പൗരത്വ ബിൽ:  വിഭജനം ആവർത്തിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം: കാന്തപുരം

മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് അപമാനം
Posted on: December 9, 2019 11:35 pm | Last updated: December 10, 2019 at 10:37 am


കൽപ്പറ്റ | മതത്തെ പൗരത്വം നൽകുന്നതിനുള്ള മാനദണ്ഡമാക്കി മാറ്റുന്നതിലൂടെ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങൾക്ക് അരങ്ങൊരുങ്ങുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഈസ്റ്റ് കെല്ലൂർ അഞ്ചാം മൈലിൽ സുന്നി സംഘടനകൾ ചേർന്ന് നിർമിച്ച അൽ ഹുദാ എജ്യൂക്കേഷനൽ സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തി പ്രദേശങ്ങളിലെ കുടിയേറ്റം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും എന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്‌ലിം സമുദായത്തെ നാടുകടത്തപ്പെടുകയായിരിക്കും പരിണിതി.

കുടിയേറ്റങ്ങളിലൂടെയാണ് മനുഷ്യ സമൂഹം രൂപം കൊണ്ടതും വളർച്ച പ്രാപിച്ചതും. ഈ വസ്തുത അംഗീകരിക്കുന്നതിനും മുഴുവൻ കുടിയേറ്റക്കാരെ മനുഷ്യരായി പരിഗണിക്കുന്നതിനും പകരം മതത്തിന്റെ പേരിൽ കുടിയേറ്റക്കാരോട് വിവേചനം കാണിക്കുന്നത് രാജ്യത്തിന് അപമാനമാണ്.1947ൽ ജിന്നയെയും വിഭജനത്തെയും എതിർത്തുകൊണ്ടാണ് ഇന്ത്യയിൽ തുടരാൻ മുസ്‌ലിംകൾ തീരുമാനിച്ചത്.

ആ നിലപാടാണ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലവും ഇന്ത്യൻ മുസ്‌ലിംകൾ തുടർന്നു പോന്നത്. എന്നാൽ അതേ വിഭജനത്തിന്റെ ക്രൂരമായ ആവർത്തനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
വിഭജനത്തെ എതിർത്ത ഗാന്ധിജിയുടെ 150ാം ജന്മദിനം വലിയ തോതിൽ ആഘോഷിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളെ അവമതിക്കുന്ന സമീപനവും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.