National
രാഷ്ട്രപതിയും ഒപ്പുവെച്ചു; പൗരത്വ ഭേദഗതി ബില്‍ നിയമമായി

ന്യൂഡല്‍ഹി| വിവാദമായ പൗരത്വ (ഭേദഗതി) ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ ലോക്‌സഭയിലും രാജ്യസഭയിലും പാസ്സായ ബില്‍ നിയമമായി. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും ചെയ്തു. ഇതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.
രൂക്ഷമായ സംവാദങ്ങള്‍ക്ക് ശേഷം പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭയും ലോക്‌സഭയും കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്നതാണ് നിയമം. മുസ്ലിംകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇത് ഇന്ത്യയുടെ മതേതരത്തിന് ഏറ്റ കളങ്കമാണെന്ന് വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ വ്യക്തമാക്കിയിട്ടും അത് വകവെക്കാതെയാണ് എന്‍ഡിഎ സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
അയല്‍രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനാണ് പൗരത്വ ബില്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യായീകരണം. മുസ്ലീങ്ങള്‍ക്ക് സംരക്ഷണം നല്‍കാതെ ഇന്ത്യയുടെ മതേതര ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയതാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു.
ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി തുടരുന്നതിനിടയൊണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത്. അസമിലെ അക്രമകാരികളായ ജനക്കൂട്ടം കെട്ടിടങ്ങള്‍ കത്തിച്ച് പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ മരിച്ചു. അയല്‍ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാന നഗരത്തിന്റെ ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രമസമാധാനനില വഷളാകുന്ന സ്ഥിതിയാണ് ഇവിടങ്ങളിലുള്ളത്.
പുതിയ നിയമത്തിന് ശേഷം ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യഅപകമായി നടപ്പാക്കുവാനാണ് ബിജെപി നീക്കം. രജിസ്റ്റര്‍ നിലവില്‍ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് തങ്ങള്‍ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളല്ല, ഇന്ത്യയിലെ യഥാര്‍ത്ഥ നിവാസികളാണെന്ന് തെളിയിക്കേണ്ടിവരും. നിയമത്തില്‍ ലിസ്റ്റുചെയ്തിരിക്കുന്ന മറ്റ് മതങ്ങളിലെ അംഗങ്ങള്‍ പൗരത്വ രജിസ്റ്ററിന് പുറത്തായാല്‍ പൗരത്വ നിയമ ഭേദഗതി വഴി അവര്‍ക്ക് രാജ്യത്ത് പൗരത്വം ലഭിക്കും. മുസ്ലിംകള്‍ മാത്രമാകും പട്ടികയില്‍ നിന്ന് പുറത്തുപോകുക.