Connect with us

National

പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷ എതിര്‍പ്പിനെ വോട്ടിനിട്ട് തോല്‍പ്പിച്ച്‌ ദേശീയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലവതരണത്തെ 293 പേര്‍ പിന്തുണച്ചപ്പോള്‍ 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസ്, സി പി എം, ഡി എം കെ, എന്‍ സി പി, മുസ്ലിംലീഗ് പാര്‍ട്ടികള്‍ ബില്‍ അവതരണത്തെ എതിര്‍ത്തു.

എന്നാല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പുതിയ സഖ്യകക്ഷിയായ ശിവസേന ബില്‍ അവതരണത്തെ അനുകൂലിച്ചു. നേരത്തെ പൗരത്വ ബില്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതാണെന്ന് ശിവസേന അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ അവതരണത്തിന് അനുകൂലമായി അവര്‍ വോട്ട് ചെയ്യുകയായിരുന്നു.

ബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ ലോക്‌സഭയില്‍ തുടരുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രാജ്യത്തിന്റെ മതേതരഘടനക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതാണ് ബില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങളില്‍നിന്നും ആഭ്യന്തരമന്ത്രിയില്‍നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പറഞ്ഞാണ് അസദുദ്ദീന്‍ ഉവൈസി പ്രസംഗം ആരംഭിച്ചത്. ഇങ്ങനെയാണെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്‌ലറിനൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ഭാഷ സഭയില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു. ഉവൈസിയുടെ പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കര്‍ പറഞ്ഞു.

എന്‍ കെ പ്രേമയചന്ദ്രന്‍, ഇ ടി മുഹമ്മദ് ബശീര്‍, തൃണമൂല്‍ നേതാവ് സുഗത റോയ്, അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകള്‍ തുടരുകയണ്.

ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അവതരണാനുമതി തേടിയുള്ള പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്നും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം നടത്തിയത് കോണ്‍ഗ്രസാണ്. സ്വാതന്ത്ര്യത്തിന് ശേഷം മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

 

---- facebook comment plugin here -----

Latest