National
ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞുവരുമ്പോള്‍ എന്തിനാണ് വധശിക്ഷ? ചോദ്യവുമായി നിര്‍ഭയ കേസ് പ്രതി

ന്യൂഡല്‍ഹി: മനുഷ്യന്റെ ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞുവരുന്ന ഒരുകാലത്ത് എന്തിനാണ് വധിക്കുകയെന്ന ശിക്ഷാവിധി തുടര്‍ന്നു കൊണ്ടുപോകുന്നതെന്ന് സുപ്രീം കോടതിയോട് നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി. 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന
കേസിലെ നാലു പ്രതികളിലൊരാളായ അക്ഷയ് സിംഗാണ് പുനപ്പരിശോധനാ ഹരജിയില്‍ കോടതിയോട് ഈ ചോദ്യമുന്നയിച്ചത്. ഡല്‍ഹിയില്‍ വായു-ജല മലിനീകരണത്തിന്റെയും പ്രശ്‌നങ്ങള്‍ 32കാരനായ അക്ഷയ് സിംഗ് തന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ജീവിതം ചുരുങ്ങി ചുരുങ്ങി വരികയാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് വധശിക്ഷ നല്‍കുന്നത്. സത് യുഗത്തില്‍ മനുഷ്യര്‍ ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്നും എന്നാല്‍ ഇനി അങ്ങനെയൊരു കാലം ഉണ്ടാകാന്‍ പോകുന്നില്ലെന്നും വേദവും പുരാണവും ഉപപനിഷത്തുകളുമെല്ലാം ഉദ്ധരിച്ചുള്ള ഹരജിയില്‍ പറഞ്ഞു. നീതിയുടെ പേരില്‍ ആസൂത്രിതവും ക്രൂരവുമായ കൊലപാതകമാണ് രാജ്യം വധശിക്ഷയിലൂടെ നടപ്പിലാക്കുന്നത്. മനുഷ്യന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നതിന് പകരം അവയെ ലഘൂകരിച്ചു കാണാനാണ് ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ നിയമ സംവിധാനത്തില്‍ വ്യവസ്ഥാനുസൃതമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്ന ഹരജിയില്‍ അക്രമത്തെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനുതകുന്നതാകണം ശിക്ഷയെന്നും നിര്‍ദയവും ക്രൂരവുമായ നടപടിയാകരുതെന്നും പറഞ്ഞു.
വീട്ടിലേക്കു മടങ്ങുകയായിരുന്ന 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ അക്ഷയ് സിംഗും മറ്റു മൂന്നു പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു. നാലുപേര്‍ക്കും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്ന മറ്റു പ്രതികള്‍. ഇവരില്‍ അക്ഷയ് സിംഗ് ഒഴികെയുള്ളവര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.