Connect with us

National

പൗരത്വ ബില്ലിനെ പിന്തുണക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നു: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പൗരത്വ ഭേദഗതി ബില്ലിനെയും ലോക്‌സഭയില്‍ ഇതിന് പിന്തുണ നല്‍കി കക്ഷികളേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. പൗരത്വ ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു. ഇതിനെ പിന്തുണക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു.

അങ്ങേയറ്റം ഇടുങ്ങിയ ചിന്താഗതിയിലൂടെ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ലോക്‌സഭയില്‍ സര്‍ക്കാര്‍ പാസാക്കിയതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ആരോപിച്ചു. നമ്മുടെ പൂര്‍വ്വികര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനായി അവരുടെ രക്തം നല്‍കി. ആ സ്വാതന്ത്ര്യത്തിലൂടെ സമത്വത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവുമായിരുന്നു അവര്‍ നമുക്ക് നല്‍കിയത്. നമ്മുടെ ഭരണഘടനയും നമ്മുടെ പൗരത്വവും ശക്തവും ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങളും എല്ലാവരുടേതുമാണ്.

നമ്മുടെ ഭരണഘടനയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനും നമ്മുടെ രാജ്യം പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത അടിസ്ഥാനപരമായ ആശയം ഇല്ലാതാക്കുന്നതിനുമുള്ള ഈ സര്‍ക്കാറിന്റെ അജന്‍ഡക്കെതിരെ നമ്മള്‍ പോരാടിയേ തീരൂവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.