Connect with us

National

ഹനുമാന്‍ ലങ്ക മാത്രമാണ് കത്തിച്ചത്, ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ ചുട്ട് ചാമ്പലാക്കുന്നു; കേന്ദ്രത്തെ വിമര്‍ശിച്ച് കട്ജു

Published

|

Last Updated

ന്യൂദല്‍ഹി | പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയ നരേന്ദ്ര മോദി ഗവണ്‍മെന്റിനെതിരെ കടുത്ത വിമര്‍ശവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. അസം കത്തിച്ചാമ്പലാകുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുകയാണ് ആധുനിക നീറോമാര്‍ എന്ന് കട്ജു ട്വിറ്ററില്‍ കുറിച്ചു. ഹനുമാന്‍ ലങ്ക മാത്രമാണ് കത്തിച്ചതെങ്കില്‍ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ മുഴുവന്‍ ചുട്ട് ചാമ്പലാക്കുകയാണെന്നും കട്ജു പറഞ്ഞു.

ആദ്യം കശ്മീര്‍, ഇപ്പോള്‍ അസം. ഇന്ത്യയില്‍ അടുത്തതായി ഇന്റര്‍നെറ്റ് നിരോധിക്കുന്നത് എവിടെയായിരിക്കുമെന്നും മറ്റൊരു ട്വീറ്റില്‍ കട്ജു ചോദിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനുള്ള തന്ത്രമാണ് പൗരത്വ ഭേദഗതി ബില്ല്. യോഗാദിനം, സ്വച്ഛ് അഭിയാന്‍, രാം മന്ദിര്‍, ഗോസംരക്ഷണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുടെ തുടര്‍ച്ചയാണിത്. ഇതിനൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. നാസി ജര്‍മ്മനിയിലെ ജൂതന്മാരെപ്പോലെ ഇവിടെ മുസ്‌ലിങ്ങള്‍ ബലിയാടാവുകയാണെന്നും കട്ജു ട്വിറ്ററില്‍ കുറിച്ചു.

വിവാദമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അനുമതി നല്‍കുന്നതാണ് ഭേദഗതി. ബില്ലിനെ 105 പേര്‍ എതിര്‍ത്തപ്പോള്‍ 125 പേര്‍ അനുകൂലിക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാകും.

---- facebook comment plugin here -----

Latest