് വിശകലനം ചെയ്തിരുന്നു. നേരത്തെ 4400 കോടി ദിര്‍ഹമാണ് പദ്ധതി മുടക്കുമുതലായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഉയര്‍ത്തുകയായിരുന്നു. പദ്ധതി മുഖേന ഇന്ത്യന്‍ എണ്ണ വിപണിയില്‍ സഊദി, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ആറു ലക്ഷം ബാരല്‍ പ്രതിദിന എണ്ണ സംഭരിക്കാന്‍ സാധിക്കും. ഒറ്റ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംസ്‌കരണ ശാലയാണിത്. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെ തീരദേശത്താണ് പ്രതിദിനം 12 ലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കുന്നതിന് ശേഷിയുള്ള റിഫൈനറി, പെട്രോകെമിക്കല്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്.

പദ്ധതിക്ക് 4500 കോടിയിലേറെ ഡോളര്‍ ചെലവ് വരുമെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിലും ഏറെ കൂടുതലാണ് പദ്ധതിച്ചെലവായി സഊദി അറേബ്യയും യു എ ഇയും പ്രതീക്ഷിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് രത്നഗിരി റിഫൈനറി ആന്‍ഡ് റിഫൈനറി നിര്‍മാണ കമ്പനിയായ പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ 50 ശതമാനം ഓഹരി സ്വന്തമാക്കി. ശേഷിക്കുന്ന ഓഹരി സഊദി അരാംകോയും അഡ്നോക്കും തുല്യമാണ്.