…നീതിപീഠം മുളയിലേ നുള്ളണം

വിഖ്യാതമായ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് തന്നെ പരുക്കേല്‍പ്പിക്കുന്ന വിവേചനപരമായ നിയമങ്ങള്‍ മുളയിലേ നുള്ളേണ്ടത്, ഭരണഘടനയുടെ രക്ഷിതാവെന്ന് വിളിക്കപ്പെടുന്ന സുപ്രീം കോടതിയുടെ ബാധ്യതയാണ്.
Posted on: December 13, 2019 8:03 am | Last updated: December 13, 2019 at 11:45 am

ഇന്ത്യയുടെ പാര്‍ലിമെന്റിന്റെ ഇരുസഭകളും പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഭരണകൂടം രാജ്യത്തെ കൊണ്ടുപോകാനുദ്ദേശിക്കുന്ന ദിശ നിര്‍ണയിക്കുന്നതും സ്ഥാപിത താത്പര്യങ്ങള്‍ വെളിവാക്കുന്നതുമാണ്.

ഇന്ത്യയുടെ ഭരണഘടനാ അനുഛേദം അഞ്ച് പ്രകാരം മൂന്ന് വിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹത.
1) ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശത്ത് ജനിച്ചവര്‍
2) മാതാപിതാക്കളിലാരെങ്കിലും ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശത്ത് ജനിച്ചവര്‍
3) കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലുമായി ഇന്ത്യയില്‍ ജീവിക്കുന്നവര്‍
ഇതിനു പുറമെ ഇന്ത്യയുടെ പാര്‍ലിമെന്റിന് പൗരത്വ നിയമമനുസരിച്ച് പൗരത്വം വ്യവസ്ഥപ്പെടുത്താനുള്ള അധികാരമുണ്ട്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം പൗരത്വം അനുവദിക്കുന്നതിന് പുതുതായി മറ്റൊരു വിവാദ മാനദണ്ഡം കൂടി അവതരിപ്പിക്കപ്പെടുന്നു. ഇതാകട്ടെ സംഘ്പരിവാറിന്റെ ആദര്‍ശാടിത്തറയുടെ പുതിയകാല പൂര്‍ത്തീകരണം മാത്രവുമാണ്. പുതിയ ബില്ലിലൂടെ, ഒരു വിഭാഗം ജനതയെ മാത്രം ബോധപൂര്‍വം ഉള്‍പ്പെടുത്താതിരിക്കുന്നതിലൂടെ മതാടിസ്ഥാനത്തിലുള്ള വിവേചനം പ്രഥമദൃഷ്ട്യാ തന്നെ സ്പഷ്ടമാണ്.

നിയമ ഭേദഗതിയില്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഒബ്ജക്ട്സ് ആന്‍ഡ് റീസണ്‍സ് (എസ് ഒ ആര്‍) പറയുന്നത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കാലങ്ങളായി കുടിയേറ്റമുണ്ടെന്നും, എന്നാല്‍ മതനിയമങ്ങളുള്ള ഈ രാജ്യങ്ങളില്‍ അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമാണ്. അവിഭക്ത ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പൗരന്മാര്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമുണ്ടെന്ന് ന്യായം അവതരിപ്പിക്കുന്ന എസ് ഒ ആര്‍ എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഈ ഗണത്തില്‍ എങ്ങനെ ഉള്‍പ്പെടുന്നു എന്ന് പറയാതിരിക്കുന്നു. നാച്വറലൈസേഷന്‍ (naturalisation) വഴി നേരത്തേ അനുവദിക്കപ്പെട്ടിരുന്ന കാലക്രമം ഇപ്പോള്‍ ചുരുക്കി നല്‍കുന്നതും, 2014 ഡിസംബര്‍ 31 എന്നൊരു തീയതി പ്രഖ്യാപിക്കുന്നതും അവ്യക്തതകളുടെ ആഴം വര്‍ധിപ്പിക്കുന്നു.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) കൊണ്ടുവന്നതിലൂടെ അസമിലെ 19 ലക്ഷം ജനങ്ങള്‍ക്ക് രാജ്യം ഇല്ലാതാകുന്ന ഭീതിതമായ അവസ്ഥ രാജ്യം കണ്ടു കഴിഞ്ഞു. 1,600 കോടി രൂപ മുടക്കി കൊണ്ടുവന്ന എന്‍ ആര്‍ സി ഇന്ത്യയുടെ ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തിനും അഭയാര്‍ഥി സൗഹൃദ പാരമ്പര്യത്തിനും മങ്ങലേല്‍പ്പിച്ചു എന്നല്ലാതെ ഗുണമൊന്നും കൊണ്ടുവന്നില്ല. പ്രതീക്ഷക്ക് വിപരീതമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ ആര്‍ സി പ്രകാരം പൗരത്വത്തിന് പുറത്തായവര്‍ മുസ്ലിംകളേക്കാള്‍ കൂടുതല്‍ ഹിന്ദുക്കളായി എന്നത്, രാഷ്ട്രീയമായി തന്നെ ബി ജെ പിക്ക് തിരിച്ചടിയായി. എന്‍ ആര്‍ സി ഒരിക്കല്‍ കൂടി നടത്തുമെന്ന് അവിടുത്തെ ഭരണകൂടം പ്രഖ്യാപിച്ചതിന്റെ കാരണവും മറ്റൊന്നല്ല. മേല്‍പ്പറഞ്ഞ പിഴവ് തിരുത്താന്‍ കൂടി പുതിയ പൗരത്വ ഭേദഗതി കാരണമാകുന്ന സാഹചര്യം ഇപ്പോള്‍ സംജാതമാണ്. പുറത്തായ ഹിന്ദുക്കള്‍ ഭേദഗതി പ്രകാരം പൗരത്വത്തിന് അര്‍ഹതയുള്ളവരായി മാറുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ ക്യാമ്പുകളില്‍ നിറയാന്‍ പോകുന്നത് മുസ്ലിംകള്‍ തന്നെയായിരിക്കും എന്ന് സാരം. അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വസ്തുനിഷ്ഠമായി വേര്‍തിരിക്കുന്നതിലും ബില്‍ പരാജയപ്പെടുന്നു.

രാജ്യത്തെ പൗരന്മാരായ നിലവിലെ മുസ്ലിംകളെ ഇപ്പോള്‍ ഇതൊന്നും ബാധിക്കുന്നില്ല എന്നത് വസ്തുത തന്നെയാണ്. നിലവിലെ പൗരത്വം മുന്‍കാല പ്രാബല്യത്തില്‍ പിന്‍വലിക്കല്‍ നിയമപരമായി അസാധ്യവുമാണ്. ഏതായാലും പൗരത്വ ഭേദഗതി ബില്‍ വിഷയം പാര്‍ലിമെന്റ് പാസ്സാക്കി മണിക്കൂറുകള്‍ക്കകം രാജ്യത്തെ പരമോന്നത കോടതിയുടെ മുന്നിലേക്ക് എത്തുകയാണ്. വിഖ്യാതമായ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് തന്നെ പരുക്കേല്‍പ്പിക്കുന്ന ഇത്തരം വിവേചനപരമായ നിയമങ്ങള്‍ മുളയിലേ നുള്ളേണ്ടത്, ഭരണഘടനയുടെ രക്ഷിതാവെന്ന് വിളിക്കപ്പെടുന്ന സുപ്രീം കോടതിയുടെ ബാധ്യതയാണ്. എക്സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ക്ക് കൈയടിക്കുന്ന വിഭാഗം രാജ്യത്ത് ഉണ്ടെന്ന് വരുന്നത്, നീതി നിഷേധിക്കപ്പെടുന്നു എന്ന അതീവ ഗുരുതരമായ തോന്നലില്‍ നിന്നാണ്. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഉറപ്പുള്ള ഇത്തരം നിയമങ്ങള്‍ക്ക് സാധുത നല്‍കുന്നത് അങ്ങേയറ്റം അനീതിപൂര്‍ണമായ സാഹചര്യം സൃഷ്ടിക്കാന്‍ കരണമാകും. അവസരത്തിനൊത്തുയര്‍ന്ന് ഭരണഘടനയുടെയും നിയമവാഴ്ചയുടെയും വിശ്വാസം പരിരക്ഷിക്കേണ്ടത് കോടതിയുടെ മുന്നിലെ ഏറ്റവും വലിയ ബാധ്യതയാകുന്നു.
(സുപ്രീം കോടതി മുന്‍ അഭിഭാഷകനാണ് ലേഖകന്‍)