Articles
ഹിംസാത്മകമല്ല ജനാധിപത്യം

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ച കുറ്റാരോപിതരെ വെടിവെച്ച് കൊന്ന പോലീസ് ഓഫീസര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന കൈയടി കൂടി വരികയാണ്. ഏറ്റവും നീചമായ രീതിയില്‍ സ്ത്രീത്വത്തെ നശിപ്പിച്ച കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ തന്നെയാണ് കിട്ടേണ്ടത്. എന്നാല്‍ നീതിനിര്‍വഹണത്തിലെ ഏറ്റുമുട്ടല്‍ ശിക്ഷാവിധികളോട് ജനാധിപത്യ സമൂഹം പ്രതികരിക്കേണ്ടതുണ്ട്. നാല് കുറ്റാരോപിതരെ വെടിവെച്ച് കൊന്നത് അവര്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതു കൊണ്ടാണ് എന്നാണ് പോലീസ് ഭാഷ്യം. ഇതുവരെ ഉണ്ടായ എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെയും ന്യായീകരണം ഇങ്ങനെ തന്നെയാണ്.
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതക വാര്‍ത്ത വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയര്‍ന്നു വന്ന ചര്‍ച്ച നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളെ കുറിച്ചാണ്. സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ ഏകപക്ഷീയം എന്ന് സംശയിക്കാന്‍ വക നല്‍കുന്ന ഈ വെടിവെപ്പിലേക്ക് പോലീസിനെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ കുറ്റാരോപിതര്‍ പ്രതികളാണ് എന്ന് തെളിഞ്ഞാലും നീതി നടപ്പാകില്ല എന്ന ചിന്തയാണോ? അങ്ങനെയാണെങ്കില്‍ ജുഡീഷ്യറിയുടെ ഭാഗമായ പോലീസിനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമായോ? സജ്ജനാര്‍ എന്ന ഇതേ പോലീസ് ഓഫീസര്‍ 2008ല്‍ സമാനമായ സംഭവത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അതിക്രമങ്ങള്‍ക്ക് സ്വയം ശിക്ഷ വിധിക്കുന്ന ഈ രീതിക്കാണ് ഇപ്പോള്‍ രാജ്യത്ത് ഉടനീളം കൈയടി കിട്ടിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ കൈയടിക്കാത്തവരും ഈ നടപടിയെ എതിര്‍ക്കുന്നവരും നേരിടുന്ന പ്രധാന ചോദ്യം, നിങ്ങളുടെ അമ്മക്കോ പെങ്ങള്‍ക്കോ ഈ ഗതി വരണം, അപ്പോള്‍ എങ്ങനെ പ്രതികരിക്കും എന്നാണ്. ഈ ചിന്ത ഉണ്ടാകുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമാകുമ്പോഴാണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ മധ്യ- ഉപരിവര്‍ഗങ്ങള്‍ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളെ നിയമത്തിന് അതീതമായി കാണാറുണ്ട്. ഹൈദരാബാദില്‍ പോലീസുകാര്‍ക്ക് മധുരം നല്‍കിയവര്‍ അധികവും അത്തരക്കാര്‍ ആയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഉത്തരേന്ത്യയിലെ പോലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ വിവസ്ത്രയാക്കിയപ്പോഴും ആള്‍ക്കൂട്ട വധത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നപ്പോഴും പോലീസ് സംവിധാനത്തിനെതിരെ പ്രതികരിക്കാന്‍ പലരും മറന്നു. അത്തരം കേസിലെ പല പ്രതികളും രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുന്ന രീതി നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി തീര്‍ന്നിട്ട് കാലം കുറെയായി. അതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാത്തവരാണ് കൈയടിക്കാരില്‍ ഭൂരിപക്ഷവും. ഇവരാകട്ടെ വ്യവസ്ഥാപിത രാഷ്ട്രീയ വ്യവഹാരങ്ങളോട് തികഞ്ഞ അതൃപ്തിയും പ്രകടമാക്കാറുണ്ട്. ഈ ചിന്തക്ക് പ്രധാനമായും കാരണമാകുന്നത് ജനാധിപത്യത്തില്‍ സംഭവിക്കുന്ന ജീര്‍ണതയാണ്. കൃത്യമായി നീതി നടപ്പാകുന്നില്ല. സര്‍വ മേഖലകളിലും രാഷ്ട്രീയ ആധിപത്യത്താല്‍ സംഭവിക്കുന്ന അഴിമതി. ഇതൊക്കെ ഉണ്ടാക്കുന്ന അസമത്വങ്ങള്‍ കണ്ട് മടുക്കുമ്പോഴാണ് ജനാധിപത്യത്തോട് നീരസം തോന്നുന്നത്.
ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണത പലരും ചൂണ്ടിക്കാട്ടിയതാണ്. അത് ന്യായവിധിക്ക് പകരം ഭരണകൂട താത്പര്യത്തിനനുസരിച്ച് വിധി ഉണ്ടാകുന്നു എന്നതാണ്. പ്രത്യേകിച്ചും കശ്മീര്‍ വിഷയത്തിലും അയോധ്യയിലെ ബാബരി മസ്ജിദ് കേസിലും ഉണ്ടായ വിധികള്‍ നമ്മുടെ ജനാധിപത്യ പ്രക്രിയക്ക് നല്‍കിയ ആഘാതം ചെറുതല്ല. ഭരണകൂടത്തിന്റെ താത്പര്യത്തിന് അനുസരിച്ച് വിധികള്‍ വരുമ്പോള്‍ ന്യായമായ നീതിയുടെ പക്ഷത്ത് ഉണ്ടാകുന്ന പരുക്കുകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുക സ്വാഭാവികമാണ്. കശ്മീരിലെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ അത് പുനഃസ്ഥാപിക്കേണ്ടതാണ്. ഇങ്ങനെ സംഭവിക്കാതിരിക്കുമ്പോള്‍ കോടതിയോടുള്ള വിശ്വാസത്തില്‍ കുറവ് അനുഭവപ്പെടുന്നു. ഇത് ഉണ്ടാക്കുന്ന അരക്ഷിതബോധം പെട്ടെന്ന് ജനങ്ങളെ അരാഷ്ട്രീയതയിലേക്ക് എത്തിക്കുന്നു. പിന്നീട് എങ്ങനെയെങ്കിലും നീതി നടപ്പായാല്‍ മതി എന്നവര്‍ ആഗ്രഹിക്കുന്നു. അപ്പോഴാണ് കൈയടി ഉണ്ടാകുന്നത്.
ബലാത്സംഗങ്ങളും അതിക്രമങ്ങളും ഒരു സാമൂഹിക പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഇര പിറന്നു വീണ പെണ്‍കുട്ടി മുതല്‍ വൃദ്ധകള്‍ വരെയാണ്. ലൈംഗിക അതിക്രമത്തിന് വിധേയമാകുന്ന ഇത്തരക്കാരില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമേ നിയമത്തിന് മുമ്പില്‍ എത്തുന്നുള്ളൂ. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം, സാമ്പത്തിക പശ്ചാത്തലം, മതപരമായ പിന്‍ബലം തുടങ്ങിയ വ്യത്യസ്തമായ ഘടകങ്ങള്‍ പ്രതികളെ നിയമത്തിന് മുമ്പില്‍ എത്തിക്കുന്നതിനെ തടയുന്ന ഘടകങ്ങളാണ്. ഇനി നിയമത്തിന് മുമ്പില്‍ എത്തിയാലും തെളിവിന്റെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന രീതിയില്‍ കേസിന്റെ ഗതിയെ മാറ്റാന്‍ പോലീസിന് കഴിയുന്നു. വാളയാര്‍ ഇതിന്റെ ഉത്തമ തെളിവാണ്. അതിന് മുമ്പ് രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേര് പരാമര്‍ശിക്കപ്പെട്ട എത്രയോ കേസുകള്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം കണ്ടുമടുത്ത സമൂഹത്തില്‍ രാഷ്ട്രീയ അധികാരി വര്‍ഗത്തിന് കാണാന്‍ കഴിയാത്ത ഒരു പൊതുബോധം രൂപപ്പെട്ടിട്ടുണ്ട്. ആ പൊതുബോധത്തെ പെട്ടെന്ന് സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്, നിയമ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവാണ്. നിയമം കൃത്യമായി പാലിക്കപ്പെടുകയാണെങ്കില്‍ അതുണ്ടാക്കുന്ന സാമൂഹിക സുരക്ഷിതത്വ ബോധം ചെറുതല്ല. ശിക്ഷിക്കപ്പെടേണ്ടവര്‍ രക്ഷപ്പെട്ടു പോകുമ്പോള്‍ ഇര അനുഭവിക്കുന്ന വേദനയും നിസ്സാരമല്ല. ഇത്തരം നീതിനിഷേധത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴാണ് കുറ്റാരോപിതരെ വെടിവെച്ച് കൊന്ന പോലീസ് തന്നെയാണ് ശരി എന്ന് ഭൂരിപക്ഷത്തിനും പറയേണ്ടി വരുന്നത്. അപ്പോഴും തകരുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസമാണ്.
നിലനില്‍ക്കുന്ന വ്യവസ്ഥയിലെ അതൃപ്തിയില്‍ നിന്നാണ് വ്യക്തികള്‍ നേരിട്ട് നിയമം നടപ്പാക്കാന്‍ തുടങ്ങുന്നത്. ഈ പ്രവണതയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. പ്രതി തെറ്റുകാരനാണോ എന്ന പ്രാഥമിക അന്വേഷണത്തിന് പോലും അവസരം നല്‍കാതെയാണ് വ്യക്തികളും പോലീസും അന്തിമ ശിക്ഷ നടപ്പാക്കുന്നത്. ഇത്തരം ശിക്ഷാ വിധിക്ക് കിട്ടുന്ന അംഗീകാരം ജനാധിപത്യത്തിന് നല്‍കുന്ന പരുക്കുകളെ കുറിച്ച് നാം അത്ര ബോധവാന്മാരല്ലെന്ന് തോന്നുന്നു. തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളിലെ കുറ്റാരോപിതര്‍ ഏറ്റുവാങ്ങുന്ന ഓരോ വെടിയുണ്ടയും യഥാര്‍ഥത്തില്‍ ഭരണഘടനക്കും ജനാധിപത്യത്തിനുമാണ് ഏല്‍ക്കുന്നത്. അത് തിരിച്ചറിയാന്‍ കഴിയാത്തതു വരെ പോലീസ് ഓഫീസര്‍ക്ക് കൈയടി കിട്ടിക്കൊണ്ടിരിക്കും.
(ചിത്രത്തിന് കടപ്പാട്: ഫസ്റ്റ് പോസ്റ്റ്)